ഇന്ന് കേരളപ്പിറവി

സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്‍ത്തിടുന്ന
സ്വരസാന്ത്വനം’

കേരളസംസ്ഥാനം രൂപവത്ക്കരിച്ച നവംബര്‍ ഒന്നിനാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947 – ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956- ലെ സംസ്ഥാന പുന:സംഘടനാ നിയമമാണ് ഈ പുന:സംഘടനയ്ക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിന് ആധാരം.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്ക്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപകത്ക്കരിച്ച സമയത്ത് തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ താലൂക്കുകളും, ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പ്പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും, തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. കന്യാകുമാരി തമിഴ്‌നാടിന് കൈമാറുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തിന് ലഭിക്കുകയും ചെയ്തു. സംസ്ഥാനം ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുത്ത ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് സര്‍ക്കാര്‍ 1957- ല്‍ അധികാരത്തിലെത്തി.

കേരളോല്‍പത്തി കുറിച്ച് വ്യത്യസ്തമായ ഐതീഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനില്‍്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം. എന്നാല്‍ കേരളമെന്ന പേരിന് പിന്നില്‍ വിഭിന്ന അഭിപ്രായങ്ങളുമുണ്ട്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന് പേരുവന്നതെന്നും, എന്നാല്‍ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികള്‍ ഖൈറുള്ള ( അല്ലാഹു അനുഗ്രഹിച്ച നാട്) എന്ന് വിളിച്ചെന്നും പിന്നീട് ഖൈറുള്ള ലോപിച്ച് കേരളം ആയെന്നും മറ്റൊരഭിപ്രായം. എന്നാല്‍, ‘ചേരളം’ എന്ന പദത്തില്‍ നിന്നും കേരളം ഉത്ഭവിച്ചതാണെന്നും അഭിപ്രായമുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് കേരളം വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും മുന്‍പന്തിയിലാണ്.നിപ, കോവിഡ് -19 മഹാമാരിക്കെതിരെ ആത്മവിശ്വാസത്തോടെ നമ്മള്‍ പടപൊരുതുകയാണ്. പ്രളയവും, പേമാരിയും, കോവിഡും വിറപ്പിച്ച ദുരിതങ്ങളെ മറികടന്ന് അതിജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണ് നമ്മള്‍. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 64ാം പിറന്നാള്‍.

നമ്മുടെ കേരളത്തെ നമുക്ക് മറക്കാതിരിക്കാം… മലയാള ഭാഷയെ, നന്‍മയെ,സ്നേഹത്തെ

Leave a Reply

Your email address will not be published. Required fields are marked *