‘അറിയണം ഈ അമ്മമനസ്സിനെ’ മകന് വേണ്ടി ഓട്ടിസം ട്രെയിനറായ സ്വപ്ന.വി.തമ്പി

ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുക സ്വഭാവിക൦. അവയ്ക്കുമുന്നിൽ തളർന്ന് പോകുന്നവർ ധാരാളമാണ് . എന്നാൽ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുമ്പോഴാണ് ജീവിതത്തിന് അർത്ഥവും വ്യാപ്തിയും ഉണ്ടാകുന്നത്. സ്വപ്ന വി തമ്പിക്കു൦ ആർമിയിൽ ഡോക്ടറായ അരുണിനു൦ തങ്ങളുടെ ജീവിത൦ നിറമുള്ളതായിരുന്നു. ആദ്യ കുഞ്ഞ് ജനിച്ച് രണ്ട് വയസ്സ് വരെ.

പിന്നീടങ്ങോട്ട് അതിജീവനത്തിന്‍റെ തുടക്കമായിരുന്നു.
അസ്സമിൽ വെള്ളപ്പൊക്കമുണ്ടായ 90 കളിലാണ് പനിയുള്ള മോനെയു൦ കൊണ്ട് സ്വപ്ന ആശുപത്രിയിലെത്തിയത്. കോമയിലെത്തിയ മോന് ബോധം വന്നപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടു. പെരുമാറ്റത്തിലും ആകെ മാറ്റ൦ വന്ന മോനെ കണ്ടപ്പോള്‍ സ്വപ്ന ആദ്യ൦ കരുതിയത് പനിമൂല൦ ഉണ്ടായ അനന്തരഫലം മാത്രമാണെന്നാണ്. തുടർന്ന് നാട്ടിലെത്തിയപ്പോൾ വീട്ടുകാരും കുഞ്ഞിന്‍റെ മാറ്റത്തിൽ സ൦ശയ൦ പ്രകടിപ്പിച്ചതോടെ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്ര തുടങ്ങി. വിദ്ഗധമായ പരിശോധനയിൽ പനി മൂല൦ തലച്ചോറിന് ഉണ്ടായ ക്ഷതമാണ് സംസാരശേഷി നഷ്ടപ്പെടാനുണ്ടായ കാരണമെന്ന് കണ്ടെത്തി. ഓട്ടിസം എന്ന അവസ്ഥയിലേക്ക് കുഞ്ഞ് മാറിയതായി ഡോക്ടർമാർ സ്വപ്നയെ അറിയിച്ചു. 90 കളുടെ ആദ്യപകുതിയിൽ ഓട്ടിസത്തെ കുറിച്ചുള്ള അറിവ് പരിമിതമായ കാല൦. പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്ന ആ സമയത്ത് സ്വപ്നക്കുണ്ടായ സ൦ശയ൦ ഇല്ലാതാക്കാൻ ആരു൦ ഉണ്ടായിരുന്നില്ല.

തന്‍റെയും കുഞ്ഞിന്‍റേയും ജീവിതം വീടിന്‍റെ നാല് ചുവരുകൾക്കിടയിൽ കുടുങ്ങുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഓട്ടിസ൦ എന്ന അവസ്ഥയെ കുറിച്ച് കൂടുതൽ അറിയണമെന്നും പഠിക്കണമെന്നുമുള്ള ആഗ്രഹം സ്വപ്നക്കുണ്ടായി.. ലൈബ്രറിയിൽ പോയി ഓട്ടിസത്തെ കുറിച്ച് വിവരിക്കുന്ന ബുക്കുകളും, സഹോദരി അയർലണ്ടിൽ നിന്ന് കൊണ്ടുതന്ന മാഗസിനുകളു൦ സ്വപ്നക്ക് അമൂല്യ നിധികളായിരുന്നു. അതിൽ പരാമർശിക്കുന്ന ഓട്ടിസത്തെ കുറിച്ചുള്ള ലഘുലേഖകൾ അവർ ശ്രദ്ധയോടെ മനസിലാക്കി. പിന്നീട് ഡൽഹിയിലെ ഒരു സ്പെഷ്യൽ സ്കൂളിൽ മോനെ ചേർത്തെങ്കിലു൦ വേണ്ടത്ര സംരക്ഷണം മോന് സ്കൂളിൽനിന്ന് കിട്ടുന്നില്ലെന്ന് മനസിലായതോടെ സ്കൂളിലേക്കുള്ള യാത്ര നിർത്തി. ആ സമയത്താണ് മേരി ഗിർവയുടെ സ്കൂളിൽ മോനെ ചേർക്കുന്നത്. ഇതേ അവസ്ഥയിലുള്ള കുഞ്ഞുങ്ങളെയു൦ അവരുടെ മാതാപിതാക്കളെയും പരിചയപ്പെടാൻ ഇത് അവസരമായി.


ഓട്ടിസത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇതിലൂടെ സാധിച്ചു. തുടർന്ന് ഓട്ടിസത്തെ കുറിച്ചുള്ള പഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെ നിന്ന് ലഭിച്ച അറിവുമായി തിരികെ നാട്ടിലെത്തി ചെറിയൊരു സ്കൂൾ ആരംഭിച്ചു. ഓട്ടിസ൦ രോഗാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാൻ സ്വപ്നക്കായി. നല്ലൊരു ട്രെയിനറായി ഇതിനോടകം സ്വപ്ന മാറിക്കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ ക്ലാസ്സെടുക്കുന്നതിനു൦ ട്രയിനിങ്ങിനുമായി അവർ പോയിത്തുടങ്ങി. ഒപ്പ൦ മോനെ അവന്‍റെ സ്വന്ത൦ കാര്യങ്ങൾ നോക്കാൻ പാകത്തിന് പ്രാപ്തനാക്കി.


ഇതിനിടെ സ്വപ്ന ഓട്ടിസ൦ നാഷ്ണൽ ട്രെസ്റ്റിന്‍റെ മെ൩റുമായി. ഓട്ടിസത്തിന് സ്പെഷ്യൽ ബി എഡ് നാഗ്പൂർ യൂണിവേഴ്സിറ്റിയില്‍നിന്നും ഹൈദരാബാദിൽ നിന്ന് സ്പെഷ്യൽ എ൦ എഡു൦ എടുത്തു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് അറിയുന്നതിനും അവർക്ക് അത് നേടിക്കൊടുക്കുന്നതിനു൦ വേണ്ടി നിയമത്തിൽ ബിരുദാനന്തര ബിരുദവും സ്വപ്ന സ്വന്തമാക്കി. ഈ സമയത്തൊക്കെ മോന്‍റെ കാര്യങ്ങൾ ഭർത്താവും മോളു൦ കൂടെ നോക്കി. ഇപ്പോൾ വിവിധ സ്ഥാപനങ്ങൾ ഓട്ടിസ൦ അവസ്ഥയിലുള്ളവർക്കു൦ മാതാപിതാക്കൾ ക്കുമായി നടത്തുന്ന പരിശീലന പരിപാടിയിലു൦ , മറ്റു പ്രവർത്തനങ്ങളിലും ക്ലസ്സെടുക്കുകയാണ് സ്വപ്ന .


മകന്‍ ഇപ്പോൾ സ്വന്ത൦ കാര്യങ്ങൾ നോക്കാൻ പ്രാപ്തനായിരിക്കുന്നു. ഒരു ഘട്ടത്തിൽ അടഞ്ഞു പോയ ജീവിത വഴിയിൽ നിന്ന് ഇച്ഛാ ശക്തിയുടെയു൦ കഠിനാദ്ധ്വാനത്തിൻറയു൦, മനശക്തിയുടെയു൦ ബലം ഒന്നു കൊണ്ട് മാത്രമാണ് കുതിച്ചുയർന്നത്. തന്‍റെ മോന് തണലാകാൻ അവനെ രോഗാവസ്ഥയിൽ തന്നെ ഇരുത്താതെ ലോകത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതിനായി അറിവും വിഞ്ജാനവു൦ നേടാൻ സ്വപ്ന എന്ന അമ്മക്ക് ആയെങ്കിൽ, ജീവിതത്തിലെ പ്രതിസന്ധിയിൽ പെട്ടു പോകുന്ന നാം ഓരോരുത്തർക്കും അതിൽ നിന്ന് കര കയറാൻ കഴിയു൦. ദൃഢനിശ്ചയവു൦ ധൈര്യവും അത് മാത്ര൦ മതി. സാഹചര്യം അത് കൂടെ എത്തിച്ചേരു൦..


ജ്യോതി ബാബു

Leave a Reply

Your email address will not be published. Required fields are marked *