എംപി ഫണ്ട് വെട്ടികുറയ്ക്കൽ; കൂടുതൽ ബാധിക്കുന്നത് കേരളത്തെ
പ്രാദേശിക വികസന നിധി എന്ന എംപി ഫണ്ട് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്ക്കാര് ഏറ്റെടുക്കുന്നതോടെ അത് സംസ്ഥാനത്തിന് തിരിച്ചടിയാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപി ഫണ്ട് വിനിയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണ് സംസ്ഥാനത്തിലെ എംപിമാര്‍. പ്രാദേശികമായ ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് ഫണ്ട് ലഭ്യമാക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരുന്നു.
2014-2019 കാലയളവില്‍ കേരളത്തിലെ എംപിമാര്‍ ചെലവിട്ട ശരാശരി തുക 91 ശതമാനത്തിലേറെയാണ്.
രണ്ടു വര്‍ഷത്തെ എംപി ഫണ്ട് ഏറ്റെടുക്കുന്നതോടെ സര്‍ക്കാരിന് ലഭിക്കുക 7900 കോടി രൂപയാണ്. പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു എംപിക്ക് ലഭിച്ചിരുന്ന ഫണ്ട്. രണ്ടു വര്‍ഷം കൊണ്ട് പത്തു കോടി രൂപയാണ് മണ്ഡലങ്ങള്‍ക്ക് നഷ്ടമാകുക.
എംപി ഫണ്ടിന്റെ 22.5 ശതമാനം പിന്നോക്കവര്ഗവികസന പദ്ധതികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നതാണ്. ഓരോ വര്‍ഷവും 15 ശതമാനം തുക പട്ടിക ജാതിക്കാരുടെയും 7.5 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. ബാക്കിയുള്ള തുക മണ്ഡലത്തിലെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കാന്‍ എംപിമാര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.