മകളേ മാപ്പ്……….
സ്ത്രീകള്‍ക്ക് പേടി കൂടാതെ രാജ്യത്തിലുടനീളം സഞ്ചരിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ച മഹാത്മാവ് ജനിച്ച ദിവസം. അതെ ഇന്നാണ് ഒക്ടോബര്‍ 2 രാഷ്ട്രപിതാ മഹാത്മാഗന്ധിയുടെ ജന്മദിനം.
സ്വാന്ത്ര്യലബ്ദിക്കു മുന്‍പെ ആദ്ദേഹം ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ ഇന്നും സര്‍ക്കാരുകള്‍ക്ക് ആയിട്ടില്ല എന്നുള്ളത് ഒരു ചോദ്യം ചിഹ്നമായി അവശേഷിക്കുന്നു. ഡല്‍ഹി പെണ്‍കുട്ടിക്കു പിന്നാലെ ഹത്രാസ് പെണ്‍കുട്ടിയോട് കാണിച്ച ക്രൂരത നമ്മള്‍ ഏവരുടെയും കണ്ണുംകരളും ഒരുപോലെ നനയ്ക്കുന്നതാണ്. നരാധമന്മാര്‍ പെണ്‍കുട്ടിയോട് കാണിച്ച ക്രൂരത മറയക്കാന്‍ എന്നോണം ജനങ്ങളുടെ കാവലാളായ പൊലീസ്തന്നെ പെണ്‍കുട്ടിയുടെ ശരീരം ബന്ധുക്കളെ കാണിക്കാതെ സംസ്ക്കരിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞത് ഓരോ ഭാരതീയനും ഞെട്ടലോടുകൂടിമാത്രമാണ്.
കണ്ണില്‍ച്ചോരയില്ലാത്ത പീഡനത്തിന് ശേഷം നാവും നട്ടെല്ലും തകര്‍ക്കപ്പെട്ട്14 ദിവസം മരണത്തോട് മല്ലിട്ട് ഒടുവില്‍ ആ പെണ്‍കുട്ടി ജീവന്‍ വെടിഞ്ഞു .സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ബലാത്സംഗക്കുറ്റം ചുമത്താൻ പോലീസ് തയ്യാറായത്..
പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനും കേസ് പിൻവലിപ്പിക്കാനും പോലീസിന്‍റെ സഹായത്തോടെ പ്രതികൾ നടത്തിയ ശ്രമങ്ങൾ അങ്ങേയറ്റം നിന്ദ്യവും പ്രതിഷേധവും അര്‍ഹിക്കുന്നു.യുവതികൾക്കും കുട്ടികൾക്കും നേർക്കുള്ള അക്രമങ്ങൾ യുപിയിലെ പതിവ് കാഴ്ചയായി ഇന്ന് മാറിയിരിക്കുന്നു
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ പോലും അനുവദിക്കാതെ രാഹുല്‍ഗാന്ധിയേയും സംഘത്തേയും അറസ്റ്റ് ചെയ്ത് നീക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ജനപ്രതിനിധിയായ രാഹുലിനോട് പോലും പൊലീസിന്‍റെ പെരുമാറ്റം ഇങ്ങനെയെങ്കില്‍ സാധാരണ ജനങ്ങളുടെ സ്ഥിതി എന്താകും.
ഇന്ന് രാഹുൽ ഗാന്ധിയെ യു പി പോലീസ് കുറ്റികാട്ടിലേക്ക് തള്ളിയിട്ടെങ്കിൽ ഒന്നുറപ്പിക്കാം ആ കരങ്ങൾ തന്നെ ആണ് ആ പെണ്‍കുട്ടിയെ പീഡനത്തിനരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ ശക്തികൾക്ക് സംരക്ഷണം നൽകിയത്. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പുവരുത്തേണ്ടത്
ജനാധിപത്യസര്‍ക്കാരുകളുടെ ഉത്തരവാദിത്തതമാണ്.
പെൺകുട്ടികൾ നിഷ്ക്കരുണം കൊല ചെയ്യപ്പെടുന്ന നാടായി ഭാരതം ലോകത്തിനു മുൻപിൽ നില്ക്കുന്നു.ഗാന്ധിജയന്തി ദിനവും മഹാത്മജിയുടെ രാമരാജ്യ സങ്കല്‍പ്പവും ഭരണകർത്താക്കളുടെ മുന്നിൽ ചോദ്യ ചിഹ്നമായി ഉയർന്നു നില്‍ക്കുന്നു.