കേരളത്തിന്‍റെ ആദ്യ ദേശീയനേതാവ് ബാരിസ്റ്റർ ജി.പി. പിള്ളയുടെ സ്മൃതിദിനം

തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവും മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിയും പത്രാധിപരുമായിരുന്ന ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള.
തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽ നിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, ‘എഡിറ്റർമാരുടെ എഡിറ്റർ’ എന്നു പത്രങ്ങൾ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാൻഡേർഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് തുടങ്ങി നിരവധി രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.

1864 ഫെബ്രുവരി 26 ന് ജനിച്ചു. തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാരുടെ ഭരണത്തെ വിമർശിച്ച് ധാരാളം ലേഖനങ്ങൾ ‘വെസ്റേൺ സ്റാറിൽ’ പ്രസിദ്ധീകരിച്ചതിനാൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കി. ധാരാളം രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു. 1884 ൽ സ്വരാജ്യ സ്നേഹി എന്ന പേരിൽ ലേഖനങ്ങളെഴുതി പ്രസിദ്ധപ്പെടുത്തി. 1894 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ജി.പി.യാണ് ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തുന്ന സമരത്തെപ്പറ്റി ഇന്ത്യയിൽ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചത്. 1896 ൽ ഗാന്ധിജി, ഇന്ത്യ സന്ദർശനത്തിനെത്തിയപ്പോൾ മദ്രാസിൽ വെച്ച് ജി.പി.യെ കണ്ടു. ദക്ഷിണാഫ്രിക്കൻ പ്രശ്‌നത്തിൽ ജി.പി. കാണിക്കുന്ന താത്പര്യം ഗാന്ധിജിയെ അത്ഭുതപ്പെടുത്തി. സമരത്തെപ്പറ്റി ഉപദേശങ്ങൾ നല്കാൻ, തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ക്ഷണിച്ചുവെന്നും ‘മദ്രാസ് സ്റ്റാൻഡേർഡ് എന്ന പത്രം തന്നെ തനിക്ക് വിട്ടുതന്നുവെന്നും ഗാന്ധിജിതന്നെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1887-ൽ കണ്ണിമേറാ പ്രഭുവിന്റെ തിരുവിതാംകൂർ സന്ദർശനത്തോടനുബന്ധിച്ച് എഴുതിയ ‘മദിരാശി ഗവർണ്ണർ കണ്ണിമേറാ പ്രഭുവിന് ഒരു തുറന്ന കത്ത്’, ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്നിവ പ്രശസ്തം. മലയാളി മെമ്മോറിയലിന്റെ പിന്നിലുള്ള ആവേശവും രാഷ്ട്രീയ പ്രബുദ്ധതയും ഇദ്ദേഹമായിരുന്നു. 1892 മുതൽ ‘മദ്രാസ് സ്റാൻഡേർഡ്’ എഡിറ്റ് ചെയ്യുകയും അതൊരു ദേശീയ ദിനപത്രമായി മാറുകയും ചെയ്തു. ബാലഗംഗാധര തിലകൻ, ഗോഖലെ, ദാദാഭായി നവറോജി, സുരേന്ദ്രനാഥ ബാനർജി, ഫിറോസ്ഷാ മേത്ത, ഡബ്ല്യു.സി. ബാനർജി തുടങ്ങിയ ആദ്യകാല ദേശീയ നേതാക്കളുടെ സഹപ്രവർത്തകനായിരുന്നു പിള്ള. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥയിൽ സ്നേഹപൂർവ്വം പരാമർശിയ്ക്കപ്പെട്ട അപൂർവ്വം മലയാളികളിൽ ഒരാളുമാണ് ജി.പി. പിള്ള.

ദക്ഷിണാഫ്രിക്കൻ പ്രശ്‌നത്തിൽ ഗാന്ധിജിയുടെ ഉപദേശകനും ഗാന്ധിജി തന്റെ ആത്മകഥയിൽ പറയുന്ന ഏക മലയാളിയുമാണ് ജി.പി. പിള്ള. 1902ൽ ബാരിസ്റ്റർ പഠനം പൂർത്തിയാക്കി ലണ്ടനിൽനിന്നും എത്തിയ ജി.പി. തിരുവനന്തപുരത്തായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്. എന്നാൽ, ക്ഷയരോഗം ഗുരുതരമായി ബാധിച്ച് ചികിത്സക്കായി കൊല്ലത്തേക്കു പോയി. ഡോക്ടർ പീറ്റർ ലക്ഷ്മണനായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. 1903 മെയ് 21ന് 39-ാം വയസ്സിൽ ജി.പി. അന്തരിച്ചു.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരിയിൽ അന്നത്തെ മഹാരാജാവിന്‌ നൽകിയ നിവേദനമാണ്‌ മലയാളി മെമ്മോറിയൽ എന്നപേരിൽ അറിയപ്പെടുന്നത്. ആ കാലഘട്ടത്തിൽ തിരുവിതാം‌കൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു. ഇതിനെതിരെ തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകുകയും ചെയ്തു. കൂടാതെ ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ഈ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിൽ പെടുന്നു.

കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *