നെഹ്രുവിന്‍റെ പാവക്കുട്ടി- ‘ഗൂംഗി ഗുഡിയ’
നെഹ്രുവിന്‍റെ പാവക്കുട്ടി- ‘ഗൂംഗി ഗുഡിയ’. എന്നായിരുന്നു റാം മനോഹർ ലോഹ്യ ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചത്. ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഇന്ദിരാപ്രിയദര്‍ശിനി കോണ്‍ഗ്രസിലെ മുതിര്‍ന്ന തലമുറയ്ക്ക് വെറും ‘ഗൂംഗി ഗുഡിയ’ മാത്രമായിരുന്നു.
ദുര്‍ബലയായ, നെഹ്രുവിന്റെ തണലില്‍ നിന്നും പുറത്തു വന്നിട്ടില്ലാത്ത, ആ ‘dumb doll’ തങ്ങളുടെ സര്‍വാധിപത്യത്തിനു പാടെ വഴങ്ങുന്ന, തങ്ങളുടെ വലതുപക്ഷ മോഹങ്ങൾക്ക് ചിറകു വിരിക്കാന്‍ ആകാശം ഒരുക്കിത്തരുന്ന ഒരു ‘വെറും പെണ്ണായി’ കോണ്ഗ്രസില്‍ തുടരുമെന്നായിരുന്നു നിജലിംഗപ്പയും, കാമരാജും, മൊറാര്ജി ദേശായിയും, അതുല്യഘോഷും, എസ്.കെ.പാട്ടീലും ഒക്കെ അടങ്ങുന്ന അന്നത്തെ സിണ്ടിക്കേറ്റുകള്‍ കരുതിയിരുന്നത്.
നെഹ്രുവിയന്‍ ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തെയും, അതിന്‍റെ ഇടതു മുഖത്തെയും പാടെ തകര്‍ത്ത് വലതുപക്ഷകേന്ദ്രീകൃതമായ നയങ്ങളിലൂടെ ഇന്ത്യയെ നയിക്കാന്‍ ഗൂംഗി ഗുഡിയ ഒരിക്കലും തടസ്സമായി ഉയര്‍ന്നു വരില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന നാളുകള്‍ കൂടിയായിരുന്നു അത്. അക്കാലത്ത് ഇന്ദിരാഗാന്ധി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍, ‘പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ’ അമേരിക്കന്‍ പത്രങ്ങള്‍ പരിഹസിച്ചു.
പക്ഷെ, അധികം വൈകാതെ തന്നെ ‘ഗൂംഗിഗുഡിയ’, എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയുകയും, എല്ലാ പരിഹാസങ്ങളെയും മറികടന്നുകൊണ്ട് കടല്‍ കിഴവന്മാരില്‍ നിന്നും, സാമ്രാജ്യത്വ എജന്റുമാരില്‍ നിന്നും പാര്‍ട്ടിയെയും രാജ്യത്തെയും രക്ഷിക്കുകയും ചെയ്തത് ചരിത്രം.
അന്നത്തെ സാഹചര്യത്തില്‍, നിര്‍ഭയം എന്ന് വിശേഷിപ്പിക്കാവുന്ന അനിതരസാധാരണമായ രണ്ടു തീരുമാനങ്ങളിലൂടെ പില്‍ക്കാല ഇന്ത്യയുടെ ഭാവിയെ മാറ്റിമറിച്ചതാണ് ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രസക്തമായ ചരിത്രദൌത്യം. അത് ബാങ്ക് ദേശസാല്‍ക്കരണവും, പ്രിവിപഴ്സ് നിര്തലാക്കിയതും ആയിരുന്നു. ഇന്ത്യയിലെ സ്വകാര്യമേഖലാ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യവും, വ്യവസായികള്‍ക്ക് മാത്രം ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്ത കാലമായിരുന്നു അത്.
മൊത്തവായ്പ്പയുടെ വെറും 2.2% മാത്രമായിരുന്നു 1967ല്‍ കാര്‍ഷികമേഖലക്ക് ലഭിച്ചിരുന്നത്. ഗ്രാമീണമേഖലയില്‍ വെറും 1247 ബ്രാഞ്ചുകള്‍ മാത്രം…ഇന്ത്യന്‍ കര്‍ഷകന്‍ കൃഷിയില്‍ നിക്ഷേപിക്കാന്‍ കടം കിട്ടാതെ വലഞ്ഞ ദുരിതകാലം. ഒപ്പം കടുത്ത ഭക്ഷ്യക്ഷാമവും. 15 മില്ല്യൺ ടൺ ഗോതമ്പ് ആണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഈ സാഹചര്യത്തിലാണ് 1969 ജൂലൈ 19നു,14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിക്കുന്ന ഐതിഹാസികതീരുമാനം അവരില്‍ നിന്നും ഉണ്ടായത്.
വായ്പകളുടെ വിതരണത്തിനു ദൂരവ്യാപകമായ സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് കൊണ്ടുതന്നെ അത് പൊതു നിയന്ത്രണത്തിനു വിധേയമാകണം എന്നും അതുകൊണ്ട് സമൂഹനന്മക്ക് വേണ്ടി ബാങ്കുകള്‍ സ്റ്റേറ്റ് ഉടമസ്ഥതയില്‍ ആയിരിക്കണം എന്നുമുള്ള തികച്ചും ലളിതമായ ലോജിക് ആയിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിനു പിന്നില്‍.
പിന്നീട് ഉണ്ടായത് ഇന്ത്യയെ മാറ്റിമറിച്ച സാമ്പത്തിക വിപ്ലവം ആയിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം ബാങ്കിംഗ് സര്‍വീസുകള്‍ കൂടുതല്‍ ജനാധിപത്യവല്‍കരിക്കുകയും വിശാലമാക്കുകയും ചെയ്തു. അതുവരെ കാര്‍ഷികമേഖലക്ക് കടം നിഷേധിച്ചിരുന്ന ബാങ്കുകള്‍ കര്‍ഷകര്‍ക്കായി വാതിലുകള്‍ തുറന്നിടുകയും അങ്ങനെ അത് ഹരിതവിപ്ലവത്തിനും, ധവള വിപ്ലവത്തിനും, ചെറുകിട വ്യവസായ/വാണിജ്യ വികസനതിനും ആവേഗം കൂട്ടുകയും ചെയ്തു. ഇന്ത്യ അധികം വൈകാതെ ഭക്ഷ്യക്ഷാമം മറികടന്നു.
ഇന്ത്യയിലെ ദരിദ്ര ജീവിതത്തെ തൊട്ടറിയുന്ന ചാലകശക്തിയായി നമ്മുടെ ബാങ്കിംഗ് സ്ഥാപനങ്ങൾ മാറി. 1969ല്‍ വെറും 1247 ഗ്രാമീണബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന രാജ്യത്ത് 1984 ആയപ്പോള്‍ 25,541 ബ്രാഞ്ചുകള്‍ നിലവില്‍ വന്നു. വെറും 744 കോടി രൂപയായിരുന്നു 1970-71 കാലത്ത് കാര്‍ഷികമേഖലക്ക് കിട്ടിയിരുന്ന കടമെങ്കില്‍ അത്, 1990-91 ആയപ്പോഴേക്കും 9,829 കോടിയായി വര്‍ധിച്ചു.
ഏകദേശം ഏഴര ശതമാനം വാര്‍ഷിക വര്‍ധനവ്! ഈ ദേശസാല്‍കൃതബാങ്കുകള്‍ ആണ് രണ്ടായിരത്തി എട്ടിലെ ലോകസാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഒരുപരിധിവരെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് എന്നുകൂടി പറഞ്ഞാല്‍ മാത്രമേ ചരിത്രം പൂര്‍ണ്ണമാവുകയുള്ളൂ..ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്‍പതില്‍ കോണ്ഗ്രസ് പിളരുകയും, സിണ്ടിക്കേറ്റുകള്‍ ഇന്ദിരാഗാന്ധിയെ പാര്‍ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
പക്ഷെ, ഇന്ദിരയുടെ കോണ്ഗ്രസ്, രാജ്യമെന്പാടുമുള്ളപ്രവർത്തകർ ഏറ്റെടുക്കുകയും, സംഘടനാ കോണ്ഗ്രസിനെ പാടെ നിഷ്പ്രഭമാക്കികൊണ്ട് ഇന്ദിരാ കോണ്ഗ്രസ് ഉയർന്നു വരികയും ചെയ്തത് മറ്റൊരു ചരിത്രം. ഒടുവില്‍ പ്രതിപക്ഷനേതാവിനെ കൊണ്ട് ‘ഇന്ത്യയുടെ ദുര്‍ഗ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തില്‍ ആ പഴയ ‘ഗൂംഗി ഗുഡിയ’ വളർന്നു. അവരോടൊപ്പം കോണ്ഗ്രസ്സും. ഇന്ദിരാജി ഇറങ്ങി വന്നത്, തന്നെ ചുറ്റിവരിഞ്ഞിരുന്ന രക്ഷാകർതൃത്വത്തിന്റെ സർവരൂപങ്ങളോടും കലഹിച്ചുകൊണ്ടായിരുന്നു.
അടിയന്തിരാവസ്ഥക്ക് ശേഷം നീതിപൂര്‍വമായി തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പ് നടത്തിയത്. തകര്‍ന്നടിഞ്ഞു പോയ പാർട്ടിയെ നോക്കി പകച്ചിരിക്കാതെ അവര്‍ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. നിരന്തരം അവരുമായി സംവദിച്ചു. തെറ്റ് തിരുത്തി. അങ്ങനെയാണ് ശൂന്യതയില്‍ നിന്നും വീണ്ടും ഒരു ബഹുജനപ്രസ്ഥാനത്തെ അവര്‍ കെട്ടിപ്പടുത്തത്. അങ്ങനെയാണ് കോൺഗ്രസ്സ് അധികാരത്തിലേക്ക് തിരിച്ചു വന്നത്.
ഇന്ദിരാഗാന്ധി സമം അടിയന്തിരാവസ്ഥ’ എന്ന ഒരൊറ്റ സമവാക്യത്തിലേക്ക് മാത്രം അവരെ ചുരുക്കുന്നത് നീതികേടാണ് . അതിനപ്പുറത്ത് നെഹ്രുവിയന്‍ സാമ്പത്തികമാതൃക ഒരു പരിധിവരെ തകരാതെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഒരു പാട് പരിമിതികളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും വർത്തകസംസ്കാരത്തിന്റെ (mercantile ethos) ലോകബോധമല്ല, മറിച്ച്,ക്ഷേമരാഷ്ട്രത്തിന്റെ നീതിബോധമായിരുന്നു ഇന്ദിരാഗാന്ധിയെ എപ്പോഴും നയിച്ചിരുന്നത്. ഇന്ന്, റെയില്‍വേ വരെ സ്വകാര്യ മേഖലക്ക് വിറ്റഴിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് ഇന്ദിരാഗാന്ധിയുടെ ഓർമകൾ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ അത്രമേൽ പ്രസക്തമാകുന്നത്. ഇന്ദിരാഗാന്ധിയുടെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം.
കടപ്പാട്: സുധ മേനോന്‍(ഫെയ്സ്ബുക്ക് പോസ്റ്റ്)