കോവിഡ്19: തിരുവനന്തപുരത്ത് ആശങ്ക

തിരുവന്തപുരം: സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്

തിരുവനന്തപുരത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഒടുവില്‍ ലഭിച്ച ഒരു വിവരം. രാജ്യത്തിന്‍റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാള്‍ പോസിറ്റീവായി മാറുന്നത്. കേരളത്തിലേത് 36ല്‍ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവാണെന്നു കാണുന്നു.

രോഗബാധിതരെയാകെ കണ്ടെത്താനുള്ള സര്‍വൈലന്‍സ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് ഈ മാസം അഞ്ചിന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളില്‍ 15-ാം തീയതിയോടു കൂടിയാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാര്‍ഗരേഖകള്‍ക്കനുസൃതമായാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍ (നെയ്യാറ്റിന്‍കര), പനവൂര്‍, കടയ്ക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ തുടര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവര്‍ത്തിച്ച പ്രവര്‍ത്തന പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ രോഗനിയന്ത്രണ നിര്‍വ്യാപന പ്രവര്‍ത്തികള്‍ ഈ മേഖലകളില്‍ നടപ്പാക്കുകയാണ്.

തീരദേശത്തിനു പുറമേ പാറശ്ശാല, കുന്നത്തുകാല്‍, പട്ടം, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട പ്രദേശങ്ങളിലും രോഗബാധ അധികരിച്ച് കാണുന്നുണ്ട്. ഈ പ്രദേശങ്ങള്‍ക്ക് ഓരോന്നിനും അനുയോജ്യമായ രോഗനിര്‍ണ്ണയ നിര്‍വ്യാപന ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഇതുവരെ 39,809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുവാനായി 6983 പൂള്‍ഡ് സെന്‍റിനല്‍ സാമ്പിളുകളും ചെയ്തിട്ടുണ്ട്.  ഇന്നലെ 789 റുട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സെന്‍റിനല്‍ നാമ്പിളുകളുമാണ് ചെയ്തത്.  ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ഈ മാസം നാലു മുതലാണ് ജില്ലയില്‍ ആരംഭിച്ചത്. ഇതുവരെ 24,823 ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. 1882 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. പുല്ലുവിള ഉള്‍പ്പെടുന്ന കടലോര മേഖലയില്‍ ഇന്ന് 1150 ആന്‍റിജന്‍ ടെസ്റ്റാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *