ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരന് കണ്ണീരോടെ വിട

സുഷമ സുരേഷ്

‘വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’
എന്ന വരികളിലൂടെ സാധാരണ മലയാളിയുടെ മനസ്സില്‍ ചേക്കേറിയ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഈ വരികള്‍ മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ സ്ഥാനത്തും അസ്ഥാനത്തും നിത്യം കടന്നുവരാറുണ്ട്. ചിലപ്പോള്‍ തമാശരൂപത്തില്‍ അല്ലെങ്കില്‍ അല്‍പം ഗൗരവമായി. വരികള്‍ക്കു പിന്നിലെ വലിയ ആശയങ്ങളുടെ പുറകെ പോവാന്‍ കഴിയാത്തവര്‍ക്കുപോലും മനഃപാഠമായ വരികളാണവ. ജീവിതമാകുന്ന വെളിച്ചം ശാശ്വതമായ മൃത്യുവിന്‍റെ പൊന്നാനിക്കളരിയില്‍ ഇരുട്ടിലെ നിമിഷപ്രഭ മാത്രമാണെന്ന കവിയുടെ തിരിച്ചറിവ് നാം മനസ്സിലാക്കിയിരുന്നോ?


ആ വെളിച്ചം കെട്ടുപോയിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ഹൈടെക് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 93 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജ്ജനം. മക്കള്‍: ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്ത ചിത്രകാരനായ അക്കിത്തം നാരായണന്‍ സഹോദരനാണ്. 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനനം. കുമരനെല്ലൂര്‍ സ്‌കൂളിലെ പഠനശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റ്. എട്ടാം വയസ്സുമുതല്‍ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണ മേനോന്‍ തുടങ്ങിയ വലിയ പ്രതിഭകള്‍ക്കൊപ്പം പൊന്നാനിയില്‍ അംഗമായത് ജീവിതത്തിലെ വഴിത്തിരിവായി. ഉണ്ണിനമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും സമുദായിക നവീകരണയജ്ഞത്തില്‍ പങ്കാളിയാകാനും അക്കിത്തത്തിനു സാധിച്ചിട്ടുണ്ട്.


1956 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍. 1975 ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്റര്‍.  1985 ല്‍ ആകാശവാണിയില്‍ നിന്നു വിരമിച്ചു. കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ, കടമ്പിന്‍ പൂക്കള്‍, നിമിഷക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളികള്‍, ബലിദര്‍ശനം എന്നിവ അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്. ഈ ഏട്ടത്തി നുണയേ പറയൂ എന്ന നാടകവും അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖനസമാഹാരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.


ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവയ്ക്കു പുറമെ 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഏറ്റവുമൊടുവില്‍ 93-ാം വയസില്‍ വിട പറയുന്നതിന് തൊട്ടുമുമ്പ് ജ്ഞാനപീഠ പുരസ്‌കാരവും.


‘ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മില്‍
ആയിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാന്‍ മറ്റു
ള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മല പൗര്‍ണ്ണമി’
എന്ന വരികള്‍ അദ്ദേഹം കുറിച്ചിട്ടത് നമ്മുടെയൊക്കെ മനസ്സുകളിലാണ്.

മറ്റുള്ളവര്‍ക്കായി ഒരു പുഞ്ചിരിയും ഒരു തുള്ളി കണ്ണീരും പൊഴിക്കാന്‍ നമുക്ക് കഴിയുമ്പോള്‍ കവിയുടെ ജന്മം സഫലമാകുന്നു, സ്വാര്‍ത്ഥകമാവുന്നു.
‘തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കിവാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍’
എന്ന് പ്രവചിക്കാന്‍ സ്‌നേഹശൂന്യമായ വിപ്ലവത്തിനു നിലനില്‍പില്ലെന്ന് ദീര്‍ഘദര്‍ശനം ചെയ്യാനും മറ്റാര്‍ക്ക് കഴിയും.
കാലത്തിനു മുമ്പേ നടന്നു പ്രിയപ്പെട്ട കവിയ്ക്ക്, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് കണ്ണീരോടെ വിട!

Leave a Reply

Your email address will not be published. Required fields are marked *