തൊട്ടറിയാം ഇലവീഴാപൂഞ്ചിറയുടെ മാസ്മരികഭംഗി
ഊട്ടിയോടും മൂന്നാറിനോടും കിടപിടിക്കാന്‍ തക്കവണ്ണമുള്ള ഇലവീഴാപൂഞ്ചിറയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. പച്ചപ്പും മുഴുവന്‍ സമയങ്ങളിലും നീണ്ടുനില്‍ക്കുന്ന കാറ്റും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. ഇലപൊഴിക്കാന്‍ മരങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഈ സ്ഥലത്തിന് ആ പേരുവന്നത്. സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി നല്ലൊരി വ്യൂ പോയിന്‍റാണ് ഇവിടുള്ളത്. താഴോട്ടുനോക്കിയാല്‍ ഇടുക്കിയും പത്തനംതിട്ടയും കോട്ടയവുമൊക്കെ കാണാം. മലങ്കര അണക്കെട്ടിന്‍റെ ജലസംഭരണിയും സഞ്ചാരികള്‍ക്ക് നയനാനന്ദകരമാണ്.
സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. ഇതിന്‍റെ സമീപത്താണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഇലവീഴപൂഞ്ചിറ എന്നപേര് മഹാഭാരതം കഥയുമായി ബന്ധപ്പെട്ടിരിക്കുന്നൂ. പാണ്ഡവരുടെ വനവാസക്കാലത്ത് അവര്‍ ഈ സ്ഥലത്ത് വസിച്ചതായും ഭീമസേനന്‍ പഞ്ചാലിക്കായി നിര്‍മ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള ഭാഗത്തിന് കാലക്രമത്തില്‍ ഇലവീഴാപുഞ്ചിറ എന്ന് പേരായി.