കഥകളി സംഗീതജ്ഞൻ തിരൂർ നമ്പീശന്‍ വിടപറഞ്ഞിട്ട് 29 സംവത്സരങ്ങള്‍

കഥകളി സംഗീതജ്ഞൻ തിരൂർ നമ്പീശന്‍റെ 29-ാം ഓർമ്മദിനം

നിരവധി വേദികളിൽ കഥകളിപ്പദങ്ങൾ അവതരിപ്പിച്ച പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം തിരൂർ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന പുളിയിൽ നാരായണൻ നമ്പീശൻ. 1942 മേയ് 14-ന് മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ പുളിയിൽ ദാമോദരൻ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണിയമ്മയുടെയും മകനായി ജനിച്ചു. ഏഴാം വയസ്സിൽ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. എൻ.കെ. വാസുദേവ പണിക്കരായിരുന്നു ആദ്യ ഗുരു. ശിഷ്യന്റെ കഴിവിന്റെ ആഴം മനസ്സിലാക്കിക്കഴിഞ്ഞ വാസുദേവ പണിക്കരുടെ നിർദ്ദേശ പ്രകാരം സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് 1957-ൽ കേരള കലാമണ്ഡലത്തിൽ കഥകളി ഗായകനാവാനുള്ള പരിശീലനം ആരംഭിച്ചു.

കലാമണ്ഡലത്തിൽ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി എന്നിവർ നമ്പീശന്റെ സതീർത്ഥ്യരായിരുന്നു. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കാവുങ്ങൽ മാധവ പണിക്കർ തുടങ്ങിയ മഹാരഥന്മാരായിരുന്നു ഗുരുക്കന്മാർ. മൂന്ന് വർഷത്തെ പഠനത്തിനുശേഷം 1960-ൽ മാടമ്പിയോടൊപ്പം നമ്പീശൻ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തിനുശേഷം സംഗീതവുമായി ഉപജീവനം തുടങ്ങിയ നമ്പീശൻ ആതവനാട് കറുത്തേടത്ത് സൗദാമിനി ബ്രാഹ്മണിയമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം ഭാര്യയുടെ ജന്മനാട്ടിലും പിന്നീട് ചെറുതുരുത്തി, മുതുതല, മംഗലാംകുന്ന് തുടങ്ങി പല സ്ഥലങ്ങളിലും ഇടക്കാലങ്ങളിൽ താമസിച്ചശേഷം ഒടുവിൽ ശ്രീകൃഷ്ണപുരത്ത് സ്ഥിരതാമസമാക്കി.

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കലാസപര്യയിൽ ആയിരക്കണക്കിന് വേദികളിൽ നമ്പീശൻ ഗായകനായിട്ടുണ്ട്. ഗുരുനാഥൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും സുഹൃത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പവും അദ്ദേഹം അവതരിപ്പിച്ച വേദികൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ സംഗീതാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കലാലയമായ കേരള കലാമണ്ഡലത്തിൽ തുടങ്ങിയ അദ്ധ്യാപനം ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗം, പേരൂർ ഗാന്ധിസദനം, മുംബൈ, ഡൽഹിയിലെ ഇന്റർനാഷണൽ കഥകളി സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്നുപോന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.

കഥകളിപ്പദങ്ങളിലെ പുതിയ പരീക്ഷണങ്ങളെ എതിർത്തു. കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം നൽകാൻ അതിലെ സംഗീതം പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കവി ഇയ്യങ്കോട് ശ്രീധരൻ രചിച്ച ‘മാനവവിജയം’ ആട്ടക്കഥയിൽ പ്രധാന ഗായകൻ നമ്പീശനായിരുന്നു. പുതിയ പ്രമേയമായിരുന്നിട്ടും കഥകളിസംഗീതം അതിന്റെ പൂർണ്ണതയിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു. 1994 ഓഗസ്റ്റ് 10ന് അന്തരിച്ചു.

കടപ്പാട് ഫേസ്ബുക്ക് എഴുത്ത് കലാഗ്രാമം

Leave a Reply

Your email address will not be published. Required fields are marked *