ജീവിത വീഥിയിലെ അവധൂതൻ 93ന്‍റെ നിറവിൽ
അനുശ്രീ
മലയാളസാഹിത്യത്തിലെ സൗമ്യസാന്നിധ്യമായ പ്രൊഫ.എം കെ സാനു എന്ന സാനുമാഷിനു ഒക്ടോബർ 27 നു 93 വയസ്സ് തികഞ്ഞു.അരനൂറ്റാണ്ടിലേറെ കാലമായി ചിന്തകനായും വാഗ്മിയായും എഴുത്തുകാരനായും സാമൂഹ്യപ്രവർത്തകനായും നിറഞ്ഞുനിൽക്കുന്ന മലയാളത്തിലെ സ്നേഹ സാന്നിധ്യമാണ് മാഷ്.മഹാരാജാസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിലെ ദീർഘകാല അധ്യാപന ജീവിതത്തിനിടയിൽ തന്‍റെ വിദ്യാർഥികൾക്ക് ചിന്തയുടെ വാതായനങ്ങൾ തുറന്നു നൽകിയ പ്രിയപ്പെട്ട ഗുരുനാഥൻ,സ്വന്തം വിദ്യാർഥികളിൽ നിന്നു പോലും വിമർശനം ആഗ്രഹിച്ച അധ്യാപകനായിരുന്നു അദ്ദേഹം.നിരൂപകൻ എന്ന ഒറ്റ വിശേഷണത്തിന് അപ്പുറം രാഷ്ട്രീയക്കാരനായും പത്രപ്രവർത്തകനായും മനുഷ്യാവകാശങ്ങളുടെ വക്താവായും നിരവധി കർമ്മമണ്ഡലങ്ങൾ നാട്യങ്ങളില്ലാതെ ആടിത്തീർത്ത് പരിപൂർണതയിൽ എത്തിയിരിക്കുന്ന ജീവിതത്തിൻ്റെ 93 വർഷങ്ങൾ..
“അനന്തമായ കാലത്തിന്‍റെയും അപാരമായ ദേശത്തിന്‍റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷണനേരത്തേക്ക് തെളിയുകയും അടുത്ത ക്ഷണത്തില്‍ പൊലിയുകയും ചെയ്യുന്ന മനുഷ്യജീവിതം”
എന്ന ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച സാനുമാഷ് എന്ന പച്ച മനുഷ്യനെ കുറിച്ച് കുറച്ചൊന്നുമല്ല പറയാതെ പറയുന്നത്.മലയാള സാഹിത്യത്തിലേക്ക് വിമര്‍ശനത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിട്ട മാഷ് തൻറെ ആദ്യ വിമര്‍ശനഗ്രന്ഥത്തിന് കാറ്റും വെളിച്ചവും എന്ന് പേരിട്ടതു വഴി വ്യക്തമാക്കിയത് തന്റെ സാഹിത്യവീക്ഷണവും നിലപാടുകളും തന്നെയായിരുന്നു.
മലയാളസാഹിത്യം അന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിമര്‍ശനത്തിന്‍റെ സൗമ്യദീപ്തി ഒഴുക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കൃതികള്‍. എന്നാല്‍ പതുക്കെ പതുക്കെ ആ വിമര്‍ശന സൗകുമാര്യം ജീവചരിത്രരചനകളില്‍ അസാമാന്യമായ കൈയടക്കത്തോടെ ഉണര്‍ന്നു പ്രശോഭിക്കുന്നതിന് മലയാളം സാക്ഷിയായി. അങ്ങനെ മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അവിസ്മരണീയവും നിസ്തുലവുമായ സംഭാവനകള്‍ നല്‍കിയവരില്‍ സാനുമാസ്റ്റര്‍ മുന്‍പനായി. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മലയാളത്തിന്‍റെ എക്കാലത്തെയും റൊമാന്‍റിക് കവിയെക്കുറിച്ച് എത്രയോ ജീവചരിത്രങ്ങള്‍ ഇതിനകം മലയാളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ സാനുമാസ്റ്ററുടെ ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം മറ്റെല്ലാ കൃതികളെയും അപ്രസക്തമാക്കിക്കളഞ്ഞു.
അതുപോലെ ബഷീറിനെക്കുറിച്ച് ഏകാന്തവീഥിയിലെ അവധൂതനും പി. കെ ബാലകൃഷ്ണനെക്കുറിച്ച് ഉറങ്ങാത്ത മനീഷിയും ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെക്കുറിച്ച് അസ്തമിക്കാത്ത വെളിച്ചവുമെല്ലാം എഴുതിയപ്പോഴും സംഭവിച്ചത് അതുതന്നെയായിരുന്നു. ജീവചരിത്രശാഖയ്ക്ക് എംകെ സാനു നല്കിയ സംഭാവനകളുടെ മൂല്യത്തെക്കുറിച്ച് സാക്ഷാല്‍ എംടി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
നാം അതുവരെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജീവചരിതങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ സാനു മാസ്റ്റര്‍ക്ക് കഴിഞ്ഞതിലൂടെ ആ ജീവിതങ്ങള്‍ക്ക് തന്നെയാണ് വാഴ്ത്തലുകള്‍ ഉണ്ടായത്. രാജി ഒരു രാഷ്ട്രീയപ്രവർത്തനം ആണെന്നും എതിർപ്പുകൾ തന്‍റെ ശക്തി വർദ്ധിപ്പിക്കുന്നു എന്നും ,സ്വാതന്ത്ര്യമെന്നതിനു എന്നും വിശാലമായ അർത്ഥങ്ങളാണ് കാണുന്നതെന്നുമുള്ള അദ്ദേഹത്തിൻറെ ഉൾക്കാഴ്ചകൾ മതിലുകൾക്കുള്ളിൽ ശ്വാസം കിട്ടാതെ അലയുന്ന മാനവികതയ്ക്ക് ഉള്ള മാർഗ്ഗ ദർശനങ്ങൾ കൂടിയാണ്.
ജീവചരിത്രങ്ങള്‍ക്ക് പുതിയ മുഖം നല്കിയ എം കെ സാനു ആത്മകഥ രചിച്ചപ്പോഴും അവിടെയും വ്യത്യസ്തനായി. കാരണം ആത്മകഥ എന്ന് കേള്‍ക്കുമ്പോള്‍ എഴുത്തുകാരന്‍റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷയാണല്ലോ നമ്മെ നയിക്കുന്നത്. പക്ഷേ ഇവിടെയാകട്ടെ അത് കടന്നുവരുന്നില്ല. ഒരു കാലവും ദേശവും ഓര്‍മ്മചിത്രങ്ങളായി പരിണമിക്കുന്നതാണ് നാം ഇവിടെ അറിയുന്നത്.കര്‍മ്മഗതി എന്നാണ് ആത്മകഥയുടെ പേര്.തത്വാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യമാണ് 1987 ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഉള്ള അദ്ദേഹത്തിൻറെ വിജയം സാക്ഷ്യപ്പെടുത്തുന്നത്.മുളന്തുരുത്തിയിലെ മിത്രം എന്ന മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വർക്കുള്ള വിദ്യാലയത്തിന്‍റെ സ്ഥാപകഅംഗങ്ങളിൽ ഒരാൾ കൂടിയാണ് സാനുമാഷ്
വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിങ്ങനെ ശ്രദ്ധേയമായ പല പുരസ്‌ക്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എം കെ സാനുവിനെക്കുറിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ഒരു ഡോക്യുമെന്‍ററിയും ഒരുക്കിയിട്ടുണ്ട്. ജാലകങ്ങളിലെ സൂര്യന്‍. സാനുമാഷിനെക്കുറിച്ച് ഡോ. എ അരവിന്ദാക്ഷന്‍ നടത്തിയ സമഗ്രപഠനത്തിന് മഹത്വത്തിന്‍റെ സങ്കീര്‍ത്തനം എന്നാണ് പേര്.
ശ്രീനാരായണഗുരുവും ഇടതുപക്ഷ നിലപാടുകളുമാണ് സാനുമാസ്റ്ററുടെ സാഹിത്യദര്‍ശനത്തിന്‍റെയും സാമൂഹ്യബന്ധങ്ങളുടെയും അടിസ്ഥാനഭാവമായി നിലകൊള്ളുന്നത്. മലയാളത്തിലെ ഈ കാവ്യ മനീഷിയ്ക്ക് അദ്ദേഹത്തിൻറെ സ്വപ്നങ്ങളിൽ ഉള്ള സമത്വസുന്ദരവും വ്യക്ത്യാധിഷ്ഠിതവുമായ ലോകം പടുത്തുയർത്താൻ ശക്തി നൽകിക്കൊണ്ട് നമുക്കും അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ജന്മദിനത്തെയും ആഘോഷിക്കാം…