പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങി
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഗർഡറുകൾ പൊളിച്ചു നീക്കുന്ന ജോലികൾ തുടങ്ങിയത്. പാലത്തിന്റെ ഏകദേശം നടുക്ക് ഭാഗത്തായുള്ള ഗർഡറാണ് പൊളിച്ചത്.
ഇത്തരത്തിൽ നൂറിലേറെ ഗർഡറുകളാണ് പൊളിച്ചു നീക്കേണ്ടത്. ഒരു ഗർഡർ പൊളിച്ചു മാറ്റാൻ രണ്ടര മണിക്കൂറാണ് ആവശ്യമായി വരിക. പൊളിക്കുന്ന ഗർഡർ ഇവിടെ വെച്ചു തന്നെ മുറിച്ച് കഷണങ്ങളാക്കി ഡിഎംആർസിയുടെ മുട്ടം യാർഡിലേക്ക് മാറ്റും.
പുതിയ ഗർഡറുകളുടെ നിർമാണം മുട്ടം യാർഡിൽ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം. എട്ടു മാസം കൊണ്ട് പാലം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.