കോവിഡ് കാലഘട്ടം: കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം


കോവിഡി് 19ന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ വിദഗ്ദര്‍. സമ്പര്‍ക്ക വ്യാപനത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികള്‍ ഉള്‍പ്പെടുന്നത് കൂടുന്നതായി കണ്ടുവരുന്നുണ്ട്.

താരതമ്യേന പ്രതിരോധം കുറഞ്ഞ കുട്ടികള്‍ക്ക് രോഗം പിടിപെടാനുളള സാധ്യത കൂടുതലാണ്. രോഗം സങ്കീര്‍ണ്ണമാകാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളെ പരിചരിക്കുന്നവര്‍ വീടിനു പുറത്തു പോകാതിരിക്കുക. സന്ദര്‍ശകര്‍ കുഞ്ഞുങ്ങളെ എടുക്കാനും ലാളിക്കാനുമുളള സാഹചര്യം ഒഴിവാക്കുക. ജോലി സംബന്ധമായി പൊതുഇടങ്ങളില്‍ സഹകരിക്കുന്നവര്‍ കുഞ്ഞുങ്ങളോട് അടുത്തിടപെഴകരുത്.

വീടുകളില്‍ കരുതല്‍ നിരീക്ഷണത്തലുളളവര്‍ ഒരു വിധത്തിലും കുഞ്ഞുങ്ങളോട് ഇടപെടരുത്. മുലയൂട്ടുന്ന അമ്മമാര്‍ വ്യക്തി ശുചിത്വം ഉറപ്പാക്കണം. ജോലി സംബന്ധമായി പുറത്തു പോകുന്ന പാലൂട്ടുന്ന അമ്മമാര്‍ കുളിച്ചു വൃത്തിയായ ശേഷം മാത്രം പാലൂട്ടുക. പുറത്തു പോയി മടങ്ങി വരുന്നവര്‍ ധരിച്ചിരുന്ന വസ്ത്രം കഴുകി, കുളിച്ചു വൃത്തിയായതിനു ശേഷം മാത്രമേ കുഞ്ഞുങ്ങളോട് ഇടപെടാവൂ. പുറത്തു നിന്നും കൊണ്ടുവരുന്ന ഭക്ഷണപ്പൊതികള്‍, മറ്റ് പായ്ക്കറ്റുകള്‍ ഒന്നും തന്നെ കുട്ടികള്‍ സ്പര്‍ശിക്കാനിടയാകരുത്. മൊബൈല്‍ ഫോണ്‍, താക്കോല്‍, വാച്ച്, തുടങ്ങിയവ അണുവിമുക്തമാക്കുക. ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതിരിക്കുക.

കുഞ്ഞുങ്ങളെ ഒരു കാരണവശാലും ബന്ധുഗൃഹങ്ങള്‍, കടകള്‍, ബാങ്കുകള്‍ തുടങ്ങി ആളുകള്‍ കൂടുന്നയിടങ്ങളില്‍ കൊണ്ടുപോകാതിരിക്കുക. കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവയ്പുകള്‍ മുടങ്ങരുത്. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കുത്തിവെയ്‌പെടുക്കുക. കളിക്കോപ്പുകള്‍, പുതിയവസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ വാങ്ങിയ പടി കുട്ടികള്‍ക്ക് നല്കരുത്. ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *