കണ്ടില്ലെന്ന് നടിക്കരുതേ സ്റ്റെഫിയെ പോലുള്ള കായികതാരങ്ങളെ

വേണം സ്റ്റെഫിക്ക് സര്‍ക്കാര്‍ജോലി

വിജയത്തിന്‍റെ ചവിട്ടുപടിയിൽ നിന്നും സ്റ്റെഫി എന്ന കായികതാരം കൂപ്പു കുത്തി വീണത് കയ്പ്പ് നിറഞ്ഞ ദുർവിധിയിലേക്കായിരുന്നു.കണ്ണൂർ പിലാത്തറ സ്വദേശിയായ സ്റ്റെഫി വിജയതിന്‍റെ തിരുമധുരം നുണയുന്നതിനു മുന്നേ കായിക ലോകത്തിൽ നിന്നും പിന്തിരിഞ്ഞു നടക്കേണ്ടിവന്നവളാണ്. മധ്യ ദൂര ഇനത്തിലെ മുൻ ദേശീയ-സംസ്ഥാന ജേതാവായി നേട്ടങ്ങൾ വാരിക്കൂട്ടുന്നതിനിടയിലാണ് സ്റ്റെഫിയെ പരിക്ക് ദൗർഭാഗ്യത്തിന്‍റെ രൂപത്തിൽ പിടികൂടിയത്.

മധ്യ ദൂരയിനത്തിലെ മുന്‍ ദേശീയ-സംസ്ഥാനജേതാവായ സ്‌റ്റെഫി സോണിക്കും പറയാനുള്ളത് വിധി ദൗര്‍ഭാഗ്യത്തിന്‍റെയും പരിക്കിന്‍റെയും രൂപത്തിലെത്തിയ കഥയാണ്. 2003 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷക്കാലം ദേശീയ-സംസ്ഥാന കായികമേളകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സ്‌റ്റെഫി. ഒളിംപ്യന്‍ പി ടി ഉഷ അക്കാദമി ആരംഭിച്ച ആദ്യ ബാച്ചില്‍ തന്നെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവൾ. ഉഷയുടെ ചിട്ടയായ പരിശീലനത്തിനൊപ്പം പിന്നീട് അന്തര്‍ദേശീയ താരങ്ങളായി മാറിയ ടിന്റു ലൂക്ക, ശില്‍പജോസഫ്, എന്നിവരോടൊപ്പമുള്ള മല്‍സരങ്ങളും കായികലോകത്തെ മിന്നും താരമായി ഉദിച്ചുയരാന്‍ സ്റ്റെഫിയെ സഹായിച്ചു.2003ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയാണ് സ്‌റ്റെഫി വരവറിയിച്ചത്.

ടിന്‍റുലൂക്കയ്ക്കൊപ്പം സ്റ്റെഫിസോണി(ഫയല്‍ ചിത്രം)

പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം നടന്ന പ്രധാനപ്പെട്ട എല്ലാ സംസ്ഥാന ദേശിയ മീറ്റുകളിലും മെഡലുകള്‍ സ്റ്റെഫിയെത്തേടിയെത്തി. ആദ്യ കാലങ്ങളില്‍ 200,400 മീറ്ററുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്‌റ്റെഫി പിന്നീട് ഉഷയുടെ നിര്‍ദേശപ്രകാരം 800ലേക്ക് ചുവടുമാറി. 800 മീറ്ററില്‍ 2006ലെ സ്റ്റേറ്റ് ഇന്റര്‍ക്ലബ്ബ് അത്‌ലറ്റിക്മീറ്റില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം,2008ലെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണം, അതേ വര്‍ഷം തന്നെ സംസ്ഥാന ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം, എന്നിവയടക്കം 14സംസ്ഥാന മെഡലുകളാണ് സ്റ്റെഫി സ്വന്തമാക്കിയത്. 2004 ജനുവരിയില്‍ പശ്ചിമബംഗാളില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം,2006,07 വര്‍ഷങ്ങളില്‍ ദേശീയ സ്‌കൂള്‍കായികമേളകളിലും ഇന്റര്‍ യൂനിവേഴ്‌സിറ്റി മല്‍സങ്ങളിലും സ്വര്‍ണം എന്നിവയടക്കം 18 ദേശീയ ചാംപ്യന്‍ഷിപ്പുകളിലെ വിവിധ മെഡലുകള്‍ സ്റ്റെഫി കഴുത്തിലണിഞ്ഞു

ഉഷ സ്കൂളില്‍ സ്റ്റെഫി കായിക പരിശീലനത്തില്‍

ഉഷ സ്‌കൂളിലെ പഠനത്തിന്റെ അവസാന നാളുകളില്‍ 2008ലാണ് വിട്ടുമാറാത്ത പേശീവേദന സ്റ്റെഫിയെ പിടികൂടുന്നത്. ഒരു വര്‍ഷമെങ്കിലും പൂര്‍ണമായ വിശ്രമം വേണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. എന്നാല്‍ കായികമേഖലയോടുള്ള അടങ്ങാത്ത അഭിനിവേശവും സര്‍ക്കാര്‍ തലത്തിലെ എന്തെങ്കിലും ഒരു ജോലിയും ലക്ഷ്യമിട്ട് വീണ്ടും പരിശീലനത്തിനിറങ്ങി. എന്നാല്‍ പിന്നീടുളള പ്രകടനങ്ങളില്‍ സ്റ്റെഫിക്ക് മികച്ച സമയം കുറിക്കാനായില്ല. മാത്രവുമല്ല പരിശീലനത്തിനിടെ അസഹനീയമായ വേദനയും തുടര്‍ന്നതോടെ 2010ല്‍ പൂര്‍ണമായും കളിക്കളത്തോടു വിടപറഞ്ഞു. ഡിഗ്രിപഠനത്തിനൊപ്പം കൊല്ലം സായിയില്‍ ജയകുമാര്‍സാറിന്റെ പരിശീലനത്തിലായിരുന്നു അവസാന നാളുകളില്‍ സ്റ്റെഫി. പരിക്കിനോട് പടവെട്ടിയാണ് കായിക ജീവിതത്തിലെ അവസാനത്തെ മൂന്നു വര്‍ഷങ്ങളില്‍ സ്റ്റെഫി കളത്തിലിറങ്ങി മെഡലുകള്‍ സ്വന്തമാക്കിയത്.


കോളജ് പഠനശേഷം കായിക താരങ്ങള്‍ക്കായി നിജപ്പെടുത്തിയിട്ടുള്ള ജോലികള്‍ക്കായി സ്‌റ്റെഫി മുട്ടാത്ത വാതിലുകളില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ജോലി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാവുന്നതിനിടെ മറ്റൊരു ദൗര്‍ഭാഗ്യവും സ്റ്റെഫിയെത്തേടിയെത്തി. ജോലിക്കുള്ള അപേക്ഷാഫോം പൂരിപ്പിച്ചതില്‍ വന്ന മനപൂര്‍വമല്ലാത്ത ചെറിയൊരു പിഴയുടെ പേരില്‍ സ്റ്റെഫിയുടെ ഫയല്‍ റെയില്‍വേ അധികൃതര്‍ മടക്കിയയച്ചു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയും സംസ്ഥാന പോലിസിലെ നിയമനങ്ങളിലുമെല്ലാം തന്നേക്കാള്‍ കുറഞ്ഞ പ്രകടനം നടത്തിയിട്ടുള്ളവര്‍ പോലും കയറിപ്പറ്റിയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ചു മെഡലുകള്‍ നേടിയിട്ടില്ലെന്ന ഒറ്റ കാരണത്താല്‍ സ്‌റ്റെഫിക്ക് അവസരം നിഷേധിച്ചു. സീനിയര്‍ വിഭാഗങ്ങളിലേ മല്‍സരങ്ങള്‍ക്കിറങ്ങേണ്ട പ്രായമായപ്പോഴേക്കും പരിക്കുമൂലം കളം വിടേണ്ടി വന്നതാണ് സ്റ്റെഫിക്ക് വിനയായത്.

ഇടുക്കി സ്വദേശി സോണി വര്‍ഗീസിനെ വിവാഹം ചെയ്ത ശേഷം ഭര്‍ത്താവ് ജോലി ചെയ്യുന്ന അതേ സ്‌കൂളായ ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ വിദ്യാജ്യോതി സ്‌കൂളില്‍ സ്‌റ്റെഫിയും കായികാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ സ്‌കൂളിലെ കുരുന്നു കായികപ്രതിഭകളെ ദേശീയ കായിക മേളകളിലേക്ക് യോഗ്യരാക്കാനുള്ള തിരക്കിലാണ് സ്‌റ്റെഫിയിപ്പോള്‍. കഴിഞ്ഞ ഫെബ്രുവരിയിൽ 195 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകിയെങ്കിലും സ്റ്റെഫി ഇവിടേയും ഇടം നേടിയില്ല. തുഛമായ ശമ്പളത്തില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഏറെയുള്ള ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കായിക താരങ്ങള്‍ക്കായി നിജപ്പെടുത്തിയിട്ടുള്ള ജോലികളിലേതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് സ്റ്റെഫിക്ക് ഇപ്പോഴുമുള്ളത്

Leave a Reply

Your email address will not be published. Required fields are marked *