കുറഞ്ഞ സ്പെസിൽ ഒരുക്കാം – വെർട്ടിക്കൽ ഗാർഡൻ

ഗാർഡനുകൾ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലപ്പോഴും സ്ഥലപരിമിതിയും സൗകര്യ കുറവുമാണ് നമ്മുടെ ഇത്തരം സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്. എന്നാൽ ഇനി മടിക്കേണ്ട. കുറഞ്ഞ സ്പേസിൽ ഗാർഡനുകൾ ഒരുക്കാവുന്ന രീതിയാണ് വെർട്ടിക്കൽ ഗാർഡൻ. വീടിന്റെ അകത്തളങ്ങൾ പച്ചപ്പിനെ മനോഹാരിത നൽകുന്ന പൂന്തോട്ട സങ്കല്‍പ്പമാണിത് . പലപ്പോഴും വീടിനോട് ചേർന്ന് ഗാർഡൻ വേണമെന്നുണ്ടെങ്കിലും പലരുടെയും സ്വപ്‌നങ്ങൾക്കു മുന്നിൽ സ്‌ഥലപരിമിതി തടസ്സം സൃഷ്‌ടിക്കുന്നു. പ്രത്യേകിച്ചും ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരെ സംബന്ധിച്ചാണെങ്കിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ട് വീടിനോട് ചേർന്ന് ഒരു മനോഹരമായ ഗാർഡൻ ഒരുക്കണമെന്ന ആഗ്രഹത്തിനോട് തന്നെ
ഗുഡ് ബൈ പറയേണ്ട സാഹചര്യമാണ്.


എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ യുള്ള ഉത്തരമാണ് വെർട്ടിക്കൽ ഗാർഡൻ. വീട്ടിൽ പച്ചപ്പും അഴകും സമ്മാനിക്കണമെന്നു കൊതിക്കുന്നവർക്ക് ആശ്വാസമാവുകയാണ് വെർട്ടിക്കൽ ഗാർഡനുകൾ.കൂടുതലും വിദേശനാടുകളിലും ഡൽഹി, ബോംബൈ, ബാംഗ്ലൂർ എന്നീ മെട്രോ നഗരങ്ങളിലും മാത്രം വ്യാപകമായിരുന്ന വെർട്ടിക്കൽ ഗാർഡനുകൾക്ക് ഇന്ന് കേരളത്തിലും പ്രചാരമേറുകയാണ്.

മലേഷ്യ, സിംഗപ്പൂർ, തായ്‌ലാന്‍റ് എന്നിവിടങ്ങളിലൊക്കെ തന്നെ വ്യാപകമായ വെർട്ടിക്കൽ ഗാർഡനുകളെ കേരളത്തിനു പരിചയപ്പെടുത്തുന്നത് ഇൻഡോർ ഗ്രീൻ കൺസെപ്‌റ്റിന്‍റെ ഡയറക്‌ടറായ വെണ്ണല സ്വദേശി ഹനീഫാണ്. “പോട്ടിംഗ് സാന്‍റ് മിക്‌സ് ചെയ്‌ത് അതിൽ ചെടി വച്ചുപിടിപ്പിച്ചുകൊണ്ട് മനോഹരമായ ഒരു വെറുപ്പിക്കൽ കാർഡ് നിർമ്മിക്കുന്നു.മൂന്ന് ചെടികൾ അടങ്ങിയ ഒരു മോഡ്യൂളിന് 850 രൂപ മുതൽ വില വരും. കൊകൊപീറ്റും ഈ പോട്ടിൽ മിക്‌സ് ചെയ്യുന്നുണ്ട്. ആവശ്യക്കാരുടെ താല്പര്യമനുസരിച്ച് ചുമരിൽ പിടിപ്പിക്കാവുന്ന തരത്തിലും സ്‌റ്റാന്‍റിൽ വയ്‌ക്കാവുന്ന രീതിയിലും വെർട്ടിക്കിൾ ഗാർഡനുകൾ ലഭ്യമാണെന്ന് ഹനീഫ് പറയുന്നു.

ചെറിയ ഇടങ്ങൾ പോലും പരമാവധി പ്രയോജനപ്പെടുത്തി ഭിത്തികളിലും മറ്റും വെർട്ടിക്കലായി ഒരുക്കാൻ സാധിക്കുന്നവയാണ് ഈ ഗാർഡനുകൾ. ഫ്‌ളാറ്റുകൾക്കും മറ്റ് സ്‌ഥലസൗകര്യം കുറവുള്ള നിർമ്മിതികൾക്കും ഓഫീസ് കെട്ടിടങ്ങൾക്കുമൊക്കെ ഏറെ അനുയോജ്യമാണ് വെർട്ടിക്കൽ ഗാർഡൻ. ഭിത്തികളിൽ ഘടിപ്പിക്കാവുന്ന മൂന്നു കപ്പുകളുള്ള മോഡ്യൂളുകളാണ് ഇതിന്‍റെ അടിസ്‌ഥാനം.

പോളി പ്രൊപ്പിലിൻ കൊണ്ട് നിർമ്മിച്ച ഈ കപ്പുകളിൽ ചകരിച്ചോറ് നിറച്ചാണ് ചെടി നടുന്നത്. സിങ്കോണിയം, ഫിലോഡെൻ ഡ്രോൺ, ബ്രോമിലിയാർഡ്‌സ്, റിയോ, ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്‌പരാഗസ് ഫേൺസ്, ബോസ്‌റ്റോൺ ഫേൺസ് തുടങ്ങിയ ചെടികളാണ് വെർട്ടിക്കൽ ഗാർഡനിൽ സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം പോളി പ്രൊപ്പിലിൻ നിർമ്മിതമായ നിരവധി മോഡ്യൂളുകൾ ചേർത്തു വെച്ച് കസ്‌റ്റമേഴ്‌സിന്‍റെ ആവശ്യാനുസരണം വലിപ്പമേറിയ വെർട്ടിക്കൽ ഗാർഡൻ വാളുകൾ വരെ നിർമ്മിക്കാം. ഇവിടെ ചെടികൾക്ക് വെള്ളവും വളവും സ്‌പ്രേ ചെയ്‌തു നൽകുകയാണ് ചെയ്യുന്നത്. അധികമായി വരുന്ന വെള്ളം ശേഖരിക്കാൻ ഒരു ചാലും ഈ മോഡ്യൂളുകളുടെ അടിയിലായി നൽകും. ഭിത്തിയിൽ മാത്രമല്ല, ലിവിംഗ്- ഡൈനിംഗ് പാർട്ടീഷൻ, ഓഫീസ് റിസപ്‌ഷൻ ഏരിയ എന്നു തുടങ്ങി വ്യക്‌തികളുടെ മനോധർമ്മം പോലെ എവിടെ വേണമെങ്കിലും വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം.

വെർട്ടിക്കൽ ഗാർഡന്‍റെ ഗുണങ്ങൾ

വെർട്ടിക്കൽ ഗാർഡനുകൾ ആരോഗ്യകരമായ ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ട്.
• ഈ ചെടികൾ വായുവിലെ ടോക്‌സിനെ നീക്കം ചെയ്യുന്നു, കൂടാതെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

• അനാരോഗ്യകരമായ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജൻ പുറത്തു വിടുന്നു.

• ഏതു തിരക്കേറിയ എവിടെയാണെങ്കിലും പരിമിതമായ സ്ഥലം പ്രയോജനപ്പെടുത്തി കൊണ്ട് പ്രകൃതി സൗഹാർദ്ദമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ ഇവയ്ക്ക് കഴിയും.
• വീടുകൾ, ഷോപ്പുകൾ, ഫ്‌ളാറ്റുകൾ, ഓഫീസ്, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം.

• അർബൻ ഏരിയകൾക്ക് പച്ചപ്പിന്‍റെ ബദൽ പേരുകളാവാൻ ഇവയ്‌ക്കു സാധിക്കും.

• കൂടാതെ എല്ലാ ചെടികളും തണലിൽ വളരുന്നവയാണ്.

• ഇംപോർട്ടഡ് പോട്ടിംഗ് സോയിലിൽ നട്ട രീതിയിലാണ് ഈ ഇംപോർട്ടഡ് പ്ലാന്‍റുകൾ ലഭിക്കുക. ഇവയ്‌ക്ക് അധികം വെള്ളം വേണ്ട. വെള്ളം സ്‌പ്രേ ചെയ്‌തു കൊടുത്താൽ തന്നെ മതിയാവും.

• വെർട്ടിക്കലായി വളരുന്നതു കൊണ്ട് പ്രാണിശല്യം, കളശല്യം എന്നിവ ഇവയെ ബാധിക്കുന്നില്ല. അതുകൊണ്ടു തന്നെ യാതൊരുവിധ പെസ്‌റ്റിസൈഡുകളും കെമിക്കലും ചെടികളിൽ അടിക്കേണ്ടതായും വരുന്നില്ല.

• വെർട്ടിക്കൽ ഗാർഡനുകൾ വെയ്‌ക്കുന്ന ഒരു മുറിയിൽ മറ്റു മുറികളെ അപേക്ഷിച്ച് 7 മുതൽ 10 ഡിഗ്രി വരെ ചൂട് കുറവായിരിക്കും. അതായത് ഇവയ്ക്ക് അന്തരീക്ഷ താപനില കുറയ്ക്കുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *