ഇന്ന് ലോകപ്രമേഹദിനം

നവംബര്‍ 14 ലോകപ്രമേഹദിനമായി ആചരിക്കുന്നു.പ്രത്യേക ശ്രദ്ധയും കൃത്യമായുള്ള തുടര്‍ചികിത്സയും പരിശോധനയും വേണ്ട രോഗമാണ് പ്രമേഹം. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 20ശതമാനംപേരും പ്രമേഹരോഗികളാണ്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 25ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹരോഗമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹത്തിനെതിരെ ജാഗ്രത കാട്ടണം.

പ്രമേഹരോഗം നേരത്തെ തിരിച്ചറിഞ്ഞ് പെട്ടെന്ന് ചികിത്സ തേടേണ്ട രോഗമാണ്. അമിതദാഹവും, വിശപ്പും, ക്ഷീണം, ശരീരഭാരം കുറയുക ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരിക, കാഴ്ച ശക്തി മങ്ങുക, കൈകാല്‍ മരവിപ്പ്, മുറിവുണങ്ങാന്‍ കാലതാമസം നേരിടുക തുടങ്ങി ലക്ഷണങ്ങളേതെങ്കിലും അനുഭവപ്പെട്ടാല്‍ പെട്ടെന്ന് ശരിയായ ചികിത്സ തേടണം. യഥാസമയം ശരിയായ ചികിത്സയെടുത്തില്ലെങ്കില്‍ വൃക്കരോഗം, കാഴ്ചക്കുറവ്, നാഡിബലക്ഷയം, പക്ഷാഘാതം ഹൃദയസ്തംഭനം തുടങ്ങി ഗുരുതര രോഗങ്ങളുണ്ടാകാം,രോഗികള്‍ പുകവലിയും മദ്യപാനവും ഒഴിവാക്കണം.

അരിയാഹാരം, പഴവര്‍ഗ്ഗങ്ങള്‍ ഇവയൊന്നും പൂര്‍ണ്ണായും ഒഴിവാക്കേണ്ട. തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരിയായ ആഹാരക്രമം ശീലമാക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലുള്‍പ്പെടുത്തുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തി മരുന്ന്/ഇന്‍സുലിന്‍ മുടങ്ങാതെ ഉപയോഗിക്കുക. രക്ത പരിശോധന കൃത്യമായി ഇടവേളകളില്‍ നടത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രം മരുന്ന്/ഇന്‍സുലിന്‍ അളവ് ക്രമീകരിക്കുക.

പ്രമേഹം പിടിപെടാതിരിക്കാന്‍ ചെറുപ്പത്തില്‍ തന്നെ ശരിയായ ജീവിതശൈലി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. വ്യായാമം ചെറുപ്പത്തിലെ ശീലമാക്കുക. പ്രായത്തിനും ഉയരത്തിനുമൊത്ത ശരീരഭാരം നിലനിര്‍ത്തുക. പഴം, പച്ചക്കറി, നാരുകളടങ്ങിയ ഭക്ഷണം എന്നിവ ശീലമാക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. കൃത്രിമ മധുര പാനീയങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക. ഒരു രോഗത്തിനും സ്വയം ചികിത്സ പാടില്ല.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രമേഹരോഗരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രമേഹരോഗികളില്‍ കോവിഡ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നു. കോവിഡിനെ അതിജീവിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ പ്രമേഹമുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *