മനസ്സമാധാനം നഷ്ടപ്പെട്ട് ആത്മാക്കളും !

സൂര്യഎസ്.നായര്‍

ജീവനും ജീവിതത്തിനുമിടയിലെ ഇടനിലക്കാരനായ  ശരീരം , ഒടുവില്‍ വാരണാസിയിലെ മണ്ണില്‍ ചാരമായി മാറിയാല്‍ അത് സുകൃതമെന്ന് വിശ്വാസം.


ആ വിശ്വാസത്തോടെ രാപ്പകല്‍ ഭേദമെന്യേ ദിവസവും 300 ഓളം ശവശരീരങ്ങളാണ് വാരണാസിയിലെ മണികര്‍ണ്ണികാഘാട്ടില്‍ എരിഞ്ഞമരുന്നത്..


കോവിഡെന്ന മഹാമാരി ലോകത്തെയും രാജ്യത്തെയും വാരണാസിയെയും പിടിച്ചുകുലുക്കുന്നത് വരെ ഇതായിരുന്നു ഇവിടുത്തെ അവസ്ഥ.


എന്നാല്‍ മരണത്തെപ്പോലും വെല്ലുവിളിച്ച് കോവിഡ് വിലസുമ്പോള്‍ ആത്മാക്കള്‍ക്ക് പോലും ഭയമാണ് ഇതുവഴി വരാന്‍. 40 ല്‍ താഴെ ശവദാഹങ്ങള്‍ മാത്രമാണ് ഇന്നിവിടെ നടക്കുന്നത്. അതാകട്ടെ പരിസരപ്രദേശങ്ങളില്‍ മരണപ്പെടുന്നവരും.

കാശിയില്‍ കേള്‍ക്കുന്നതും കാണുന്നതും ചരിത്രം.

ഗംഗാ ആരതി

ചരിത്രത്തോളം പഴക്കമുണ്ട് വിശ്വാസങ്ങള്‍ക്കും, വാരണാസിക്കും. ഉത്തര്‍ പ്രദേശില്‍ ഗംഗയുടെ തീരത്തായാണ് കാശിയെന്നും വാരണാസിയെന്നും ബനാറസ് എന്നും വിളിപ്പേരുള്ള ഈ പുണ്യ ഇടം. ഹിന്ദുക്കള്‍ പുണ്യസ്ഥലമായി വാരാണാസിയെ കാണുന്നു,. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാശിയ്ക്ക് പോകണമെന്ന് പഴമക്കാര്‍ പറയും. അതുകൊണ്ട് രണ്ട് വട്ടം പോകാന്‍ അവസരം ലഭിച്ചപ്പോള്‍
അതിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെ കാഴ്ചയ്ക്കും കേള്‍വിക്കും ഒരു പോലെ പ്രാധാന്യം ഉണ്ട് .


ഗംഗയുടെ അലയടിയ്‌ക്കൊപ്പം പ്രാര്‍ത്ഥനയുടെ താളത്തോടെ വൈകുന്നരേം നടക്കുന്ന ഗംഗാ ആരതിയും ചന്ദനത്തിരിയ്‌ക്കൊപ്പം ശരീരങ്ങള്‍ വായുവില്‍ അലിഞ്ഞു ചേരുന്ന രൂക്ഷ ഗന്ധവും ഒരേ സമയം വാരണാസിയില്‍ നിറഞ്ഞു നില്‍ക്കുന്നു.

പുനര്‍ജന്മം എന്ന വിശ്വാസത്തിന് പൂര്‍ണ്ണവിരാമമിടാനായി വിശ്വനാഥനെ കാണാന്‍ ഇടുങ്ങിയ തെരുവുകളിലൂടെ നടന്നു നീങ്ങുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ കാശിയുടെ ദിനം പ്രതിയുള്ള കാഴ്ചയാണ്.


ക്ഷേത്രത്തോട് ചേര്‍ന്ന് ഗംഗയുടെ തീരത്തായി 80 ല്‍ അധികം ഘാട്ടുകളുണ്ട്. ഈ ഘാട്ടുകളിലൊക്കെയും കൂടാതെ നഗരത്തിന്റെ പലഭാഗങ്ങളിലും വേഷത്തിലും നോട്ടത്തിലും വിഭിന്ന ഭാവത്തില്‍ സന്യാസികളെയും കാണാനാകും.


ഇവരില്‍ പൂര്‍ണ്ണ നഗ്നരായവരുമുണ്ട്. രാത്രയെന്നോ പകലെന്നോ വ്യത്യസമില്ലാതെ ആളുകള്‍ നഗരത്തിലൂടെ ഒഴുകി നടക്കുന്നു.
ഒരു നേരത്തെ അന്നത്തിന് വേണ്ടി കൈ നീട്ടുന്നവര്‍, ഒരു രാത്രിയുടെ വിലയ്ക്കായി ശൃംങ്കരിക്കുന്നവര്‍ അങ്ങനെയങ്ങനെ കാഴ്ചകള്‍ അവസാനിക്കുന്നില്ല…

ഇന്ന്… ഇപ്പോള്‍!

കാശി വിശ്വനാഥന് സന്ദര്‍ശകരില്ല, യാചിക്കുന്ന കൈകളില്ല, തെരുവുകള്‍ ശാന്തം….’കാശി’ കാശിയായി മാറാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം.


കൊറോണയെന്ന മഹാമാരി മണികര്‍ണ്ണികാഘാട്ടില്‍ എരിഞ്ഞൊരു പുകയായി മാറുന്ന കാലം വിദൂരമല്ല എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകാം.


Leave a Reply

Your email address will not be published. Required fields are marked *