തിരുശേഷിപ്പ്


കനലുരുകുന്നൊരോർമ്മകള്‍
പേറി ഞാന്‍,
വെറുതെ ജീവനച്ചാറ്റലില്‍ നില്‍ക്കവേ,
കടലിരമ്പം പോലുള്ളിലലച്ചാര്‍ക്കുന്നു.
നിനവിന്റെ നീറ്റുന്നൊരുച്ച വെയിലുകള്‍..
ഇരുളു വീഴുന്നു, ചുറ്റിലും ദീര്‍ഘമി
പെരുവഴികളില്‍, ഋതഭരജീവനില്‍
ഹേ, അവധൂത, ദുഃഖനിമഗ്നമി
വിജനവഴിത്താരയില്‍ പോക നീ
ശലാകയായ്.
നിന്‍ പാറധൂളിക്കു പിന്‍ഗമിച്ചെഴും
ഉടജ നോവിന്‍ പിന്‍വിളി കേള്‍ക്കാതെ..
വിഫല ജന്മത്തിൻ മകരന്ദ പാഥേയം
തണുത്തു നിഷ്ഫലം ഉതിര്‍ന്നു വീഴുന്നോ?
പ്രചണ്ഡവാതങ്ങളൂറ്റം പകരുമീ
അഗാധ മൗനത്തിന്‍ ഗിരികന്ദരങ്ങളിൽ,
വെറുതെയീ ഹൃത്തിന്നടിയില്‍
വിങ്ങുമീ,
സ്മൃതിയിരമ്പം നീ കേള്‍ക്കാതെ
പോകയോ?
ഗയയില്‍, ബോധി വൃക്ഷത്തിന്‍ ചുവട്ടി-
ലന്നേകനായ് ബോധാമൃതത്തിന്റെ ധാരകള്‍
നുകരുമ്പോളൊരു ക്ഷീരകണത്തിൻ മധുരമായ്
നിന്നുള്ളില്‍ ഞാന്‍ വന്നു
നിറഞ്ഞുവോ ഗൗതമ?
സാരനാഥിലെ
ശിഷ്യഗണത്തോടായ് ഓതിയ
മൃദുസാരമന്ത്രാക്ഷിരികളില്‍
യശോധരയെന്നൊരു പദമെങ്കിലും
നാവിന്‍തുമ്പില്‍ തുടിച്ചോ ഹേ, ഗൗതമ?
അമ്പേറ്റുവീണ പക്ഷിതന്‍ പ്രാണനെ
ത്രാണനം ചെയ്യുവാന്‍ മുക്തി
നല്കീടുവാന്‍
ദേവദത്തനോടന്നു കലഹിച്ചു ദീനയാലോ
അറിഞ്ഞുവോ നിഷാദന്റെ
ശരമേറ്റു വീണയീ ക്രൗഞ്ചത്തിന്‍ വേദന?
അംഗുലീമാലന്‍ വീണു കരഞ്ഞ നിന്‍
നഗ്നപാദങ്ങളൊന്നു തുടക്കുവാന്‍,
വെയിലേറ്റു വാടിയ മുഖാംബുജ
മൊപ്പുവാന്‍,
ആശിച്ച പാതിവ്രതൃത്തിന്റെ വേദന
ഒരു നീറ്റലായ് നിന്റെ ശമഹൃദയത്തിങ്കല്‍
വീണങ്കരിച്ചുവോ സിദ്ധാര്‍ത്ഥഗൗതമ
നിന്‍ മഹസ്സിന്റെ പൈതൃകം പൈതലായ്
ലോകാന്തത്തോളം നീര്‍ത്തേണ്ടും രാഹുലന്‍,
അച്ഛനെക്കാണണമെന്നു
കരയവേ,
പഞ്ചാഗ്നി മധ്യേ വിട്ടു നീയകലുന്നു?
,………………
യശോധര- സിദ്ധാര്‍ത്ഥ ഗൗതമന്റെ പത്‌നി
……….

ശ്രീകുമാര്‍ ചേര്‍ത്തല

Leave a Reply

Your email address will not be published. Required fields are marked *