ആലപ്പുഴയുടെ ‘ശ്രീ’ ലക്ഷമി
എം.എസ്.എസ്
വര്‍ഷങ്ങള്‍ പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ ഒറ്റമുറിവീട്ടില്‍ ഇരുന്ന് ശ്രീലക്ഷമി കരസ്ഥമാക്കിയ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. സംസ്ഥാനകായികമേളയില്‍ ലോകജംപിലും,ട്രീപ്പിള്‍ ജംപിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച് ആലപ്പുഴയുടെ യശസ്സ് വാനോളം ഉയര്‍ത്തി ഈ കൊച്ചുമിടുക്കി.
ഭരതനാട്യം,ഫോല്ക്,സംസ്കൃത കലോല്‍സവം എന്നിവയില്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ എഗ്രേഡ് ജേതാവ്, ബാസ്കറ്റ് ബോള്‍,ഹാന്‍ഡ്ബോള്‍ താരം, നിരവധി ഡോക്യുമെന്ററികള്‍ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ച ഫോട്ടോഗ്രാഫര്‍, പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ ഈ മികവുകള്‍ക്കെല്ലാം പുറമേ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഇങ്ങനെ പോണു ശ്രീലക്ഷമി യുടെ നേട്ടങ്ങളുടെ നീണ്ട പട്ടിക.
നഗരത്തില്‍ മെഡിക്കല്‍ സ്റ്റോര്നടത്തിവരികയായിരുന്ന ശ്രീലക്ഷമിയുടെ പിതാവ് ഗോപാലകൃഷ്ണപിള്ള ശ്രീലക്ഷമിക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോള്‍ കരള്‍രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഭര്‍ത്താവിന്റെ വേര്‍പാടില്‍ പകച്ചു നില്‍ക്കാതെ മാതാവ് ചന്ദ്രിക പൂക്കള്‍ കെട്ടി നല്‍കിയും തയ്യല്‍ ജോലികള്‍ ചെയ്തുമാണ് രണ്ടുമക്കളെയും വളര്‍ത്തിയത്.
ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കല് മഹേശ്വരി ടെക്സ്റ്റെല്സിന് സമീപമുള്ള ഇടവഴിയിലൂടെ പോവുമ്പോഴാണ് ശ്രീലക്ഷ്മിയും അമ്മ ചന്ദ്രികയും ജ്യേഷ്ഠന് ശ്രീകുമാറും വാടകക്ക് താമസിക്കുന്ന അമ്മുക്കുട്ടി കോംപൗണ്ടെന്ന പഴഞ്ചന്‍ കെട്ടിടമുള്ളത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ ഏതു സമയത്തും ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ചോര്‍ന്നൊലിക്കുന്ന ഈ ഒറ്റമുറി വീട്ടിലിരുന്നാണ് ശ്രീലക്ഷ്മിയെന്ന ഈ കൊച്ചുമിടുക്കി തന്റെ ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്നത്.
മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പോലും ഭംഗിയായി വയ്ക്കാൻ സ്ഥലമില്ല.ബിരുദാനന്തരബിരുദം കഴിഞ്ഞ ശ്രീകുമാര്‍ ബാങ്ക് എംപ്ലോയീസ് സൊസൈറ്റിയില്‍ ജോലിക്ക് കയറിയതോടെയാണ് ഈ കുടുംബം കടുത്ത ദാരിദ്രത്തില്‍ നിന്നും അല്പമെങ്കിലും കര കയറിയത്. ശ്രീലക്ഷ്മിയുടെ പഠനാവശ്യങ്ങളിലെല്ലാം ഇപ്പോള്‍ സഹായിയായി ജ്യേഷ്ഠന് കൂടെയുണ്ട്. പഠിച്ച് ഡോക്ടറാവണമെന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം.
എസ്ഡിവി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ററാക്ടീവ് സ്റ്റുഡിയോ ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീലക്ഷ്മിയായിരുന്നു. ഉദ്ഘാടനച്ചടങ്ങിനെത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്ക് പ്രൊഫഷണല്‍ മികവോടെ ക്യാമറ കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥിനിയെക്കുറിച്ച് അധ്യാപകരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആശംസകള്‍ നേര്‍ന്നതിനൊപ്പം ശ്രീലക്ഷ്മി പകര്‍ത്തിയ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
മകള്‍ ശ്രീലക്ഷമിയുടെ ആഗ്രഹംപോലെ പഠിപ്പിച്ച് നല്ല നിലയിലാക്കണം ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ നിന്നും മാറി സ്വന്തമായൊരു കൊച്ചു വീട് നിര്‍മിക്കണമെന്നും അമ്മ ചന്ദ്രിക പറഞ്ഞു. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ശ്രീലക്ഷ്മിയും കുടുംബവുമുള്ളത്.