ഐ പി എൽ: അവിശ്വസനീയ മത്സരത്തിനൊടുവിൽ രാജസ്ഥാന് ജയം
റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാൻ്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെയും മായങ്ക് അഗർവാളിൻ്റെയും മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. മായങ്ക് സെഞ്ച്വറി നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 183 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഏഴ് സിക്സറുകളും പത്ത് ബൗണ്ടറികളുമടക്കം 50 പന്തിൽ 106 റൺസ് മായങ്ക് അടിച്ചുകൂട്ടി. രാഹുൽ 69 റൺസെടുത്തു. പഞ്ചാബ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 223 റൺസ് എടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്മിത്തിൻ്റെയും മലയാളിതാരം സഞ്ജു സാംസൻ്റെയും കരുത്തിൽ തിരിച്ചടിച്ചു. അർദ്ധ സെഞ്ച്വറി നേടിയയുടൻ സ്മിത്ത് പുറത്തായി. 42 പന്തിൽ 85 റൺസെടുത്ത് സഞ്ജു പുറത്തായപ്പോൾ രാജസ്ഥാൻ തോൽവി മണത്തു. പക്ഷെ അവിടെ നിന്നാണ് രാഹുൽ ടിവാറ്റിയയുടെ രക്ഷാപ്രവർത്തനം തുടങ്ങിയത്. അതുവരെ റൺസെടുക്കാൻ വിഷമിച്ച ടിവാറ്റിയ പിന്നീട് കളിയുടെ ഗതി തിരിച്ചു. ആദ്യം നേരിട്ട 18 ബോളിൽ 8 റൺസായിരുന്നു ടിവാറ്റിയയുടെ സമ്പാദ്യം. കോട്രലിനെ ഒരോവറിൽ അഞ്ച് സിക്സറടിച്ച ടിവാറ്റിയ 31 പന്തിൽ 51 റൺസ് എടുത്തു. ടിവാറ്റിയ പുറത്താകുമ്പോൾ രാജസ്ഥാൻ ജയത്തിനടുത്തെത്തിയിരുന്നു. ഒടുവിൽ മൂന്ന് പന്ത് ശേഷിക്കെ രാജസ്ഥാൻ ജയം സ്വന്തമാക്കി. സഞ്ജുവാണ് മാൻ ഓഫ് ദി മാച്ച്