‘പ്രകൃതികൃഷിയുടെ ആചാര്യന്‍’ മസനൊബു ഫുക്കുവോക്ക

ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക. മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷിരീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി.

‘രാസവള പ്രയോഗത്തിലൂടെ സസ്യത്തെ ഉത്‌പന്ന ഫാക്ടറികളാക്കി മാറ്റുന്ന പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിന്‌ എതിരെ ലോകത്തില്‍ ഉയര്‍ന്ന ബദല്‍ ശബ്ദമായിരുന്നു ഫുക്കുവോക്ക.

ലോകം ജൈവകൃഷിയുടെയും പ്രകൃതി കൃഷിയുടേയും വഴിയിലേക്ക്‌ ചിന്തിച്ചു തുടങ്ങുമ്പോഴാണ്‌ ഫുക്കുവോക്ക കര്‍ത്തവ്യം പൂര്‍ത്തിയാക്കി തൊണ്ണൂറ്റിയഞ്ചാം വയസില്‍ മടങ്ങുന്നത്‌. ഫുക്കുവോക്ക തുറന്നിട്ട വഴി ലോകത്തിന്‌ അതുകൊണ്ട്‌ തന്നെ പ്രകൃതിയിലേക്കുള്ള മടക്കയാത്രക്ക്‌ ഉപകരിക്കുന്നു.

കൃഷി എന്നത്‌ ഫുക്കുവോക്കക്ക്‌ ഒരു ആത്മീയ യാത്രയായിരുന്നു. തെക്കന്‍ ജപ്പാനിലെ കാര്‍ഷിക ഗ്രാമമായ ഷിക്കോക്കുവില്‍ 1913നായിരുന്നു ഫുക്കുവോക്കയുടെ ജനനം. കൃഷിക്ക്‌ ഒപ്പം മൈക്രോബയോളജിയും പഠിച്ചു. സസ്യരോഗത്തില്‍ ഊന്നല്‍ നല്‌കുന്ന മണ്ണുഗവേഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എന്നാല്‍ ഇരുപതത്തിയഞ്ചാം വയസുമുതല്‍ തന്നെ ‘ആധുനിക കാര്‍ഷിക രീതിയുടെ അത്ഭുതങ്ങളില്‍’ ഫുക്കുവോക്ക സംശയിക്കാന്‍ ആരംഭിച്ചു.ലോകത്ത്‌ പടിഞ്ഞാറന്‍ വ്യവാസായിക വിപ്ലവം ആഞ്ഞടിക്കുന്ന കാലമായിരുന്നു അത്‌. ജപ്പാന്‍ കര്‍ഷകര്‍ പ്രാചീന കാര്‍ഷിക സമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച്‌ വന്‍ വിളവ്‌ ലക്ഷ്യം വച്ച്‌ പടിഞ്ഞാറന്‍ ശൈലിയിലേക്ക്‌ കുടിയേറുകയായിരുന്നു അപ്പോള്‍. പ്രകൃതിയോടുള്ള മനുഷ്യന്‍റെ ഉത്തരവാദിത്വം ഉപേക്ഷിക്കുന്നതാണ്‌ കാര്‍ഷികരംഗത്തെ പടിഞ്ഞാറന്‍ അധിനിവേശമെന്ന്‌ ഫുക്കുവോക്ക തിരിച്ചറിഞ്ഞു. ഫുക്കുവോക്ക ജോലി രാജിവച്ച്‌ പിതാവിന്‍റെ കൃഷിസ്ഥലത്തേക്ക്‌ യാത്രയാകുകയായിരുന്നു പിന്നീട്‌.മുപ്പത്‌ വര്‍ഷങ്ങള്‍ വേണ്ടി വന്നു ഫുക്കുവേയ്‌ക്ക്‌ താന്‍ വിശ്വസിച്ച കൃഷിരീതി പടിഞ്ഞാറന്‍ രീതിയേക്കാള്‍ മികച്ചതാണെന്ന്‌ ജീവിതത്തിലൂടെ തെളിയിക്കാന്‍. മണ്ണ്‌സംസ്‌കരണത്തിന്‍റെ ആധുനിക രീതികളൊന്നും ഇല്ലാതെ സ്വന്തം മണ്ണില്‍ ഫുക്കുവോക്ക പൊന്ന്‌ വിളയിച്ചു. മണ്ണ്‌ ഇളക്കിമറിക്കലോ, യന്ത്രവത്‌കൃത ഉഴച്ചിലോ രാസവളങ്ങളോ കീടനാശിനികളോ വിത്ത്‌ കോശ പരിവര്‍ത്തനമോ ഇല്ലാതെ തൊട്ടടുത്തുള്ള ആധുനിക കാര്‍ഷിക ഇടത്തേക്കാള്‍ മികച്ച പ്രകൃതിയുടെ മനസിനൊത്ത്‌ പ്രവര്‍ത്തിക്കുന്ന വിളകളാണ്‌ ഫുക്കുവോക്ക മണ്ണില്‍ പാകിയത്‌. മണ്ണ്‌ സംസ്‌കരിക്കാനും ഊര്‍ജ്ജവത്താക്കാനും മണ്ണിരകളെ തന്നെ ചുമതലപ്പെടുത്തി.

പ്രകൃതിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫുക്കുവോക്കയുടെ ആദ്യാനുഭവം 1975ല്‍ ‘ഒറ്റവൈക്കോല്‍ വിപ്ലവം’ എന്ന പുസ്‌തകത്തിലൂടെ ലോകം അറിഞ്ഞു. കൃഷിയുടെ ജൈവരീതിയെ കുറിച്ച്‌ ലോകം തിരിച്ചറിഞ്ഞത്‌ ഈ പുസ്‌തത്തിലൂടെയായിരുന്നു. കൃഷിയുടെ പ്രകൃതിവഴി, പ്രകൃതിയിലേക്കുള്ള മടക്കുവഴി എന്നീ പുസ്‌തകങ്ങളും തുടര്‍ന്ന്‌ പുറത്തു വന്നു. ഒറ്റ വൈയ്ക്കോൽ വിപ്ലവം (“The One-Straw Revolution”) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്

പ്രകൃതിയില്‍ താന്‍ നടത്തിയ പരീക്ഷണങ്ങള്‍ ലോകത്തെ അറിയിക്കുന്നതിനുള്ള യാത്രകളിലായിരുന്നു ഫുക്കുവോക്ക 1979വരെ, നാച്യുറല്‍ ഫാമിങ്ങ്‌ സമ്പ്രദായം ലോകത്തെങ്ങും പരക്കുന്നത്‌ ഫുക്കുവോക്കയുടെ ഈ യാത്രകളിലൂടെയാണ്‌. നാല്‌പതുകളില്‍ യൂറോപ്പിലും അമേരിക്കയിലും ആരംഭിച്ച ജൈവകൃഷി പ്രസ്ഥാനത്തിന്‌ സമാനമായ മുന്നേറ്റമാണ്‌ ഫുക്കുവോക്ക ജപ്പാനില്‍ തുടക്കമിട്ടത്. ജൈവകൃഷിയിലെ ആത്മീയവഴിയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്‌. ജൈവകൃഷിയേക്കാള്‍ വ്യത്യസ്ഥമായ വഴിയായിരുന്നു ഫുക്കുവോക്കയുടെ പ്രകൃതി കൃഷിരീതി.“ജൈവകൃഷിയും പ്രകൃതി കൃഷിയും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും മനസിലായിട്ടില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ശാസ്‌ത്രീയ കൃഷിയും ജൈവകൃഷിരീതിയും എല്ലാ അര്‍ത്ഥത്തിലും സമീപനത്തില്‍ ശാസ്‌ത്രീയ നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. ഇവയുടെ അതിരുകളാകട്ടെ തിരിച്ചറിയാന്‍ കഴിയാത്തതും ആണ്‌”-ഫുക്കുവോക്ക ‘റോഡ്‌ ബാക്ക്‌ ടു നേച്ചര്‍’ എന്ന പുസ്‌തകത്തില്‍ പറയുന്നു.പ്രകൃതിസാഹചര്യങ്ങള്‍ പരമാവധി ഒരുക്കി കൊടുത്ത്‌ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഫുക്കുവോക്കയുടെ രീതി. 1988ല്‍ ദേശികോത്തം പുരസ്‌കാരവും രാമോണ്‍ മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചു. 1997ല്‍ ഏര്‍ത്ത്‌ കൗണ്‍സില്‍ പുരസ്‌കാരം ലഭിച്ചു.

ഫുക്കുവോക്കയെ സംബന്ധിച്ചിടത്തോളം കൃഷിയുടെ പ്രാഥമിക ലക്‍ഷ്യം ഭക്ഷണം കണ്ടെത്തുക എന്നതായിരുന്നില്ല മറിച്ച്‌ മനുഷ്യരാശിയുടെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *