എ.ഇ.പി.എസ് സംവിധാനത്തേകുറിച്ചറിയാം
പോസ്റ്റ്മാൻ വഴി പണം വീട്ടിലെത്തിക്കുകയും , പോസ്റ്റ് ഓഫീസ് വഴി ബാങ്ക് അക്കൗണ്ടിലെ പണം ലഭ്യമാക്കുകയും ചെയ്യുന്ന എ.ഇ.പി.എസ് (ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം) പദ്ധതിക്ക് സ്വീകാര്യതയേറുന്നു. പെൻഷൻ തുക പിൻവലിക്കുന്നതിന് എ.ടി.എമ്മിലും, ബാങ്കുകളിലും പോകാൻ ബുദ്ധിമുട്ടുള്ളവർക്കാണ് പദ്ധതി ഏറ്റവും ഉപകാരപ്പെടുന്നത്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം എന്നത് മാത്രമാണ് നിബന്ധത. ബയോ മെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പോസ്റ്റ് ഓഫീസിൽ ബന്ധപ്പെട്ട് വിവരങ്ങൾക്കൊപ്പം ലഭിക്കേണ്ട പണത്തെക്കുറിച്ചും അറിയിച്ചാൽ പോസ്റ്റ് മാൻ പണവുമായി വീട്ടിലെത്തും.
തപാൽ ജീവനക്കാർക്ക് ബയോമെട്രിക് സംവിധാനം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പറഞ്ഞ് കൊടുക്കണം. ആ നമ്പറിലേക്ക് ഒ.ടി.പി വരും. ആ നമ്പർ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ പണം പിൻവലിക്കാൻ കഴിയും. ഒരു ദിവസം പരമാവധി 10,000 രൂപയാണ് പിൻവലിക്കാൻ സാധിക്കുക. പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തി സമയത്താണ് ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാനാവുക. ആധാർ നമ്പറും, രജിസ്റ്റേർഡ് മൊബൈലും കൈയിൽ കരുതിയിരിക്കണം.