ചെല്ലാനത്തിനായി ‘കോടിരൂപമൂല്യമുള്ള മേരിയുടെ കരുതല്‍’


നൂറ് രൂപകൊണ്ട് അവര്‍ ഇത്തിരി തേയിലയും പഞ്ചസാരയും വാങ്ങിക്കോട്ടെ.. ഭയങ്കര കഷ്ടത്തിലാ ചെല്ലാനംകാര്‍. ടീവിയില്‍ അവരുടെ കഷ്ടപ്പാട് ഞാന്‍ കണ്ടതാണേ.. എന്തൊരു ദുരിതമാണ് ആ പാവങ്ങള്‍ അനുഭവിക്കുന്നത്. എന്തെങ്കിലും അവര്‍ക്ക് വേണ്ടി ചെയ്യണ്ടേ.. അതുകൊണ്ടാണ് നൂറുരൂപ പൊതിയില്‍ വെച്ചത്.. മേരിചേച്ചിയുടെ വാക്കുകളാണിവ…


കരയുന്നവന്‍റെ കണ്ണീര് കാണാനുള്ള മനസ്സ്, അവരും തന്‍റെ സഹജീവികളാണെന്ന് മനസ്സിലാക്കി ഉറുമ്പ് ധാന്യം ശേഖരിച്ച് വയ്ക്കുന്നതുപോലെ പലപ്പോഴായി സ്വരുക്കൂട്ടി വെച്ചിരുന്ന രൂപയാണ് മേരി ചേച്ചി പൊതിച്ചോറില്‍ വെച്ച് നല്‍കിയത്.
മേരിചേച്ചിയുടെ കരുതല്‍ ഇന്ന് നമ്മളില്‍ പലര്‍ക്കും കൈമോശം വന്നിരിക്കുന്നു.മേരി ചേച്ചിയുടെ ആ നൂറ് രൂപയ്ക്ക് കോടി രൂപയേക്കാള്‍ മൂല്യമുണ്ട്. ആ നോട്ടിന് മേരിയുടെ വിയര്‍പ്പിന്‍റെ ഗന്ധമുണ്ട്. തൊഴിലുറപ്പിന് പോയാണ് മേരി അന്നത്തിന് വകതേടിയത്. അതില്‍ നിന്ന് മിച്ചം വച്ച തുകയാണ് തന്‍റെ സഹോദരങ്ങള്‍ക്കായി വച്ചുനീട്ടിയത്. കോവിഡ് പടര്‍ന്നു പിടിച്ചതോടെ കാറ്ററിംഗ് തൊഴിലാളിയായ മേരിക്ക് തൊഴിലില്ലാതെയായി. കൂലിതൊഴിലാളിയായ ഭര്‍ത്താവ് സെബാസ്ററ്യനും തൊഴിലില്ലാതായിട്ട് നാലാഴ്ചയായി. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് ചെയ്യാമെന്ന് സര്‍ക്കാര്‍ പറഞ്ഞതോടെ മേരി തൊഴിലുറപ്പിന് പോയിതുടങ്ങി. തൊഴില്‍ ഇല്ലാതായാല്‍ ഒരു വീടിന്‍റെ അവസ്ഥ എങ്ങനെയാകും എന്ന് മേരിയെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല.

ചെല്ലാനത്ത് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ടത് കുമ്പളങ്ങി പഞ്ചായത്ത് ഒന്നാം വാര്‍ഡുകാരാണ് എന്നറിഞ്ഞതോടെ അന്നാട്ടുകാരെല്ലാം സ്നേഹ നൂലുകൊണ്ട് ചെല്ലാനത്തുകാര്‍ക്ക് പൊതിച്ചോര്‍കെട്ടി. പൊതികളെല്ലാം മേരിയുടെ വീട്ടിലാണ് ശേഖരിച്ചുവച്ചത്.കണ്ണമാലി ഇൻസ്‌പെക്‌ടർ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ അയൽ ഗ്രാമമായ കുമ്പളങ്ങിയിൽ നിന്നും സുമനസ്സുകളായപൊതു പ്രവർത്തകരുടെ സഹായത്തോടെയാണു ഭക്ഷണപ്പൊതികൾ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനിൽ ആന്റണി പൊതിച്ചോറിൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്. ഇന്‍സ്പെക്ടര്‍ പി.എസ് ഷിജു കോടിരൂപമൂല്യമുള്ള നൂറുരൂപനോട്ട് എന്ന തലകെട്ടോടെ പോസ്റ്റ് ഇട്ടതോടെയാണ് മേരി ചേച്ചിയുടെ കരുതല്‍ ലോകം അറിഞ്ഞത്.


വലുത് കൈകൊടുക്കുന്നത് ഇടത് കൈ അറിയരുതെന്നാണാല്ലോ പ്രമാണം എന്നു വിചാരിച്ച് സി.ഐ പോസ്റ്റില്‍ മേരി ചേച്ചിയെ പരാമര്‍ശിച്ചില്ല.ആ നൂറുരൂപ നോട്ടിന്‍റെ ഉടമ തീര്‍ച്ചയായും പാവപ്പെട്ടവനായിരിക്കും ആ നന്മനിറഞ്ഞ മനസ്സ് ലോകം അറിയണമെന്ന പോലീസുകാരന്‍ വിജുവിന്‍റെ വാക്കുകള്‍ കണക്കിലെടുത്താണ് ഇന്‍സ്പെകടര്‍ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം നൂറുരൂപനോട്ടിന്‍റെ ഉടമയെ തേടി ഇറങ്ങിയത്. അവരുടെ അന്വേഷണം ചെന്നവസാനിച്ചത് കുമ്പളങ്ങി സ്വദേശി മേരിചേച്ചിയിലാണ്. മേരിചേച്ചിയോടുള്ള ബഹുമാന സൂചകമായി കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തിയാണ് അവരോടുള്ള ആദരവ് പ്രകടമാക്കിയത്.

സി ഐ ഷിജു, ചേച്ചിക്ക് ഉപഹാരവും സമ്മാനിച്ചു.
ഇന്ന് മേരിചേച്ചിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നൂറുരൂപ നോട്ടും മേരിചേച്ചിയുടെ കരുതലും വൈറലായതോടെ മേരിചേച്ചിയുടെ ഫോണ്‍ നിര്‍ത്താതെ അടിച്ചുകൊണ്ടേയിരിക്കുന്നു.
നിരവധിപേര്‍ അഭിനന്ദനം അറിയിച്ചു വിളിച്ചുകഴിഞ്ഞു.. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഹൈബി ഈഡന്‍ എംപിയും മേരിചേച്ചിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു . മേരിചേച്ചിക്ക് വീടു വെച്ച് കൊടുക്കാന്‍ ഒരുട്രസ്റ്റ് മുന്നോട്ടുവന്നിട്ടുണ്ട്. അവരിലെ നന്മ തിരിച്ചറിഞ്ഞ പ്രവാസിസമൂഹം സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ദുരന്തങ്ങള്‍ കണ്ട് നമ്മുടെ മനസ്സ് മരവിച്ചുപോയിരിക്കുന്നു. നന്മയുടെ ഉറവവറ്റാത്ത മേരിചേച്ചിയെ പോലുള്ളവരാണ് ഇന്ന് അതിജീവനത്തിന്‍റെ മാതൃകയായി നമുക്ക് വഴികാട്ടിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *