ആ സുന്ദര നാദം ഇനി ഓർമ്മ ; എസ്പിബി ക്ക് വിട

ജ്യോതി ബാബു

ഇന്ത്യൻ സംഗീതത്തിലെ നിറവായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ഇങ്ങനെയൊരു ഗായകൻ നമ്മെ വിസ്മയിപ്പിച്ചു കാണുമോ? സംശയമാണ്. ‘ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ’ എന്ന് എസ്പിബി അനായാസേന പാടുമ്പോൾ തരിച്ചിരുന്നിട്ടില്ലേ നമ്മൾ? ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് ശങ്കരാഭരണത്തിലെ ഗാനങ്ങൾ ആലപിച്ചതെന്ന് അറിയുമ്പോൾ അദ്ഭുതം നിറയുന്ന ആദരവാണ് ശരാശരി സംഗീത പ്രേമിക്ക്. അങ്ങനെ എത്രയെത്ര ഗാനങ്ങൾ. 
ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടംപേട്ട (കൊനെട്ടമ്മപേട്ട)യെന്ന ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1949 ജൂൺ 4 നാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി ജനിച്ചത്.

പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു എസ് പി ബിയുടെ ആദ്യഗുരു.

ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെ. മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി.

1966 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം.

പിന്നീട് അദ്ദേഹത്തെ തേടി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിൽ ഗാനങ്ങളെത്തി. 40000 ത്തോളം ഗാനങ്ങള്‍ ആലപിച്ചു.

ആറ് ദേശീയ അവാർഡുകളുൾപ്പെടെ
പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങളു൦ എസ്പിബിയെ തേടിയെത്തി.
ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും എസ്പിബിയുടെ പേരെത്തി.
കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് എസ്പിബി. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല മത്സരങ്ങളിൽ നല്ല ഗായകനായു൦ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി ആർജിച്ചു.

ലോകമെങ്ങും വേദികളില്‍ നിറഞ്ഞു നിന്ന എസ്.പി.ബി പക്ഷേ ബോളിവുഡില്‍ നിന്ന് പതിറ്റാണ്ടിലേറെ വിട്ടുനിന്നു. പതിനഞ്ചു വർഷത്തിനുശേഷ൦ ചെന്നൈ എക്സ്പ്രസ് ഷാരുഖാനുവേണ്ടി പാടിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

മലയാളത്തില്‍ എസ്.പി.ബിയെ എത്തിച്ച് ജി. ദേവരാജനാണ്. 1969 ല്‍ കടല്‍പ്പാലത്തില്‍. തിരക്ക് കാരണം അദ്ദേഹത്തിന് മലയാളത്തിൽ നിറഞ്ഞ് നിൽക്കാൻ കഴിഞ്ഞില്ല. എങ്കിലും മലയാളത്തില്‍ നൂറ്റിപ്പതിനാറ് പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്.

കോവിഡ് 19 ബാധയെ തുടർന്ന് ചെന്നൈയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിരിച്ചു വരുമെന്ന് സൂചനകൾ നൽകിയിരുന്നു. പക്ഷേ വിധി കാത്തുവച്ചത് ഇതായിരുന്നു. മണ്ണിൽ ഇനിയില്ല ഇന്ത്യൻ കാതൽ. പാട്ടുകളിലൂടെ എസ്പിബി ഇനി അങ്ങ് ഞങ്ങളിൽ ജീവിക്കു൦. വിട……

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!