മരിക്കാൻ കൊള്ളാത്ത കാലം
സജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. മണലാരണ്യത്തിലെ അതികഠിനമായ വെയിലിൽ ചോര നീരാക്കി പണിയെടുത്ത പതിനെട്ടു വർഷത്തിൽ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല.
കണ്ണു നിറയുമെന്ന് തോന്നിയാൽ ഉടനെ എന്നെങ്കിലും നാട്ടിൽ ലീവിന് വരുന്ന സുന്ദര സ്വപ്നങ്ങളും ചിരിച്ചു നിൽക്കുന്ന മക്കളുടെ മുഖവുമൊക്കെ കണ്മുമ്പിൽ ഓടി മറയും..പിന്നെ എങ്ങനെ കരച്ചിൽ വരാനാണ്..എന്റെ കഷ്ടപ്പാടുകളാണ് വീട്ടുകാരുടെ ഭാവിസ്വപ്നങ്ങൾക്ക് മുതൽകൂട്ട്.
ഒരു ഹാളിൽ ഞങ്ങൾ പത്തു നൂറുപേർ പുഴുക്കളെപോലെ അട്ടിയിട്ട് കിടക്കും, സൂപ്പർ വൈസറുടെ കേട്ടാലറയ്ക്കുന്ന അന്യഭാഷ തെറികൾക്കിടയിലും പകലന്തിയോളം കഷ്ടപ്പെടും. അതിപ്പോ ശീലമായി..എന്നാലെന്താ..ഞങ്ങളുടെ വിയർപ്പു കൊണ്ട് നാട്ടിൽ കൊള്ളാവുന്ന വീടുവച്ചു. വീട്ടുപകരണങ്ങളും, വണ്ടിയും ഒക്കെ വാങ്ങി.മക്കളെ നല്ല നിലയിൽ പഠിപ്പിക്കുന്നു.
ഇത് …മരിക്കാൻ കൊള്ളാവുന്ന സമയമല്ല എന്നറിയാം..എന്റെ ശവശരീരം ഒരുനോക്കു അവസാനമായി കാണാൻ വീട്ടുകാർക്ക് പറ്റുകില്ല എന്നുമറിയാം..പക്ഷെ പോവാതെ പറ്റില്ലലോ…കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുകയാണ്..ദൈവമേ ഒരപേക്ഷകൂടി ഇനി ഒരു പ്രവാസിക്കും ഈ ഗതി വരുത്തരുതെ.. മഹാമാരിക്ക് ഒരു മരുന്ന് കണ്ടെത്താൻ മനുഷ്യനെ അനുഗ്രഹിക്കണമേ…
ജി.കണ്ണനുണ്ണി