‘ഊർമ്മിള’രാമായണത്തിന്‍റെ ദുഃഖപുത്രി

സിബി അനിഷ്

ഭാരതീയ ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ഈ ഇതിഹാസങ്ങളുടെ മഹത്വം കൊണ്ട് അനുഗ്രഹീതമാണ് ഭാരത ഭൂമി. രണ്ട് ഇതിഹാസങ്ങൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. രാമായണം രചിച്ചത് വാല്മീകിയും മഹാഭാരതം രചിച്ചത് വേദവ്യാസനുമാണെന്ന് നമുക്കറിയാം . രാമായണം ആദികാവ്യമാണ് വാല്മീകി ആദി കവിയും വായിക്കുന്തോറും പലപല അർത്ഥ തലങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് രാമായണം. രാമായണം എന്ന വാക്കിന്‍റെ അർത്ഥം “രാമന്‍റെ അയനം” എന്നാണ് .അയനം എന്നാൽ യാത്ര അതായത് രാമന്‍റെ യാത്ര എന്നർത്ഥം. എന്തിനു വേണ്ടി എങ്ങോട്ടുള്ള യാത്ര, അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമ്മത്തെ പരിപാലിക്കാൻ വേണ്ടിയുള്ളതായിരുന്നു രാമന്‍റെ യാത്ര ഈ രാമയാത്രയിൽ രാമനോടൊപ്പം അദ്ദേഹത്തിന് താങ്ങും തണലുമായി സീതയും നിഴലായി ലക്ഷ്മണനും ഉണ്ടായിരുന്നു.


അച്ഛന്‍റെ വാക്കുപാലിക്കാൻ വനവാസത്തിനു പോയ രാമൻ. ആ രാമനൊടൊപ്പം ലക്ഷ്മണനും സീതയും ഉണ്ടായിരുന്നു .പതിനാലു വർഷം ഭർത്താവിനോടൊപ്പം വനവാസത്തിനു പോയ സീതയാണോ രാമായണത്തിലെ ദുഃഖപുത്രി ? അല്ല ഭർത്താവിനെ പിരിഞ്ഞ് ഭർത്താവിന്‍റെ അച്ഛനമ്മമാരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത ഊർമ്മിളയല്ലേ യഥാർത്ഥത്തിൽ രാമായണത്തിലെ ദുഃഖപുത്രി. അതേ വാല്മീകി മഹർഷിയുടെ മാനസപുത്രിയും ഊർമ്മിള തന്നെ.

ജനകമഹാരാജാവിന്‍റെ നാല് പെൺമക്കളിൽ ഇളയവളാണ് ഊർമ്മിള. .ഇവളാണ് ജനകന്‍റെ യഥാർത്ഥ മകളും എന്നാൽ മഹാരാജാവ് ഒരിക്കൽ പോലും മക്കളെ വേർതിരിച്ച് കണ്ടിട്ടില്ല.അവർ ഒരിക്കലും വേർപിരിയരുതെന്ന് കരുതിയാവാം അദ്ദേഹം തന്‍റെ മക്കളെ ഒരേ കൊട്ടാരത്തിലെ നാല് രാജകുമാരന്മാർക്ക് വിവാഹം കഴിച്ചുകൊടുത്തത്. ആ നാല് പെൺമക്കളിൽ ഏറ്റവും കൂടുതൽ ദുഃഖവും വേർപാടും അനുഭവിച്ചത് ഊർമിളയല്ലേ .അതേ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും ഉജ്ജ്വലമായി നില നിൽക്കുന്ന സ്ത്രീകഥാപാത്രമാണ് ഊർമ്മിള. വനവാസത്തിന് പോകാൻ തയ്യാറായി നിൽക്കുന്ന രാമൻ ആ രാമനൊപ്പം പോകണം എന്ന് വാശി പിടിക്കുന്ന സീത തന്‍റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ് എന്ന് പറഞ്ഞ് അവരോടൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ലക്ഷ്മണൻ. ആ ലക്ഷ്മണൻ ഒരിക്കലും തന്‍റെ ഭാര്യയുടെ മനസ്സ് അറിയാൻ ശ്രമിച്ചില്ല ഭാര്യയോടുള്ള തന്‍റെ കടമ നിറവേറ്റാൻ തയ്യാറായുമില്ല.


വനവാസത്തിന് പോകാൻ അമ്മയോട് അനുഗ്രഹം വാങ്ങിക്കുന്ന ലക്ഷ്മണനോട് സുമിത്ര പറയുന്നത് ഇപ്രകാരമാണ് നീരാമനെ അച്ഛനായും സീതയെ ഞാനാനായും അതായത് അമ്മയായും അടവിയെ അയോദ്ധ്യയായും കാണണം. ജ്യേഷ്ഠന്‍റെ നിഴലായി ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും താങ്ങും തണലായും നീ കൂടെ ഉണ്ടാവണം എന്നാണ്.അപ്പോഴും ലക്ഷ്മണൻ ഭാര്യയായ ഊർമ്മിളയെ കൂടെ കൂട്ടാൻ തയ്യാറാവുന്നില്ല വനവാസത്തിന് പോകാൻ തയ്യാറായി നിൽക്കുന്ന ലക്ഷ്മണന്‍റെ അടുത്തേക്ക് ഓടി എത്തുന്ന ഊർമ്മിളയോട് ലക്ഷ്മണൻ പറഞ്ഞത് ഇപ്രകാരമാണ് ” ഊർമ്മിളേ നീ കൂടെ വരണമെന്ന് പറയുകയോ കരയുകയാ അരുത് നീ ഇവിടെ നിന്ന് അച്ഛനമ്മമാരെ നോക്കണം അതാണ് നിന്‍റെ കടമ. ഭർത്താവിന്‍റെ വാക്കുകൾ ശിരസ്സാ വഹിച്ച് ഊർമ്മിള പതിനാല് വർഷം തന്‍റെ ദു:ഖങ്ങളും പരിഭവങ്ങളും എല്ലാം ഉള്ളിലൊതുക്കി തന്‍റെ പതിയെ മനസ്സിൽ ഒന്ന് കുറ്റപ്പെടുത്തുക പോലും ചെയ്യാതെ ഭർതൃ മാതാവിനെയും പിതാവിനേയും സംരക്ഷിച്ചു. ഭാരതീയ സ്ത്രീയുടെ ഭാവശുദ്ധി ഇവിടെ ഊർമ്മിളയിലൂടെ നമുക്ക് വെളിപ്പെടുന്നു. ഭർത്താവിനെ പിരിഞ്ഞ് 14 വർഷം തന്‍റെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റി അവൾ നല്ല ഒരു മരുമകളാമായി കാലം കഴിച്ചു.


വനവാസം കഴിഞ്ഞ് തിരിച്ച് അയോധ്യയിൽ എത്തുന്ന രാമലക്ഷ്മണനേയും സീതയും അയോധ്യ വാസികൾ സ്വീകരിക്കുമ്പോൾ ഊർമ്മിള വനവാസം കഴിഞ്ഞെത്തിയ ഭർത്താവിനും ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും ആഹാരം തയ്യാറാക്കുന്ന തിരക്കിലായിരുന്നു .ഈ സന്ദർഭത്തിൽ ഊർമ്മിളയെ കാണുന്ന ലക്ഷ്മണന്‍റെ കണ്ണുകൾ ഈറനണിയുന്നു. മാത്രമല്ല പതിനാല് വർഷങ്ങൾക്ക് ശേഷം ലക്ഷ്മണനെ കണ്ട ഊർമ്മിള ലക്ഷ്മണനെ കുറ്റപ്പെടുത്തുന്നില്ല .ഭർത്താവിനെ കണ്ട മാത്രയിൽ അവൾ ആ പാദങ്ങൾ തൊട്ടു തൊഴുന്നു. എന്നിട്ട് അദ്ദേഹത്തിനോട് ചോദിക്കുന്നു അങ്ങയുടെ കടമയും ഉത്തരവാദിത്തങ്ങളും നന്നായി ചെയ്യാൻ അങ്ങേയ്ക്ക് കഴിഞ്ഞല്ലോ എന്നാണ്.അങ്ങ് എന്നെ ഏൽപ്പിച്ചിട്ട് പോയ എന്‍റെ കടമയും ഉത്തരവാദിത്തവും ഞാനും നിറവേറ്റി . ഇത് കേട്ട ലക്ഷ്മണന്‍റെ മാനസികാവസ്ഥ വളരെ ദയനീയമായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകൾ ഈറനണിയുന്നുണ്ട് . താൻ തന്‍റെ ഊർമ്മിളയോട് നീതി പുലർത്തിയില്ലേ എന്ന ഒരു തോന്നൽ ഈ സന്ദർഭത്തിൽ ലക്ഷ്മണനിൽ ഉണ്ടാകുന്നുണ്ട്.


വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമൻ ആദ്യം പോകുന്നത് ഊർമിളയുടെ അന്തപുരത്തിലേക്കായിരുന്നു. അവിടെ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ അടുത്തേക്കു ചെല്ലുന്നു. ജ്യേഷ്ഠൻ എന്തിനാണ് തന്‍റെ ഭാര്യയുടെഅന്തപുരത്തിലേക്ക് പോയതെന്നു നോക്കാൻ ചെന്ന ലക്ഷ്മണൻ ഒരു നിമിഷം ഞെട്ടി തരിച്ചുനിന്നു പോയി. അവിടെ പള്ളിയറയിൽ ഉറങ്ങിക്കിടക്കുന്ന തന്‍റെ ഊർമ്മിളയുടെ കാലുകളിൽ തൊട്ട് കൊണ്ട് താൻ പിതൃതുല്യനായി കാണുന്ന തന്‍റെ ജ്യേഷ്ഠൻ മാപ്പ് ചോദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.തദവസരത്തിൽ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്ന ഊർമ്മിള ജ്യേഷ്ഠന്‍റെ ഈ പ്രവർത്തി കണ്ട് വല്ലാതെ വ്യാകുലപ്പെടുന്നു. ഊർമ്മിള ജ്യേഷ്ഠന്‍റെ കൈയിൽ പിടിച്ച് ‘അരുതേ ജ്യേഷ്ഠൻ എന്താണ് ഈ ചെയ്യുന്നത്, അങ്ങ് പിതൃതുല്യനാണ് .അങ്ങനെയുള്ള ജ്യേഷ്ഠൻ തന്‍റെ കാൽ പിടിച്ച് മാപ്പ് ചോദിക്കുകയും നന്ദി പറയുകയും ചെയ്യുന്നത് എന്തിനാണ് അത് വളരെ പാപമാണ്. ഞാൻ ജ്യേഷ്ഠ നേക്കാൾ എത്രയോ ഇളയതാണ്’.


ഇങ്ങനെ പറയുന്ന ഊർമ്മിളയോട് ശ്രീരാമൻ പറയുന്നു’ ജന്മം കൊണ്ട് നീ ഇളയതാണ് എന്നാൽ കർമ്മം കൊണ്ട് നീ എത്രയോ ഉയരത്തിലാണ് .പതിനാല് വർഷം ഭർത്താവിനെ പിരിഞ്ഞ് ഞങ്ങളുടെ അച്ഛനമ്മമാരെ വളരെ നന്നായി തന്നെ നീ നോക്കി. അല്ലയോ അനുജത്തി നീ നിന്‍റെ കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റി.നീയും സീതയെ പോലെ വനവാസത്തിന് വരണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനേ എനിക്ക് എന്‍റെ ലക്ഷ്യം നിറവേറ്റാൻ സാധിക്കുമായിരുന്നില്ല. ലക്ഷ്മണൻ നീ വനവാസത്തിന് വരണ്ട എന്ന് പറഞ്ഞപ്പോൾ ഉർമ്മിളേ നീ അതനുസരിച്ചു യാതൊരു വാശിയും പിടിച്ചില്ല. നിന്‍റെ വിവേകപൂർണമായ ഈ പ്രവർത്തിയാണ് എനിക്ക് എന്‍റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിച്ചത്. ഇത്രയും മഹത്വമുള്ള പ്രവർത്തി ചെയ്ത നിന്നോട് ഞാൻ എത് വിധേനയാണ് നന്ദി പറയേണ്ടത്. സഹോദരി ഞങ്ങൾ വനവാസത്തിന് പോയപ്പോൾ നീ ഇവിടെ നിന്‍റെ കടമകളും ഉത്തരവാദിത്തങ്ങളും ചെയ്തു കൊണ്ടിരുന്നു. സ്വന്തം ഭർത്താവ് ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും കാവലായപ്പോൾ നീ ഇവിടെ ഭർത്താവിന്‍റെ അച്ഛനമ്മമാർക്ക് കാവലായി. അങ്ങനെയുള്ള നിന്‍റെ കാൽ പിടിച്ച് ഞാൻ നന്ദി പറയേണ്ടേ’ .ഇങ്ങനെ പറയുന്ന ശ്രീരാമനോട് ഊർമ്മിള പറയുന്നു, ‘എന്‍റെ ഭർത്താവ് ചെയ്തത് അദ്ദേഹത്തിന്‍റെ കടമയാണ്. ഞാൻ ചെയ്തത് എന്‍റെ കടമയും അതിന് നന്ദി പറയേണ്ട ആവശ്യമില്ല ജ്യേഷ്ഠാ’ എന്നാണ്.


‘എന്‍റെ കടമകളും നിറവേറ്റി എനിക്ക് ഇവിടെ പിടിച്ച് നിൽക്കാൻ സാധിച്ചത് അങ്ങ് കാരണമാണ് . ജ്യേഷ്ഠനോടുള്ള സ്നേഹം കൊണ്ട് വനവാസ ത്തിന് പോകാൻ തയ്യാറായി നിൽക്കുന്ന എന്‍റെ പതി എന്നെ കൊണ്ടുപോകാൻ തയ്യാറായില്ല. അദ്ദേഹം എന്‍റെ ദു:ഖം കണ്ടതേയില്ലേ.പക്ഷേ അങ്ങ് മനസ്സിലാക്കി എന്നെ സമാധാനിപ്പിച്ചു അതോടൊപ്പം ഭർതൃ വിരഹം നിന്‍റെ മനസ്സിനെ തളർത്താതിരിക്കട്ടേ എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു.എന്നും ഭർത്താവ് നിന്നോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന അനുഭവം ഉള്ളതായി നിനക്ക് തോന്നട്ടെ എന്ന് അങ്ങ് എനിക്ക് നൽകിയ ഈ അനുഗ്രഹത്താലാണ് ഈ കഴിഞ്ഞ പതിനാല് വർഷം ഞാൻ എന്‍റെ കടമകൾ നിറവേറ്റി ജീവിച്ചത്. ഞാൻ എന്‍റെ പതിയുടെ കൂടെ സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തോടെയാണ് ജീവിച്ചത്. ഭർത്താവിനോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന ഒരു പതിവ്രതയായ സ്ത്രീക്ക് ഒരു നല്ല കുടുംബിനിയായിരിക്കാൻ സാധിക്കും. അത് എനിക്ക് സാധിച്ചത് അങ്ങ്നിമിത്തമാണ്’. ഊർമ്മിളയുടെ വാക്കുകൾ അങ്ങ് മാറി നിന്ന് കേട്ടുകൊണ്ടിരുന്ന ലക്ഷണന്‍റെ കണ്ണുകൾ ഒരു കണ്ണീർ പുഴയായി മാറുന്നു. ജ്യേഷ്ഠനോടുള്ള സ്നേഹ കൂടുതൽ കൊണ്ട് താൻ അഗ്നിസാക്ഷിയായി വിവാഹം കഴിച്ച തന്‍റെ പത്നിയോട് താൻ എത്ര വലിയ അപരാധമാണ് ചെയ്തതെന്ന് ലക്ഷ്മണൻ മനസ്സിലാക്കുന്നു. ഊർമ്മിളയോട് താൻ നീതി പുലർത്തിയില്ലേ…. എന്ന ഒരു തോന്നൽ ലക്ഷ്മണനിൽ ഉടലെടുക്കുന്നുണ്ട്.


രാമായണത്തിൽ നീതി കിട്ടാതെ പോയ അനേകം കഥാപാത്രങ്ങളുണ്ട് അവരിൽ ഏറ്റവും പ്രധാന കഥാപാത്രം ഊർമ്മിള തന്നെ . സഹനത്തിന്‍റെ സ്ത്രീരൂപമായ ഇങ്ങനെയൊരു കഥാപാത്രത്തെ നമ്മൾ വേറെ കണ്ടിട്ടുണ്ടോ . ഊർമ്മിളയ്ക്ക് തുല്യം ഊർമ്മിള മാത്രം . ഭാരതീയ സ്ത്രീ കഥാപാത്രങ്ങളിൽ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കരുത്തുറ്റ ഒരു കഥാപാത്രമായി ജന ഹൃദയങ്ങളിൽ ഒരു നോവായും ചിരഞ്ജീവിയായും ഇന്നും ഊർമ്മിള നിലകൊള്ളുന്നു. അതേ രാമായണത്തിന്‍റെ ദു:ഖപുത്രിയും വാല്മീകിയുടെ മാനസപുത്രിയും ഊർമ്മിള തന്നെ

Leave a Reply

Your email address will not be published. Required fields are marked *