ധോണി മറക്കില്ല നിങ്ങളുടെ ‘മഹേന്ദ്രജാലം’


അരുണ്‍ പി ഗോപി


തൊണ്ണൂറുകളിൽ ബാല്യം ആഘോഷിച്ച എന്നെ പോലുള്ളവരുടെ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ശക്തമായ ഒരു ടീം ആയി മാറുക, ഒരു ലോകകപ്പ് നേടുക എന്നൊക്കെ ഉള്ള സ്വപ്നം..സച്ചിൻ ഗാംഗുലി ദ്രാവിഡ് പോലുളള താരങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യൻ ടീം ബാലൻസ്ഡ് ആയതു ബാറ്റിംഗ് അറിയാവുന്ന ഒരു വിക്കറ്റ് കീപ്പർ ഇന്ത്യൻ ടീമിൽ എത്തിയത് മുതലാണ്. 2004 ന് മുന്നേ ടീം ഇന്ത്യയിൽ നയൻ മോംഗിയ ,സാബാ കരീം, ദീപ് ദാസ് ഗുപ്ത, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ വന്നു എങ്കിലും വാലറ്റം എന്ന രീതിയിൽ മാത്രം കൂട്ടാവുന്ന കളിക്കാർ ആയിരുന്നു അവർ.കൂടാതെ ശരാശരി കീപ്പിങ്ങും. ഓസ്ട്രേലിയ, ശ്രീലങ്ക,പാകിസ്താൻ ,സൗത്ത് ആഫ്രിക്ക തുടങ്ങിയ ലോകത്തിലെ മികച്ച ടീമുകൾക്ക് എല്ലാം മികച്ച കീപ്പർ കം ബാറ്റ്മാൻ മാർ ഉണ്ടായിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഇരിക്കെ ആണ് 2004 ൽ MS ധോണി ഇന്ത്യൻ ടീമിൽ എത്തുന്നത്..

പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി തുടങ്ങിയ ധോണിയിൽ ഇന്ത്യ കാത്തിരുന്ന ബാറ്റ്സ്മാൻ ഉണ്ടായിരുന്നു.. സച്ചിൻ സെവാഗ് ,യുവരാജ്, ഗംഭീർ, തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന അന്നത്തെ ടീമിൽ നിന്ന് വെറും 43 ഏകദിനങ്ങളിൽ നിന്ന് ഐസിസി റാങ്കംഗിൽ ഒന്നാം സ്ഥാനത്ത് എത്തുവാൻ മഹിക്ക് ആയി.ഏകദേശം 700 ദിവസങ്ങളിൽ അധികം അത് തുടർന്നു.ഇതിനിടയിൽ അദ്ദേഹത്തിന്റെ കീപ്പിങ് കഴിവുകളും ലോകം കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന സ്റ്റപിങ്ങുകൾ,ട്രിക്കി റൺ ഔട്ടുക്കൾ എന്നിവ പല മത്സരങ്ങളിലും നിർണ്ണായകം ആയി.ധോണി വന്നതിൽ പിന്നെ ആണ് ഇന്ത്യക്ക് വിജയ തൃഷ്ണ ഉണ്ടായത് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.


2007 ട്വന്‍റി ട്വന്‍റി ലോകകപ്പിൽ ആദ്യമായി ക്യാപ്റ്റന്‍ ആവാൻ അവസരം കിട്ടിയത് ടീം ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവ് എന്ന് രേഖപ്പെടുത്തണം. കിവികൾക്ക് എതിരെയുള്ള ഒരു മത്സരം തോറ്റ് കഴിഞ്ഞു ഉള്ള സമയത്ത് കമന്റേറ്റർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കളി പരാജയപ്പെട്ടു പക്ഷേ നമ്മൾ കളിച്ച രീതി മികച്ചത് ആയിരുന്നു..ഇങ്ങനെ കളിച്ചാൽ നമ്മൾ റിസൾട്ട് ഉണ്ടാക്കും… ഇന്ത്യൻ കളിക്കാരിൽ വിജയിക്കാൻ ഉള്ള ആഗ്രഹം ധോണി നിറച്ചു. ഏതു സമ്മർദത്തിലും പതറാതെ നിൽക്കുന്ന ക്യാപ്റ്റന്‍ കൂളിനെ അവിടെ ആദ്യമായി കണ്ടു.അതോടൊപ്പം ധോണി ബാറ്റിംഗ് ശൈലി മാറ്റം വരുത്തി ബാറ്റിംഗ് ഓർഡറിൽ സ്വയം താഴേക്ക് ഇറങ്ങി. 2007 ലോകകപ്പ് ജയിച്ചപ്പോൾ ഇന്ത്യക്കാരന്‍റെ അഭിമാനമൂഹൂര്‍ത്തമായി അത് മാറി. പിന്നീട് അങ്ങോട്ട് ആരാധകര്‍ സ്വപ്നം പോലും കാണാത്ത രീതിയിലുള്ള വിജയങ്ങൾ അദ്ദേഹം നേടിത്തന്നു ,ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ.സാക്ഷാൽ ഓസ്ട്രേലിയയെ നാട്ടിൽ ടെസ്റ്റിൽ 4-0 വൈറ്റ് വാഷ് ഉൾപ്പെടെ ചെയ്യുന്നതും നമ്മൾ കണ്ടു.ടെസ്റ്റിലും ഒന്നാം നമ്പർ ആയി ഇന്ത്യൻ ടീം.

ഇപ്പൊൾ പതിനാറു വർഷങ്ങൾക്കു ശേഷം ധോണി പാഡും ഗ്ലൗസും അഴിക്കുമ്പോൾ, 700 ദിവസം ഒന്നാം റാങ്കിൽ ഇരുന്ന,പത്തു വർഷങ്ങൾ ആദ്യ പത്തിൽ ഉണ്ടായിരുന്ന പതിനായിരത്തിൽ അധികം ഏകദിന റൺസ് അൻപതിന് മുകളിൽ ശരാശരിയിൽ നേടിയ ഒരു ബാറ്റ്സ്മാൻ ആവുക മാത്രമല്ല തൊണ്ണൂറുകളിൽ അന്നത്തെ ബാല്യം സ്വപ്നം കണ്ട നേട്ടങ്ങൾ സാധ്യമാക്കിയ ഏതൊരു ടീമിനോടും എല്ലാ കാര്യത്തിലും കിട പിടിക്കുന്ന ശക്തമായ ഒരു ടീം ഇന്ത്യയെ വാർത്തെടുക്കുന്നതിലും കൃത്യമായ പങ്ക് വഹിച്ചു.

മിന്നൽ സ്റ്റമ്പിങ് ആയും,ഹെലികോപ്റ്റർ ഷോട്ട് ആയും ഒരുപാട് കളി ഓർമ്മകൾ… ധോണി വിരമിക്കുന്നതിനും ഉണ്ടായിരുന്നു തനതായ സ്റ്റൈൽ….. ആരവങ്ങളില്ലാതെ പടിയിറങ്ങുമ്പോള്‍ മാഹി നിങ്ങളില്ലാത്ത ഇന്ത്യന്‍ ടീം ഞങ്ങള്‍ ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ ആകില്ല. ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാന്‍ ശീലിപ്പിച്ചത് ദാദയാണെങ്കില്‍ ടീമിന് വിജയം തുടര്‍ക്കഥയാക്കിയത് നിങ്ങളാണ്. താങ്കളുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും കീഴ്പ്പെടുത്തിയ ഉയരങ്ങളുമാണ് ഹേറ്റേഴ്സിനുള്ള മറുപടി.

അരങ്ങ് ഒഴിയുന്ന MSD ക്ക്പ്രിയ നായകന് ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *