ദർശനം

ദീർഘകാലമായ്
തപസ്സിലായിരുന്നു
മണ്ണിന്നടിയിലെ
പർണ്ണശാലയിൽ.

ജലകണത്തിൻ്റെ
സാന്ദ്രസംഗീതം
കേട്ടുണർന്നു വന്നതാ-
ണിന്നു മുകളിലേക്ക്.

വിത്തിനുള്ളിലെ
ബീജമാണെങ്കിലും
ഞാൻ കരയുന്ന –
താരുമേ കേട്ടില്ല.

എന്നെ പുൽകുവാൻ
ഭൂമിയോളം വന്നു
ആകാശ ദേശത്തു
നിന്നൊരു മഴമുത്ത് .

വിത്തിനുള്ളിലാ-
ണുള്ളതെങ്കിലും
മഴ ശ്രവിച്ചെൻ്റെ
നിശബ്ദ രോദനം.

അന്തരീക്ഷവായുവി –
ന്നാശ്ലേഷമേറ്റിട്ടെൻ
തോടിനെ മെല്ലെ
തഴുകിത്തഴുകി

സുഖപ്രസവം പോൽ
പുറത്തേക്കെടുത്തല്ലോ
അരുമയാമൊരു
കുഞ്ഞു ചെടിയായി.

ദീർഘനാൾ ദേശാടനം
കഴിഞ്ഞെത്തിയ
മഴമേഘമെൻ്റെ
സ്വതന്ത്രേച്ഛയറിഞ്ഞു.

എൻ്റെ ജീവന്നൂർജ്ജം
പകരുവാൻ
കൃതാർത്ഥഹൃത്തനായ്
ആദിത്യനും വന്നു.

മാരുതനെപ്പുൽകി
ഈർപ്പമെത്തിച്ച്
കുരുന്നു ചെടിയായ്
വളർത്തിയെടുത്തെന്നെ.

ആദ്യമായെന്നി-
ലങ്കുരിച്ചിലയിൽ
ആദിത്യൻ വന്നാദ്യ
ചുംബനവും തന്നു.

അദൃശ്യനായിരുന്നു
സദൃശ്യനായ് ഭവിക്കും
മഹാ മൗനത്തെ
ആരറിയുന്നഹോ!

മഹനീയമീ ലോക-
സർജ്ജന പ്രക്രിയ
ഒച്ചപ്പാടില്ല ,
ബഹളങ്ങളുമില്ല.

മൗനം മഹാമൗനം
ഹൃദയപുണ്ഡരീകത്തിൽ
വിളങ്ങും മൗനത്തിൻ
പൊരുളറിഞ്ഞീടണം.
……………..

Leave a Reply

Your email address will not be published. Required fields are marked *