ആദിമവാസികളുടെ ദീദി ‘മഹാശ്വേതാദേവി’

ജിബി ദീപക് (അദ്ധ്യാപിക,എഴുത്തുകാരി)

മനുഷ്യനെ സ്‌നേഹിച്ചും, മനുഷ്യന്‍റെ പ്രശ്‌നങ്ങളെ കണ്ടു മനസ്സിലാക്കി അവയിലേക്ക് ഇറങ്ങുവാനും, പരിഹരിക്കാനും ശ്രമിച്ചുകൊണ്ട് എഴുത്തിന്‍റെ സ്വകാര്യതകളില്‍ മാത്രം അഭിരമിക്കാത ജനങ്ങളുടെ ജീവിതങ്ങളിലേക്ക് ഇടപെടുവാനുള്ള സന്നദ്ധത കാണിച്ച പ്രശസ്ത ബംഗാളി എഴുത്തുകാരിയാണ് മഹാശ്വേത ദേവി.


അവര്‍ തന്‍റെ എഴുത്തും ജീവിതവുമെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മണ്ണിന്‍റെ മകള്‍ക്കായി ഉഴിഞ്ഞുവെച്ചു.
‘സ്വപ്‌നം കാണാനുള്ള അവകാശമായിരിക്കണം ഒരു പൗരന്‍റെ ആദ്യത്തെ മൗലികാവകാശം’ എന്ന സന്ദേശം പകര്‍ന്നുകൊണ്ട് ആദിവാസികളെ പീഡിപ്പിക്കുന്ന അധികാര വര്‍ഗ്ഗത്തിനെതിന്‍റെ തന്‍റെ മൂര്‍ച്ചയേറിയ തൂലികയുമായി മഹാശ്വേതാ ദേവി പൊരുതി.
1926 ല്‍ ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിലാണ് മഹാശ്വേതാദേവി ജനിച്ചത്.

പ്രതിഭകളുടെ ജനനത്താല്‍ സമ്പന്നമായിരുന്നു മഹാശ്വേതയുടെ കുടുംബം. പിതാവ് ‘ജുബന്‍ശ്വ’ എന്ന തൂലികനാമത്തില്‍ അറിയപ്പെട്ടിരുന്ന മൊനീഷ് ഘടക്, അമ്മ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ധരിത്രി ഘട്ടകും ആയിരുന്നു. തിരക്കഥാകൃത്തും നടനുമായ ബിജോണ്‍ ഭട്ടാചാര്യയാണ് ഭര്‍ത്താവ്. മകന്‍ നവരന്‍ ഭാഷാചാര്യയും ഇന്ന് ബംഗാളില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരനാണ്. അശാന്തി നിറഞ്ഞ ദാമ്പത്യജീവിതത്തില്‍ നിന്നും 1959-ല്‍ മഹാശ്വേതദേവി വിവാഹമോചനം നേടി.

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോളേജ് അധ്യാപികയായും, ജേര്‍ണലിസ്റ്റും ആയും ഇവര്‍ ജോലി നോക്കിയിട്ടുണ്ട്.


1956 ല്‍ ആദ്യ പുസ്തകമായ ഝാന്‍സി റാണി ഇറങ്ങി. ചൂഷണം ചെയ്യപ്പെട്ടവരുടെ നെടുവീര്‍പ്പുകളില്‍ നിന്നും പിറന്നതാണ് ഇവരുടെ കൃതികളെല്ലാം തന്നെ. ഭൂമിയോളവും, ഭൂമിക്കടിയിലേക്കും, ചവിട്ടിത്താഴ്ത്തിയിട്ടും തളരാതെ ഉയിര്‍ത്തെഴുന്നേറ്റവരുടെ കീഴടങ്ങാത്ത ശക്തി ദേവിയുടെ അക്ഷരങ്ങള്‍ക്കുണ്ടായിരുന്നു. ഉള്ളിലെ സമരവീര്യത്തിന്‍റെ പ്രകടമായ തെളിവായിരുന്നു ആദ്യ കൃതിയായ ‘ഝാന്‍സി റാണി’.


അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി എന്നും ഭരണകര്‍ത്താക്കളോട് ശബ്ദമുയര്‍ത്തിയിട്ടുള്ള ഇവര്‍ തന്‍റെ എഴുതാനുള്ള പ്രചോദനത്തെക്കുറിച്ച് പറയുന്നതിങ്ങനെ. ‘ചരിത്രം രൂപപ്പെടുന്നത് സാധാരണക്കാരിലൂടെയാണെന്നാണ് എന്‍റെ വിശ്വാസം. എന്‍റെ രചനകളുടെ മൂലകാരണവും, പ്രചോദനവും ചൂഷണങ്ങള്‍ക്ക് മുമ്പില്‍ തോറ്റുകൊടുക്കാത്ത ഇവരാണ്. എന്നെ സംബന്ധിച്ചിടത്തോളം എഴുതാനുള്ള അനന്തമായ വിഭവങ്ങളാണ് അമൂല്യരായ ഇവരിലുള്ളത്.’


വിവര്‍ത്തനത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ ‘മുകുന്ദന്‍റെ താളിയോലകള്‍’ എന്ന നോവലിലെ കഥാപാത്രങ്ങള്‍ അതിജീവനത്തിനായി പോരാടുന്ന ഒരുപറ്റം വനവാസികളായിരുന്നു. 1994 ല്‍ ഇറങ്ങിയ ബ്യാധ്ഖണ്ടാ എന്ന ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ലീലാ സര്‍ക്കാര്‍ ആയിരുന്നു. ആരണേര്‍ അധികാര്‍ എന്ന നോവലും ആരണ്യത്തിന്‍റെ അധികാരം എന്ന പേരില്‍ ലീലാ സര്‍ക്കാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘ഹസാര്‍ ചൌരാസി കിമാ’ എന്ന നോവല്‍ ‘1084 ന്‍റെ അമ്മ’ എന്ന പേരില്‍ കെ. അരവിന്ദാക്ഷനും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദി വൈ വൈ ഗേൾ’ ഇത് ‘ഒരു എന്തിനെന്തിനു പേൺകുട്ടി എന്ന പേരിൽ സക്കറിയയും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.അഗ്നിഗര്‍ഭ, ദ്രൗപതി, രുധാലി തുടങ്ങി നൂറിലധികം നോവലുകളും, ഇരുപതിലധികം ചെറുകഥാ സമാഹാരങ്ങളും ഇവരുടേതായിട്ടുണ്ട്.


അവരുടെ ഭാഷ ഒരിക്കലും കാൽപനികമല്ലായിരുന്നു.സാധാരണക്കാരുടെ ഭാഷയിലാണ് അവരുടെ രചനകളെല്ലാം തന്നെ. ദൃഢതയേറിയ വാക്കുകൾ പത്ര റിപ്പോർട്ടിങ്ങ് ശൈലിയോട് സാമ്യത പുലർത്തുന്നവയായിരുന്നു.
അവരുടെ ഏറ്റവും ജനപ്രിയമായ ചെറുകഥകളില്‍ ഒന്നായ ദ്രൗപതിയില്‍ നായിക, കര്‍ഷകസമരങ്ങളാല്‍ കലാപകലുഷിതമായ നക്‌സല്‍ ബാരിയിലെ ഒരു ആദിവാസി പെണ്‍കുട്ടിയാണ്. കഥയുടെ തുടക്കത്തില്‍ തന്നെ തന്‍റെ ദ്രൗപതിയെന്ന് പേരുള്ള കഥാനായികയെപറ്റി അവര്‍ വ്യക്തമായി പറയുന്നുണ്ട്.
നിലനില്‍പ്പിനുവേണ്ടി, വെള്ളത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, നിസ്സഹായത, വിപ്ലവത്തിന് വഴിമാറുന്നതെങ്ങനെ എന്ന് വാക്കുകളിലൂടെ വായനക്കാരെ ബോധവാരാക്കുന്നുണ്ട് എഴുത്തുകാരി.


സുര്‍ജാ സാഹു എന്ന ജന്മിയെ കൊന്നുകളഞ്ഞു എന്നതായിരുന്നു ദ്രൗപതി ചെയ്ത കുറ്റം. ഒളിച്ചു പാര്‍ക്കലിനിടെ അവര്‍ പിടിക്കപ്പെടുന്നു. അധികം താമസിയാതെ അവളുടെ പെണ്‍ശരീരത്തിന്‍റെ ‘കമ്മോഡിഫിക്കേഷനും’ തുടങ്ങുന്നു അവളെ ചോദ്യം ചെയ്യാനായി ‘വേണ്ടും വിധം’ ഉടച്ചെടുക്കാന്‍ സേനാനായകന്‍ ഉത്തരവിടുന്നു. സേനാംഗങ്ങള്‍ അവളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്നു. അവള്‍ക്ക് പലകുറി ബോധം നഷ്ടപ്പെടുന്നുണ്ട്. ഇടയ്‌ക്കെപ്പോ ഒന്ന് കണ്ണുതുറന്നു നോക്കുന്നു. നഗ്നമായ തന്റെ ദേഹം, മാന്തിപ്പറിച്ച തന്റെ മുലകള്‍, കടിച്ചുമുറിച്ച മുലക്കണ്ണുകള്‍ ഒക്കെയും കാണുന്നു…. എത്രപേര്‍…? നാലോ അഞ്ചോ ആറോ… ഏഴോ…? ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. കണ്ണില്‍ വീണ്ടും ഇരുട്ടു കയറുന്നു.
ഒടുവില്‍ സേനാനായകന്‍റെ ഊഴമാണ്. പരമാവധി ആത്മാഭിമാനം മുറിഞ്ഞുകിടക്കുന്ന ഊഴമാണ്. പരമാവധി ആത്മാഭിമാനം മുറിഞ്ഞുകിടക്കുന്ന ദ്രൗപതി തന്‍റെ മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങുമെന്ന് അയാള്‍ കരുതുന്നുണ്ട്. എന്നാല്‍ അവിടെ വായനക്കാരെപോലും ഞെട്ടിച്ചുകൊണ്ട് സംഭവിക്കുന്നത് മറ്റൊരു തരത്തിലാണ്. അവശനിലയിലും വീണ്ടും തന്‍റെ ആത്മാവിനെ തകര്‍ക്കാന്‍, തന്നെ നാണം കെടുത്താന്‍ അവള്‍ അനുവദിക്കുന്നില്ല. സേനാനായകനെ ഞെട്ടിച്ചുകൊണ്ട് ആ മുറിയ്ക്കുള്ളില്‍ അവളുടെ ചിരി മുഴങ്ങുന്നു. ചിരി പതിയെ പൊട്ടിച്ചിരിയിലേക്കും പിന്നീട് അട്ടഹാസത്തിലേക്കും വഴിമാറുന്നു. മുറിഞ്ഞുപൊട്ടിയ ചുണ്ടിലെ ചോര തുള്ളികളെ തുടച്ചുകളഞ്ഞുകൊണ്ട് തൊണ്ടപൊട്ടുമാറുച്ചത്തില്‍ അവള്‍ അയാളോട് ചോദിക്കുന്നു. ‘വസ്ത്രങ്ങള്‍കൊണ്ട് എന്തുപയോഗം? എന്നെ നിങ്ങള്‍ക്ക് തുണിയുരിഞ്ഞ് നിര്‍ത്താനായി.. പക്ഷേ ഇനി എങ്ങനെ നിങ്ങളെന്നെ ഉടുപ്പിക്കും? ഒരു പുരുഷനാണോ നിങ്ങള്‍…? എന്നെ ഇതില്‍ കൂടുതല്‍ എന്തു ചെയ്യാനാകും നിങ്ങള്‍ക്ക്… വാ… എന്നെ വന്ന് കൗണ്ടര്‍ ചെയ്യ്…. കാണട്ടെ.. കൗണ്ടര്‍ ചെയ്യ്.’


സ്ത്രീകളെ വിശേഷിച്ചും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി സ്ത്രീകളെ അവരുടെ ശരീരത്തെ ഇകഴ്ത്തിക്കൊണ്ട് ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന സാമൂഹിക വ്യവസ്ഥിതിക്ക് നേരെയായിരുന്നു ദ്രൗപതിയുടെ ആ ചോദ്യം…’ഇതില്‍ കൂടുതലായി എന്നെ നിങ്ങള്‍ക്ക് എന്തു ചെയ്യാനാകും…?’


മഹാശ്വേതയുടെ കഥാനായികമാരൊക്കെയും സമൂഹത്താല്‍, ഈ പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയാല്‍ അത് അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക അടിമത്തത്താലൊക്കെ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളാണ്. അവരുടെ മോചനമാണ് കഥാന്ത്യത്തില്‍ എഴുത്തികാരി സാധിച്ചെടുക്കുന്നത്.


ചൂഷണങ്ങളോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു അവരുടെ ജീവിതം. ഇടതുപക്ഷ രാഷ്ട്രീയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോള്‍ തന്നെ തന്‍റെ ശക്തമായ വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തുകാര്‍ ഇടപെടാന്‍ മടിക്കുന്ന ചില സാമൂഹ്യപ്രശ്‌നങ്ങളില്‍പോലും അത് ദേശമോ ഭാഷയോ നോക്കാതെ ഇടപെടുവാന്‍ അവരിലെ വിപ്ലവകാരി സജ്ജമായിരുന്നു. എറണാകുളം വല്ലാര്‍പാടം മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയായി അവിടെ എത്തിയ അവര്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന മലയാള സാഹിത്യപ്രവര്‍ത്തകരെ വിമര്‍ശിക്കുകയും ചെയ്തു.


പോരാട്ടത്തിന്‍റെ പാതയില്‍, ആവേശത്തിന്‍റെ അഗ്നിപടര്‍ത്തിയ മഹാശ്വേതാ ദേവി എന്ന എഴുത്തുകാരി ആരുമില്ലാത്തവര്‍ക്കും, ആലംബമില്ലാത്തവര്‍ക്കും വേണ്ടി സമരമുഖങ്ങളിലേക്കിറങ്ങിയ സാഹസികയായ ഒരു വനിതയായിരുന്നു. അവരെ ഇന്നും അക്ഷരാര്‍ത്ഥത്തില്‍ ദേവി ആയും, ദീദി ആയും ആരാധിക്കുന്നവര്‍ അനേകമുണ്ട്. ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള എഴുത്തുകള്‍ എത്രപേര്‍ കാണും?


ഇവരുടെ ഹസാര്‍ ചൌരാസി കി മാ. രുദാലി തുടങ്ങിയ കൃതികള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മ വിഭൂഷണ്‍, മാഗ്‌സെസെ അവാര്‍ഡ് എന്നു തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങള്‍ മഹാശ്വേതാദേവിയെ തേടിയെത്തിയിട്ടുണ്ട്.
അവസാനകാലത്ത് വാര്‍ദ്ധ്യസഹജവും, അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും സാഹിത്യ സാംസ്‌കാരിക ലോകത്ത് മഹാശ്വേത ദേവി സജീവ സാന്നിദ്ധ്യമായിരുന്നു.

കാലത്തിന്‍റെ ചുമരുകളില്‍ പോരാട്ടത്തിന്‍റെ തീപന്തങ്ങളെ കൊളുത്തിവെച്ചുകൊണ്ട്, സാധാരണക്കാരായ നമ്മളെ സ്വപ്‌നം കാണാനുള്ള അവകാശത്തെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തിക്കൊണ്ട് 2016 ജൂലൈ 28ന് മഹാശ്വേതാ ദേവി എന്ന പകരം വെക്കാനില്ലാത്ത വ്യക്തിത്വം നമുക്കിടയില്‍ നിന്നും യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *