കോവിഡ് പ്രതിരോധത്തിനായി കയർ സാനി മാറ്റുകൾ

  • ആമസോൺ വഴിയും കുടുംബശ്രീ വഴി ആവശ്യക്കാർക്ക് വീടുകളിലും മാറ്റ് എത്തിക്കും

കോവിഡ് പ്രതിരോധത്തിനായി കയര്‍ സാനിമാറ്റുകള്‍ വിപണിയിലേക്ക് എത്തുന്നു. പുറത്തു പോയി വരുന്നവർ മാറ്റിൽ ചവിട്ടി കാൽ വൃത്തിയാക്കുമ്പോൾ കാലിലൂടെ രോഗ വ്യാപന സാധ്യത ഇല്ലാതാകുമെന്നതാണ് സാനി മാറ്റിന്റെ പ്രത്യേകത. സാനിട്ടൈസെർ നിറച്ച ട്രേയിൽ പ്രകൃതി ദത്ത നാരുകൾ കൊണ്ടു നിർമ്മിച്ച കയർ മാറ്റുകൾ 6 മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനാകും. അണു നശീകരണ ലായനി ഉപയോഗിക്കുന്നതിനാൽ 3 ദിവസം കൂടും തോറും വെള്ളം മാറ്റി ഉപയോഗിക്കുന്നതാകും നല്ലത്. 

  തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജിയിലെ വിദഗ്ധരും, നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നിർമിക്കുന്ന സാനിറ്റൈസർ ലായനിയാണ് ആന്റി കോവിഡ് മാറ്റിൽ ഉപയോഗിക്കുന്നത്. കയർ മാറ്റ്, ട്രേ, സാനിറ്റൈസർ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയിൽ എത്തുന്നത്. വീടുകളിലെയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാണ് മാറ്റുകൾ രൂപകല്പ്പന ചെയ്തിട്ടുള്ളത്. 

കയർ വകുപ്പിന്റെ പുതിയ ചുവടുവെയ്പ്പ് സമൂഹത്തിൽ പുതിയ ഡിമാൻഡ് സൃഷ്ടിചിരിക്കുകയാണ്. ചെറുകിട ഉൽപാദകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി വ്യാപാരികൾക്ക് നൽകുന്ന രീതിയാണ് കയർ കോർപറേഷൻ ഇതുവരെ ചെയ്തിരുന്നത്. എന്നാൽ സാനി മാറ്റുകൾ ദേശ വ്യാപകമായി നേരിട്ട് വിപണനം നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

കയർ കോർപറേഷൻ ഷോ റൂമുകൾ വഴി ഇപ്പോൾ ലഭ്യമാകുന്ന മാറ്റുകൾ കുടുംബശ്രീ സിഡിഎസ് വഴി സംസ്ഥാനത്ത്  എല്ലായിടങ്ങളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീയുടെ ഹോം ഷോപ്പിക്കു പുറമെ കൺസ്യൂമർ ഫെഡ്, സിവിൽ സപ്ലൈ ഷോ റൂമുകൾ വഴിയും സാനി മാറ്റുകൾ വിപണിയിൽ എത്തിക്കും. 

850 രൂപ മുതൽ 5000 രൂപ വരെയുള്ള മാറ്റുകൾ അഞ്ച് വ്യത്യസ്ത മാതൃകയിൽ ലഭ്യമാകും. ഹോൾസെയിൽ വാങ്ങുന്നവർക്ക് 30 % വിലക്കിഴിവിലും മാറ്റുകൾ നൽകും. നിലവിൽ ആമസോൺ വഴി ലഭ്യമാകുന്ന മാറ്റുകൾ കുടുംബശ്രീ വഴി കേരളത്തിൽ എവിടെ വേണമെങ്കിലും എത്തിച്ചു നൽകും.

Leave a Reply

Your email address will not be published. Required fields are marked *