ആകാശവാണിയുടെ ‘തെന്നൽ’

തെന്നല്‍……… ശ്രോതാക്കളുടെ പ്രീയപ്പെട്ട ‘തെന്നലേച്ചി’ ആ ശബ്ദസൌകുമാര്യം കുറച്ചൊന്നുമല്ല മലയാളികളെ ആനന്ദിപ്പിച്ചിട്ടുള്ളത്. സ്വകാര്യ എഫ്എംന്‍റെ കടന്നു വരവിനു മുന്നേ സൗഹൃദ അവതരണ ശൈലി കൊണ്ടുവന്ന തെന്നൽ എന്നും ശ്രോതാക്കളുടെ പ്രീയപ്പെട്ട സുഹൃത്താണ്.പ്രീയപ്പെട്ട ശ്രോതാക്കളെ എന്ന് സംബോധന ചെയ്യുന്നതിന് പകരം പ്രീയ സുഹൃത്തുക്കളെ എന്നുള്ള വിളി നമ്മളില്‍ സൃഷ്ടിച്ച അലയൊളികള്‍ ബൃഹത്തായിരുന്നു.


ചേച്ചിയായും സഹോദരിയായും സുഹൃത്തായും 27 വര്‍ഷക്കാലം നമ്മുടെ ഓരോരുത്തരുടെയും വീട്ടിലെ അംഗത്തെ തെന്നല്‍ പോലെ നിലകൊണ്ടു. ശബ്ദമാസ്മരികതയുടെ ഉടമയെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്നും ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രീയ തെന്നലേച്ചി ‘കൂട്ടുകാരിക്ക്’ അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്തഭാഗം

തെന്നല്‍ എന്ന പേര് അധികം ആര്‍ക്കും ഇല്ലല്ലോ പേരിനെ പറ്റി തന്നെയാകട്ടെ ആദ്യ ചോദ്യവും? പേര് എങ്ങനെ കിട്ടി?

മറ്റ്ഏല്ലാവരേം പോലെ എനിക്ക് പേര് നല്‍കിയത് മാതാപിതാക്കളാണ്. അച്ഛന്‍ ഗായകനായിരുന്നു. ഇല്ലിമുളം കാടുകളില്‍ അല്ലലലം പാടി വരും തെന്നലേ… എന്ന് തുടങ്ങുന്ന പാട്ട് പാടിയായിരുന്നു കുഞ്ഞ് നാളില്‍ എന്നെ ഉറക്കിയിരുന്നത്. അച്ഛന്‍ പാടുന്ന ഈരടികള്‍ അമ്മയും ഏറ്റ് പാടുമായിരുന്നു. അങ്ങനെ എനിക്ക് പേര് കിട്ടി. വ്യത്യസ്തവും മനോഹരവുമായ പേര് ലഭിച്ചതില്‍ മാതാപിതാക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

റേഡിയോ അവതാരകയാകുന്നതിന് മുന്‍പ് അറിയപ്പെട്ടിരുന്ന ഗായികയായിരുന്നല്ലോ അതെ കുറിച്ച് വിശദീകരിക്കാമോ?

അച്ഛന്‍ ഗായകനായിരുന്നു എന്ന് മുന്‍പെ സൂചിപ്പിച്ചിരുന്നുവല്ലോ. അച്ഛന്‍റെ പാടാനുള്ള കഴിവാണ് എനിക്കും കിട്ടിയത്. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് തന്നെ പാട്ട് പാടാന്‍ തുടങ്ങി. പിന്നീട് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഗാനമേളകളില്‍ പാടിയിട്ടുണ്ട്. അന്ന് സാങ്കേതിക വിദ്യകള്‍ ഇത്രമേല്‍ പുരോഗമിച്ചിരുന്നില്ല. ഗാനമേള ട്രൂപ്പുകളില്‍ പാട്ടുപാടുന്നവരും ചുരുക്കമായിരുന്നു. കലാഭവനും, കൊച്ചിൻ ആർട്സ് ആന്‍റ് കമ്മ്യൂണിക്കേഷനും വേണ്ടി ഞാന്‍ പാട്ട് പാടിയിട്ടുണ്ട്. തൃശ്ശൂര്‍ ആകാശവാണിയില്‍ ഓഡിഷന്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ആകാശവാണിയുമായുള്ള എന്‍റെ ബന്ധം ആരംഭിക്കുന്നത്.എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് തൃശ്ശൂര്‍ ആകാശവാണി നിലയത്തിന് വേണ്ടി ലളിതഗാനങ്ങള്‍ പാടിയിരുന്നത്. എംഎ ചെയ്യന്നത് വരെ ഞാന്‍ പാട്ട് പാടിയിരുന്നു. പാടാന്‍ എനിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കിയിരുന്നത് അച്ഛനും അമ്മയും ചേട്ടനുമാണ്. നല്ല ശബ്ദമുണ്ടായിരുന്നത് കൊണ്ട് പാട്ട് പാടി. പാടാന്‍ കഴിവുണ്ടായിരുന്നത് കൊണ്ട് പാട്ടുകാരിയായി. കലാഭവനില്‍ ഞാന്‍ അറിയപ്പെട്ട ഗായികയായിരുന്ന സമയത്തായിരുന്നു ഫാ.ആബേല്‍ അച്ചന്‍റെ അടുത്ത് നന്നായി പാടുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് കലാശാല ബാബു എത്തുന്നത്. ഫാദറിന്‍റെ അനുവാദത്തോടെ കലാശാല ബാബുവിന്‍റെ നാടകങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാടി. രാമകൃഷ്ണന്‍റെ നാടകത്തിലാണ് ഞാന്‍ ആദ്യം പാടിയത്.അതും രാജപ്പന്‍ മാസ്റ്ററുടെ നാടകഗാനം തന്നെയായിരുന്നു റെക്കോര്‍ഡ് ചെയ്താണ് നാടകഗാനങ്ങള്‍ പാടിയിരുന്നത്. നാടകഗാനങ്ങള്‍ പാടി ജനമനസ്സിലേക്ക് ഞാന്‍ ചേക്കേറി . മുന്നോറോളം നാടകഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. ആ കഴിവിനെ വളര്‍ത്തികൊണ്ടുവരാനുള്ള സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെ ദരിദ്രമായ ചുറ്റുപാട് ആയിരുന്നു കാരണം. എം.എ കംപ്ലീറ്റ് ചെയ്യാതെ ജോലി അന്വേഷിച്ച് തുടങ്ങിയതും അക്കാരണത്താല്‍ ആണ്.

ആകാശവാണിക്ക് വേണ്ടി തെന്നല്‍ കച്ചേരി അവതരിപ്പിക്കുന്നു(ഫയല്‍ ചിത്രം)

അഭിനേത്രിയായും നാടകങ്ങളില്‍ രംഗപ്രവേശം നടത്തിയിട്ടുണ്ട്.അത് എന്‍റെ ‘രണ്ടാമത്തെ ജന്മം’ ആയാണ് ഞാന്‍ കരുതുന്നത്. മൂന്ന് ജന്മം ആയാണ് എന്‍റെ ജീവിത കാലഘട്ടത്തെ തരം തിരിക്കുന്നത്. ഒന്നു ഗാനമേള ട്രൂപ്പില്‍ പാടിയിരുന്ന സമയം മറ്റൊന്ന് മുന്‍പെ സൂചിപ്പിച്ചിരുന്നല്ലോ.. ആകാശവാണി ജീവതം ആണ് മൂന്നാമത്തെ ജന്മം ആയും ഞാന്‍ കരുതുന്നത്.

27 വര്‍ഷം നീണ്ടുനിന്ന ആകാശവാണി ജീവിത്തെ കുറിച്ച് ചെറിയ വിവരണം ?

ആകാശവാണി അനൌണ്‍സറെ അന്വേഷിച്ചുളള പത്രപരസ്യം എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതും ധൈര്യം പകര്‍ന്ന് എന്നെ കൊണ്ട് അപേക്ഷ അയപ്പിച്ചതും അച്ഛനാണ്. ടെസ്റ്റില്‍ നല്ല മാര്‍ക്കോടെ തന്നെ എനിക്ക് പാസാകാന്‍ പറ്റി. ഇന്‍റര്‍വ്യൂവും ഓഡിഷന്‍ ടെസ്റ്റും കടന്ന് ഞാന്‍ റേഡിയോ അവതാരകയായി. അക്ഷരസ്ഫുടത അത് എനിക്ക് അച്ഛനില്‍നിന്ന് പകര്‍ന്ന് കിട്ടിയതാണ്. പ്രാദേശിക സ്ലാംഗില്‍ സംസാരിച്ച് ശീലിക്കരുതെന്നും വ്യക്തമായി സംസാരിക്കണമെന്നും അമ്മ എപ്പോഴും പറയുമായിരുന്നു. ഇത് രണ്ടു കാര്യങ്ങളും നല്ലൊരു റേഡിയോ അവതാരകയായി തീരുവാന്‍ എന്നെ വളരെ ഏറെ സഹായിച്ചു. പാട്ട് പാടിയിരുന്നതുകൊണ്ട് സൌണ്ട് മോഡുലേഷന്‍ അന്നേ എനിക്ക് കിട്ടിയിരുന്നു. കഴിവിന് അനുസരിച്ച് ചെയ്യുന്നത് എന്തും മനോഹരമാക്കി തീര്‍ക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പരന്ന വായനയും പ്രാക്ടീസും എന്നിലെ അവതാരികയ്ക്ക് വളമായി

പ്രത്യേക ചട്ടകൂട്ടില്‍ നിന്നുള്ള റേഡിയോ അവതരണശൈലിക്ക് മാറ്റം വന്നത് തെന്നലിന്‍റെ വരവോട് കൂടിയാണ്. തന്‍റേതായ അവതരണ ശൈലി കൊണ്ടുവരാന്‍ കാരണം ?

പുതുമകളോട് എനിക്ക് എന്നും അവേശം ഉണ്ടായിരുന്നു. എല്ലാകാര്യത്തിലും പുതുമ കൊണ്ടുവരണമെന്നുള്ള നിര്‍ബന്ധബുദ്ധി എനിക്ക് ഉണ്ടായിരുന്നു. ഏത് കാര്യം ആയാലും വ്യത്യസ്തമായി ചെയ്യണമെന്നതും അന്വേഷണാത്മകതയും എനിക്ക് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കഴിവുകള്‍ ഞാന്‍ ആര്‍ജ്ജിച്ചെടുത്തത്. ആകാശവാണിയില്‍ അനൌണ്‍സറായി വന്നപ്പോള്‍ എങ്ങനെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതെന്നുള്ള ധാരണയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരേയും അനുകരിക്കാതെ എന്‍റേതായ വഴി തെരഞ്ഞെടുത്ത് ഞാന്‍ പോകുകയായിരുന്നു. അതൊന്നും മനപൂര്‍‌വ്വം ചെയ്യുന്നതായായിരുന്നില്ല. നിങ്ങള്‍ പറഞ്ഞതുപോലെ ചട്ടകൂടില്‍‌ നിന്നുള്ള അവതരണശൈലി ആകാശവാണിക്ക് ഉണ്ടായിരുന്നു. ഫാസ്റ്റായും പ്ലസന്‍റായും സ്മാര്‍ട്ടായി മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. സെന്‍റ് തേരസിസിലെ വിദ്യാര്‍ത്ഥിനിയായിരുന്നത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

എപ്പോഴും യുവത്വം നിലനിര്‍ത്തികൊണ്ടുപോകുന്ന ശബ്ദത്തിനുടമ എന്ന നിലയില്‍, അതിന്‍റെ പിന്നിലെ രഹസ്യം ഒന്നു പറയാമോ ?

എനിക്ക് പ്രായം 35 ആയിരുന്നെങ്കില്‍ 17കാരിയുടെ സംസാരമായി ശ്രോതാക്കള്‍ക്ക് എന്‍റെ സൌണ്ട് അനുഭവപ്പെട്ടിരുന്നു. അതിനെ എന്നെ സഹായിച്ചത് മെഡിറ്റേഷനാണ്. ശ്രോതാക്കളെ എന്നു വിളിക്കുന്നതിന് പകരം പ്രീയപ്പെട്ടവരെ, സുഹൃത്തുക്കളെ, പ്രീയരെ എന്നിങ്ങനെയാണ് ഞാന്‍ ജനങ്ങളെ സംബോധന ചെയ്തത്. ഇത് അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആകാശവാണിയില്‍ നിന്നും സര്‍വ്വേ എടുക്കാന്‍ പോയിരുന്നവര്‍ എന്നെ കുറിച്ച് ജനങ്ങളുടെ നല്ല നല്ല അഭിപ്രായം വന്ന് പറയുമായിരുന്നു. ആകാശവാണിയിലേക്ക് വന്നുകൊണ്ടിരുന്ന കത്തും ഇതിന് തെളിവായിരുന്നു. എന്നാല്‍ ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അത് ഉള്‍ക്കൊണ്ടാല്‍ പീന്നിടത് ഭാരമായും ഉത്തരവാദിത്തവും ആയി മാറും. സമകാലീനതയില്‍ ഉറച്ചുനിന്നുകൊണ്ട് എപ്പോഴും അപ്പ്ഡേറ്റഡ് ആയിരിക്കാന്‍ ശ്രമിച്ചിരുന്നു.

പലതരത്തിലുള്ള വോയ്സ് അവതരണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് അതെ പറ്റി വിശദീകരിക്കാമോ ?

വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍കള്‍ ആകാശവാണിനിലയത്തിന്‍റെ ഓരോ എഫ്എം സ്റ്റേഷനില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നണ്ടെന്ന് ഏല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. 7 മണിക്കൂര്‍ ചേയ്യേണ്ട ഡ്യൂട്ടിടൈമില്‍ പല അനൌണ്‍സ്മെന്‍റ് ശൈലികള്‍ ഉണ്ട്.അതായത് ഓരോ പരിപാടികള്‍ക്കും വ്യത്യസ്തശബ്ദത്തിലാണ് അവതരിപ്പിക്കേണ്ടത്. ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ശ്രോതാക്കളുമായി സംസാരിക്കേണ്ടി വരുമ്പോള്‍ വേറൊരു ശബ്ദത്തിലും ചലച്ചിത്രഗാന അവതരിപ്പിക്കുമ്പോള്‍ അനൌണ്‍സ്മെന്‍റ് ശൈലി വ്യത്യസ്തവുമായിരിക്കും. കുട്ടികളുടെ കഥകള്‍ വായിക്കുമ്പോള്‍ എന്‍റെ ഉള്ളിലെ കുട്ടിത്തം പുറത്തുചാടുകയും അങ്ങനെ കുട്ടികളുടെ ശബ്ദത്തില്‍ തന്നെ കഥകള്‍ അവതരിപ്പിക്കുവാനും എനിക്ക് സാധിച്ചു. പല പരിപാടികള്‍ക്കും വ്യത്യസ്തടോണുകള്‍ നല്‍കിയത് ആളുകള്‍ സ്വാഗതം ചെയ്തിരുന്നു.

ന്യൂ ജെനറേഷന്‍ ആര്‍ ജെ കളെ പറ്റിയുള്ള അഭിപ്രായം സ്വകാര്യ എഫ് എം വന്നപ്പോള്‍ അതിനോട് കിടപിടിച്ച് നില്‍ക്കാന്‍ അവതരണശൈലിക്ക് മാറ്റം വരുത്തേണ്ടി വന്നോ ?

പുതിയ കുട്ടികളുടെ അവതരണശൈലിയും അവരുടെ പ്രസന്‍റേഷന്‍ കേള്‍ക്കാനും വളരെ ഇഷ്ടമാണ്. അവര്‍ വളരെ സ്മാര്‍ട്ടായാണ് പരിപാടികള്‍ അവതിപ്പിക്കുന്നത് .യുവാക്കളെ വശീകരിക്കുന്ന തരത്തിലാണ് ന്യൂ ജെനറേഷന്‍ റേഡിയോ ജോക്കികളുടെ അവതരണശൈലി. അവര്‍ മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുപോലും ആകാശവാണിയുടെ ജനസമ്മതിക്ക് ഒട്ടുംതന്നെ കുറവ് വന്നിട്ടില്ല. ഒരോ പരിപാടികളിലും പലതരത്തിലുള്ള അറിവുകള്‍ ശ്രോതാക്കളിലേക്ക് പകര്‍ന്ന് കൊടുക്കുന്നു. ഗാനം അവതരിപ്പിക്കുമ്പോള്‍ ഗാനത്തെകുറിച്ച് ഒരുപാട് വിവരങ്ങള്‍ ഞങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കാറുണ്ട്. ഒരാളോടും മത്സരിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്ത അളാണ് ഞാന്‍. മത്സരബുദ്ധിയോടുകൂടി ഏതൊരുകാര്യവും ചെയ്താല്‍ നമ്മെ ഒരെടുത്തും അത് കൊണ്ടെത്തിക്കുകയില്ലെന്ന് ഞാന് പഠിച്ചിട്ടുണ്ട്. ഏതൊരു കാര്യം ഒരേപോലെ ചെയ്താല്‍ അത് എല്ലാവരിലും മടുപ്പുളവാക്കും. അവരോട് കിടപിടിച്ചുനില്‍ക്കാന്‍ അവതരണശൈലിയില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. ആ മാറ്റം അവതരണത്തില്‍ മാത്രമല്ല ഞാന്‍ വരുത്തിയത്. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും പുതുമ കൊണ്ടുവരുന്നതിന് ഞാന്‍ ശ്രദ്ധിച്ചു. എക്സ്ക്ലൂസീവ് ചേയ്ഞ്ച് ലൈഫില്‍ ഉണ്ടായിരിക്കണം. അത് നമ്മുടെ ശരീരത്തിനും രൂപത്തിനും ചേരുന്ന വിധത്തില്‍ ആയിരിക്കണം എന്നുമാത്രം. വേറിട്ട വഴികളിലൂടെ വ്യത്യസ്തരാകാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ആകാശവാണി സഹപ്രവര്‍ത്തകരോടൊപ്പം തെന്നല്‍ (ഫയല്‍ ചിത്രം)

താങ്കളുടെ കാലഘട്ടത്തിലെ റേഡിയോ അവതാരകരുമായി ഇപ്പോഴും സുഹൃത്ത് ബന്ധം പുലര്‍ത്തി കൊണ്ട് പോകുന്നുണ്ടോ ?

അവരുംമായൊക്കെ തന്നെ ഇപ്പോഴും നല്ല ബന്ധം തന്നെയാണ് പുലര്‍ത്തുന്നത്. ഇപ്പോഴും ആകാശവാണിയില്‍ ഡ്യൂട്ടി ഓഫിസറായി പോകുന്നുണ്ട്.അതുകൊണ്ടുതന്നെ ആ ബന്ധം നിലനിര്‍ത്തി കൊണ്ടുപുലര്‍ത്തികൊണ്ടുപോകാന്‍ എനിക്ക് സാധിക്കുന്നുണ്ട്. 27 വര്‍ഷത്തെ ആകാശവാണിയും ആയിട്ടുള്ള ആത്മബന്ധം അവിടുത്തെ ഓരോ സ്റ്റാഫുമായും എനിക്കുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്‍റെ ഹൃദയത്തിനുള്ളിലാണ് അവരുടൊയൊക്കെ സ്ഥാനം. അവരില്‍ നിന്ന് ഒരുപാടുകാര്യം പഠിക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്. എന്‍റെ അവതരണശൈലി മോശം എന്ന് പറഞ്ഞപ്പോള്‍ അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന കാരണം മനസ്സിലാക്കി ശൈലികളില്‍ ചെയ്ഞ്ച് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്വദേശം കുടുംബം ?

എന്‍റെ സ്വദേശം കൊച്ചി ബോള്‍ഗാട്ടിയാണ്. പണ്ട് അതൊരു ഐലന്‍റ് ആയിരുന്നു. ഇപ്പോള്‍ ഗോശ്രീ പാലം വന്നതോടുകൂടി ആ പ്രദേശത്തിന്‍റെ മുഖ ഛായ ആകെ മാറി. ബോള്‍ഗാട്ടി പാലസിനടുത്താണ് എന്‍റെ വീട്. കുട്ടിക്കാലത്ത് ഞാനും എന്‍റെ കൂട്ടുകാരും കളിച്ച് നടന്നിരുന്ന സ്ഥലം ആണ് അവിടം. ഇപ്പോള്‍ അവിടെ ആരേയും കയറ്റാറില്ല. അച്ഛന്‍ കൃഷ്ണന്‍. അമ്മ കോമച്ചി. ഞാന്‍ ഉള്‍പ്പടെ എട്ട് മക്കളാണ് കൃഷ്ണന്‍- കോമച്ചി ദമ്പതികള്‍ക്കുള്ളത്.


അച്ഛന്‍ തെങ്ങുകയറ്റതൊഴിലാളിയായിരുന്നു. അതു മാത്രമായിരുന്നു ഞങ്ങളുടെ ഏക ഉപജീവനമാര്‍ഗ്ഗം. അദ്ദേഹത്തിന്‍റെ കഴിവിന്‍റെ പരമാവധിയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ മക്കള്‍ എല്ലാവര്‍ക്കും തന്നെ നല്ല വിദ്യാഭ്യാസം നല്‍കി. നല്ലൊരു നാടകനടന്‍ കൂടിയായിരുന്നു അച്ഛന്‍. അച്ഛന്‍റെ കഴിവുകളൊക്കെ തന്നെയാണ് എന്നിലേക്കും പകര്‍ന്നുകിട്ടയത്. മറ്റ് സഹോദരങ്ങളെ അപേക്ഷിച്ച് അച്ഛന്‍റെയും അമ്മയുടെയും ജീവിതശൈലികള്‍ ഞാന്‍ നോക്കി പഠിച്ചിരുന്നു. റേഡിയോ അവതാരകയായപ്പോള്‍ ഇത് എനിക്ക് സഹായകമായി തീര്‍ന്നു. സഹോദരങ്ങളില്‍ മിക്കവര്‍ക്കും തന്നെ ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ജോലികിട്ടി. മുകുന്ദന്‍,ഗോപി,സോമന്‍,സുമതി,തെന്നല്‍ സെല്‍വന്‍,സോജന്‍,രോഹിണി എന്നിങ്ങനെയാണ് ഞങ്ങള്‍ എട്ടുമക്കളുടെ പേരുകള്‍. ചേട്ടന്‍ മുകുന്ദന്‍ പാടുമായിരുന്നു. എന്‍റെ കൂടെ ഗാനമേളകളില്‍ അന്നൊക്കെ ചേട്ടനും പാടാന്‍ വരുമായിരുന്നു. ഒരുതവണ പാട്ടുപായിയപ്പോള്‍ ആരോ കൂവിയെന്ന് പറഞ്ഞ് അദ്ദേഹം പാടുന്നത് അവസാനിപ്പിച്ചു. അനുജന്‍ സെല്‍വന്‍ അറിയപ്പെടുന്ന തബലിസ്റ്റാണ്.

തയ്യാറാക്കിയത് : കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *