പെണ്ണഴകിന്‍റെ ചട്ടക്കൂട് ഭേദിച്ച ‘മസിൽ ഗേൾ’

കോലംവരച്ചിരുന്ന അയ്യര്‍ പെണ്‍കൊടി. തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം ചിറകുവിരിച്ച് പറന്നപ്പോള്‍ അവളെ കാത്തിരുന്നത് പ്രശസ്തിയുടെ പെരുമഴക്കാലം. ‘പെണ്ണഴകിന്‍റെ ചട്ടക്കൂട് ഭേദിച്ച് പുറത്തുവന്നവള്‍’ ‘കാലത്തിനൊപ്പം സഞ്ചരിക്കുന്നവള്‍’ ശ്രേയ അയ്യര്‍ എന്ന ‘മസില്‍ ഗേളിന്’ വിശേഷണങ്ങള്‍ ഏറെയാണ്.


ബോഡിബില്‍ഡറും ടി വി അവതാരകയുമായ ശ്രേയ അയ്യര്‍ തന്‍റെ ഫിറ്റ്നസ് സങ്കൽപ്പങ്ങളും‍ ബോഡി ബിൽഡിംഗ് വിശേഷങ്ങളും ജീവിതവും കൂട്ടുകാരിയിലൂടെ പങ്കുവയ്ക്കുന്നു.


മാനസികമായി തളര്‍ന്നിരുന്ന സമയത്താണ് താന്‍ ബോഡി ബില്‍ഡിംഗിലേക്ക് തിരിയുന്നത്. ദു:ഖങ്ങളില്‍ നിന്നും ഡിപ്രഷനില്‍നിന്നും കരകേറാന്‍ എനിക്ക് സാധിച്ചത് ഫിറ്റനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ്. പ്രശ്നങ്ങള്‍ നമുക്ക് ഉണ്ടായിരിക്കാം. അതില്‍ തളര്‍ന്നിരിക്കാതെ നിങ്ങളുടെ അഭിരുചി കണ്ടെത്തി അതില്‍ മികവുപുലര്‍ത്താന്‍ ശ്രമിക്കൂ ശ്രേയ പറയുന്നു.


അയ്യര്‍ മിഡില്‍ക്ലാസ് ഫാമിലിയിലയിരുന്നു ജനനം. ദാരിദ്ര്യം കരിനിഴല്‍ പടര്‍ത്തിയ കുട്ടിക്കാലം. അച്ഛന്‍ പത്താംക്ലാസില്‍വെച്ച് പഠനം നിര്‍ത്തി അമ്മയാകട്ടെ 8ാം ക്ലാസിലും. തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന വാശി ഇരുവര്‍ക്കും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ കോണ്‍വെന്‍റ് സ്കൂളില്‍ തന്നെ മക്കളെ അദ്ദേഹം ചേര്‍ത്തു.

എന്നാല്‍ ആ സമയത്ത് പത്മനാഭസ്വാമിക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ മാത്രമായിരുന്നു അവര്‍. അവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാന്‍ പ്രയാസമായിരുന്നു. അങ്ങനെയാണ് ശ്രേയയുടെ അച്ഛന്‍ ഓട്ടോ വാങ്ങിയത്. . വീടിന്‍റെയും ഓട്ടോയുടെ ലോണും കുട്ടികളുടെ ഫീസും ഒക്കെ ശ്രേയയുടെ അച്ഛന്‍റെ തോളുകള്‍ക്ക് താങ്ങാവുന്നതിന്‍റെ അപ്പുറം ഭാരമായിരുന്നു.

തങ്ങളുടെ കുട്ടൂകാര്‍ ക്ലാസ് ഇടവേളകളില്‍ കൂട്ടുകാര്‍ സ്നാക്സ് കൊണ്ടുവന്ന് കഴിക്കുമ്പോള്‍ തങ്ങള്‍ക്കും വേണമെന്ന് അവര്‍ വാശിപിടിച്ച് കരയുമ്പോള്‍ നിറകണ്ണുകളോട് നില്‍ക്കാനേ ശ്രേയയുടെ അച്ഛനും അമ്മയ്ക്കും ആയുള്ളു. ബിസ്കറ്റ് കഴിച്ച ഓര്‍മ്മ പോലും തന്‍റെ കുട്ടിക്കാലത്ത് ഇല്ലെന്നും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പടച്ചോറും അച്ചാറും ആയാണ് താന്‍ സ്കൂളില്‍ പോയിരുന്നെന്നും ശ്രേയ. കാറ്ററിംഗ് സര്‍വ്വീസ് ആരംഭിച്ചതോടെ കുടുംബത്തിന്‍റെ നില പയ്യെ മെച്ചപ്പെട്ടു.

ഒരു സെന്‍റ് ഭൂമിയില്‍ നില്‍ക്കുന്ന വീട്, പത്തും നൂറു പേര്‍ക്കും ഉള്ള ഭക്ഷണം ഉണ്ടാക്കികഴിയുമ്പോള്‍ വീട് ചുട്ടുപഴുത്തിരിക്കും. അടുത്ത കടകളില്‍ നിന്നും സമീപത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഐസ് ക്യൂബ്സ് ശേഖരിച്ച് വീട് തണുപ്പിച്ചതിന് ശേഷമാണ് ഉറങ്ങിയിരുന്നതെന്നും ശ്രേയ. ആഹാരം തയ്യാറാക്കികൊണ്ടിരുന്നപ്പോള്‍ എണ്ണദേഹത്ത് വീണ ശ്രേയയുടെ പിതാവിന് പൊള്ളേലേറ്റു. അത് വീണ്ടും ആ കുടുംബത്തിന് തിരിച്ചടിയായി.

കോളജില്‍ പഠിക്കുമ്പോള്‍ ചെറിയ ടിവി ഷോകളില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത് വേണ്ടന്ന് വെയ്ക്കാന്‍ ശ്രേയക്കാകാതിരുന്നതും അക്കാരണത്താലാണ്. പീന്നിട് അവസരങ്ങള്‍ ശ്രേയയെ കാത്തിരുന്നു. തന്‍റെ ജീവിതം തകിടം മറിച്ചത് തന്‍റെ പ്രണയം ആയിരുന്നു. തന്‍റെ ജീവിതത്തിലെ ഓര്‍ക്കാനിഷ്ടപ്പെടാത്ത കാലഘട്ടമാണ് അതെന്നും ശ്രേയ. എങ്ങനെ ആ ബന്ധത്തില്‍ ചെന്നുപെട്ടെന്ന് തനിക്കറിയില്ലെന്നും ശ്രേയ

ആസമയത്ത് മനം മടുത്ത് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുപോയതായും തന്നെ ചുറ്റി വരിഞ്ഞിരുന്ന കെട്ടുപ്പാടുകള്‍ പൊട്ടിച്ചെറിഞ്ഞ് പുറത്തുവരാന്‍ സാധിച്ചതാണ് തന്‍റെ ആദ്യ വിജയമെന്നു൦ ശ്രേയ പറഞ്ഞുവയ്ക്കുന്നു. ആഹാരം കഴിക്കാന്‍ മാര്‍ഗമില്ലാതെ ഒരു പാനിപൂരിമാത്രം കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ട സഹാചര്യംവരെ ഉണ്ടായിട്ടുണ്ടെന്നും ശ്രേയ.

സ്ലിം ആകാനാണ് ആദ്യം ജിമ്മില്‍ പോയി തുടങ്ങിയത്. അവിടെ എത്തിയപ്പോഴാണ് ഫിറ്റ്നസ് മത്സരങ്ങള്‍ കണ്ടതും ഇന്റര്‍നാഷണല്‍ അത്‌ലറ്റുകളെ പരിചയപ്പെടാന്‍ സാധിച്ചതും. അവരെ പോലെ തനിക്കും എന്തുകൊണ്ട് ആയിക്കൂട എന്നൊരു ചിന്ത ഉണ്ടാവുകയും അതിനുവേണ്ടി തന്നെകൊണ്ട് കഴിയുന്ന വിധം വര്‍ക്കൌട്ട് ചെയ്യുകയും ചെയ്തു. സ്പോട്ടി അത് ലറ്റിക്ക് ലുക്ക് വരുത്തുക എന്നതായിരുന്നു ലക്ഷ്യം.

ആദ്യമൊക്കെ പ്രയാസം അനുഭവപ്പെട്ടെങ്കിലും നിശ്ചയദാര്‍ഡ്യത്തോടെ വര്‍ക്കൌട്ട് ചെയ്തപ്പോള്‍ മനസ്സിലും ബോഡിയിലും ഒരേപോലെ പ്രതിഫലനം ഉണ്ടായതായി ശ്രേയ.
പീന്നീട് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചു. ആദ്യ മത്സരത്തില്‍ തന്നെ സൌത്ത് ഇന്ത്യയില്‍ ഒന്നാമതെത്തി. അടുത്തവര്‍ഷം ഇന്ത്യനേടുക എന്ന ലക്ഷ്യത്തോടെയാണ് പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശ്രേയ പറഞ്ഞുവയ്ക്കുന്നു. കേരളത്തില്‍ പെണ്‍കുട്ടികള്‍ ഇന്ന് ഫിറ്റ്നസിന് പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രേയയുടെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടിയതാകട്ടെ പ്രേക്ഷകരും സുഹൃത്തുക്കളും.


ജിമ്മില്‍ പോകുമ്പോള്‍ മസില്‍ വരും എന്നൊരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. അത് വെറുതെയാണ്. .ജിമ്മില്‍ പോയെന്നു കരുതി എളുപ്പത്തില്‍ മസില്‍സ് വരില്ല. അത് സ്ത്രീകളുടെ മാത്രം പ്രത്യേകതയാണ്


മെലിഞ്ഞ് ഫിറ്റായി ഇരിക്കാന്‍ ജിമ്മിലെ വര്‍ക്കൗട്ട് സഹായിക്കും. അങ്ങനെ ആഗ്രഹമുള്ളവര്‍ വീട്ടില്‍ ഇരിക്കാതെ തീര്‍ച്ചയായും ജിമ്മില്‍ പോകണം എന്ന് ശ്രേയ പറയുന്നു. സ്ത്രികളാണ് വീട്ടിലെ ജോലികള്‍ ഒക്കെ ചെയ്യുന്നത്. ഭാരമുള്ള വസ്തുക്കളും മറ്റും എടുത്ത് മാറ്റുവാന്‍ ചിലപ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായിട്ടുവരും. ജിമ്മില്‍ പോയി ഫിറ്റ്നസില്‍ ശ്രദ്ധിച്ചാല്‍ ആയാസകരമായ എന്ത് പ്രവര്‍ത്തിയും നമുക്ക് നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കും. ഫിറ്റ്നസ് കൊണ്ട് വില്‍പവര്‍ നേടിയെടുക്കാം. അതോടൊപ്പം ഡയറ്റും ഫോളോ ചെയ്യണം.


ഡയറ്റ് എടുക്കാനാണ് ഞാന്‍ ഏറെ ബുദ്ധിമുട്ടിയത്. കോമ്പറ്റീഷനുവേണ്ടി ഡയറ്റില്‍ ഭക്ഷണ പുന:ക്രമീരണം നടത്താതെ മുന്നോട്ടുപോകാൻ പറ്റില്ലല്ലോ…

ശ്രേയ ഇപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉള്‍പ്പെടെ ഫിറ്റ്നസ് ട്രെയിനിംഗ് നല്‍കുന്നുണ്ട്. വളരെ അപൂര്‍വമായി മാത്രം കാണുന്ന കോമ്പറ്റീഷന്‍ ട്രെയിനിംഗ് ആണ് പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്നത്. . കോമ്പറ്റിഷന്‍ ട്രെയിനര്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം കൊടുക്കുന്നതില്‍ കുറേയേറെ പോരായ്മകള്‍ ഉണ്ട്. ആ പോരായ്മകള്‍ മറികടക്കാൻ പറ്റും എന്ന ആത്മവിശ്വാസത്തിലാണ് ശ്രേയ.


ലോക്ക്ഡൌണ്‍ സമയത്ത് എല്ലാവരുടേയും ആഹാരക്രമീകരണം മാറി മറിഞ്ഞു. മിക്കവരും തടിച്ചുവീര്‍ത്തു. ഈ സമയത്ത് സ്ത്രീകള്‍ക്കായി 30 ദിവസത്തെ ഫിറ്റ്നസ് ചലഞ്ചു സോഷ്യല്‍ മീഡിയയില്‍ ശ്രേയ ആരംഭിച്ചു. നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കുന്ന 2 വ്യായാമ മുറകളാണ് 2.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ ശ്രേയ ഉള്‍പ്പെടുത്തിയത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ നമ്മള്‍ സ്ത്രീകള്‍ ശ്രദ്ധാലുക്കളാണ്. എന്നാല്‍ അവരവരുടെ കാര്യത്തില്‍ ഉള്‍വലിഞ്ഞ് നില്‍ക്കുകയും ചെയ്യും.
ബോഡിഫിറ്റായിരിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കും കാണും. എന്നാല്‍ അതിന് വരുന്ന ചെലവ് ഓര്‍ത്താണ് പലരും മടിക്കുന്നത്. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫിറ്റ്നസ് അവയര്‍നെസ് ചലഞ്ച് ആരംഭിച്ചതെന്നും ശ്രേയ കൂട്ടുകാരിയോട് പറഞ്ഞു. സ്വന്തമായി ഫിറ്റ്നസ് സ്റ്റുഡിയോ ആരംഭിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് സൂംബ ഇന്‍സ്ട്രക്റ്റര്‍ കൂടിയായ ശ്രേയ വെളിപ്പെടുത്തുന്നു.


സോഷ്യല്‍ മീഡയകളില്‍ ധാരാളം പേര്‍ ശ്രേയയെ ഫോളോ ചെയ്യുന്നുണ്ട്. 2018 മിസ് കേരള ,ഫിസീക്ക് 2018 ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന വുമണ്‍ ഫിസിക്ക് കോമ്പറ്റീഷനില്‍ ഹാട്രിക്കും ശ്രേയ കരസ്ഥമാക്കി. അച്ഛന്‍ ഹരിഹര അയ്യര്‍ അമ്മ ബേബി. ഇരുവരും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരാണ്. സഹോദരന്‍ ശ്രീകാന്ത് ടെക്നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്നു.

One thought on “പെണ്ണഴകിന്‍റെ ചട്ടക്കൂട് ഭേദിച്ച ‘മസിൽ ഗേൾ’

Leave a Reply

Your email address will not be published. Required fields are marked *