കവി കടമ്മനിട്ടയുടെ ഓർമ്മദിനം

സംഗീതത്തിന്റെ വഴിയിലൂടെ കവിതയെ ആസ്വദിക്കാൻ മലയാളികളെ പഠിപ്പിച്ച മലയാള കവിതയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച ജനകീയകവി മലയാളികളുടെ അഭിമാനമായിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ. സ്വന്തം കവിതാലാപന ശൈലിയിലൂടെ കവിയരങ്ങുകള്‍ക്ക്‌ ജീവന്‍ പകര്‍ന്നിരുന്ന അദ്ദേഹം കവിതകളിലൂടെ സാധാരണക്കാരില്‍ സ്വാധീനം ചെലുത്താനും കഴിഞ്ഞു. കവിതയ്ക്ക് എന്തുമാത്രം തീവ്രതയുണ്ട് എന്ന് മലയാളിയ്ക്ക് മനസ്സിലാക്കിക്കൊടുത്ത കടമ്മനിട്ട ‘നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ….’ എന്നു പറയുന്നതിലെ ആ കാട്ടാളൻ ഈ കാവ്യകാരന്റെ അകത്ത് ഉണ്ടായിരുന്നു.

ഇത്ര തീവ്രതയോടെ ഭാഷ ഉപയോഗിച്ച, താളത്തെ ഇങ്ങനെ സന്നിവേശിപ്പിച്ച ഒരു കവി മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇടശ്ശേരിക്കും വൈലോപ്പിള്ളിക്കും ശേഷം, ഏറ്റവും മികച്ചത് എന്ന് പറയാവുന്ന കവിതകള്‍ ഏറ്റവുമധികം എഴുതിയ കവി കടമ്മനിട്ട തന്നെയാവും. ചലച്ചിത്ര ഗാനങ്ങള്‍ കഴിഞ്ഞാല്‍ മലയാളികള്‍ ഏറെ ആത്മബന്ധത്തോടെ കേട്ട സ്വരം കടമ്മനിട്ടയുടേതാണ്. എഴുപതുകളിലും എണ്‍പതുകളിലും ജീവിച്ച ഒരാള്‍ക്ക് കവിതയെ സംബന്ധിച്ച അവസാന വാക്ക് അന്നും ഇന്നും കടമ്മനിട്ട തന്നെ. തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ നരേന്ദ്രപ്രസാദ്, കാവാലം, കൈതപ്രം, മുരളി എന്നിവരുടെ സൌഹൃദ സംഘത്തില്‍ അംഗമായിരുന്നു. വർണങ്ങളും താളങ്ങളും ഈണങ്ങളും ചലനങ്ങളും മാന്ത്രികമായ കരുത്തോടെ ഇളകിയാടുന്ന സാമൂഹികാനുഷ‌്ഠാനമായ പടയണി കടമ്മനിട്ടയുടെ കവിവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിൽ 1935 മാർച്ച് 22ന് പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായരുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമായ കടമ്മനിട്ട ഗ്രാമത്തിൽ ജനിച്ച രാമകൃഷ്ണന്റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി.

ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959 ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992 ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി. 1960 കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതിയെ വർണ്ണിച്ച് കവിതകൾ രചിച്ചപ്പോൾ മനുഷ്യജീവിതത്തെ ആസ്പദമാക്കിയ കവിതകളായിരുന്നു കടമ്മനിട്ടയുടേത്.

1996ല്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യ ലോകത്ത് ശ്രദ്ധേയനായത്. 1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976 ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ ഏറെ വിജയം നേടി. 2008 മാർച്ച് 31ന് അന്തരിച്ചു.

കൃതികൾ : കുറത്തി, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം), സൂര്യശില (ഒക്ടാവിയോ പാസിന്റെ, “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം), കോഴി, കാട്ടാളൻ.

Leave a Reply

Your email address will not be published. Required fields are marked *