മലയാളി നെഞ്ചോട്ചേർത്ത തിരക്കഥാകൃത്തിന്‍റെ ഓർമ്മദിനം
ജി.കണ്ണനുണ്ണി
പച്ചയായ ജീവിതയാഥാർഥ്യങ്ങളെ തിരക്കഥകളാക്കി അഭ്രപാളികളിൽ മലയാളിയെ വിസ്മയിപ്പിച്ച എ. കെ.ലോഹിതദാസിന്‍റെ ഓർമ്മദിനമാണ് ഇന്ന്. രണ്ടു പതിറ്റാണ്ടുകാലം മലയാള സിനിമാലോകം അടക്കിവാണ ലോഹിതദാസ് എന്ന തിരക്കഥകളുടെ രാജകുമാരൻ നമ്മേ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നു വർഷം പിന്നിടുന്നു.
1986 ൽ കെ.പി.എ.സിക്കു വേണ്ടി എഴുതിയ ആദ്യനാടകമായ സിന്ധു ശാന്തമായി ഒഴുകുന്നു എന്ന നാടകത്തിലൂടെ തന്നെ സംസ്ഥാന പുരസ്കാരജേതാവായ ലോഹി ,തന്‍റെ പ്രതിഭയുടെ മിന്നലാട്ടം മലയാളിയെ കാണിച്ചുതന്നു.ഒരു വർഷത്തിന് ശേഷം “പാരമ്പര്യത്തിന്റെ ഭ്രാന്ത് സമൂഹം അടിച്ചേൽപ്പിച്ച ബാലൻ മാഷിന്റെ കഥപറഞ്ഞ” സിബിമലയിൽ സംവിധാനം ചെയ്ത തനിയാവർത്തനത്തിലൂടെ മലയാള ചലച്ചിത്ര തിരക്കഥാ ലോകത്തേയ്ക്ക് ലോഹിതദാസ് കാലുകുത്തി. മലയാളസിനിമ ലോകത്തേക്ക് ലോഹിതദാസ് കടന്നു വരാൻ കാരണ ഹേതുവായത് നടൻ തിലകനാണ്.ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടും പിന്നീട് മലയാളത്തിന് ഒട്ടേറെ ഹിറ്റുകൾ സംഭാവന ചെയ്തു.പിന്നെയോ രണ്ടു പതിറ്റാണ്ടു കാലം കൊണ്ട് പിറവികൊണ്ട 44 തിരക്കഥകളും സംവിധാനം ചെയ്ത ചിത്രങ്ങളും മലയാളി നെഞ്ചോട് ചേർത്തു എന്നത് ചരിത്രം.
കിരീടത്തിലെ സേതു മാധവനും, അമരത്തിലെ അച്ചുവും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ളയും, മൃഗയാ യിലെ വാറുണ്ണിയും , കന്മദത്തിലെ ഭാനുവും,കസ്‌തൂരി മാനിലെ പ്രിയംവദയുമെല്ലാം നമ്മുടെ കണ്ണുനനയിച്ച ചില നായിക നായകന്മാരും.മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാ കൃത്തുകളിൽ ഒന്നായി ലോഹിതദാസ് മാറിയത് തനിയാവർത്തനമില്ലാത്ത ജീവിതഗന്ധിയായ തിരക്കഥകൾ സംഭാവന ചെയ്തതുകൊണ്ട് തന്നെയാണ് എന്ന് നിസംശയം പറയാം.കമലദളം,കിരീടം, ധനം,മുദ്ര, കൗരവർ, ആധാരം,സല്ലാപം,ഭരതം,തൂവൽ കൊട്ടാരം,തുടങ്ങിയ തിരക്കഥകൾ അതിൽ ചിലതുമാത്രം.
മികച്ച ചിത്രത്തിനുള്ള ദേശിയ ,സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഭൂതകണ്ണാടിയിലൂടെ 1997ൽ ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാൽ തിരക്കഥാകൃത്ത് എന്ന ഖ്യാതിക്കൊപ്പം ഉയർന്നില്ല അദ്ദേഹത്തിന്റെ സംവിധാന മികവ്. മലയാളി മറക്കാത്ത ഒരുപിടി ചിത്രങ്ങൾ ലോഹിതസിന്‍റെ സംവിധാന മികവിൽ പിറവികൊണ്ടു. കന്മദവും, കസ്തൂരിമാനും, ജോക്കറും,സൂത്രധാരനും, അരയന്നങ്ങളുടെ വീടും,കാരുണ്യവും അതിൽ ചിലതുമാത്രം. അമാനുഷികനായ നായകന്മാരല്ല ലോഹിയുടെ തിരകഥകളിൽ പിറവികൊണ്ടത്.ആരും പറയാൻ ശ്രമിക്കാത്ത സർക്കസ് കൂടാരത്തിലേ മനുഷ്യരുടെയും,ജയിൽ പുള്ളികളുടെയും, മുക്കുവരുടെയും,വേശ്യകളുടെയും,വേട്ടകാരന്‍റെയും ജീവിതവഴിയിൽ തോറ്റുപോയ നായകന്റെയും ഒക്കെ കഥ നെഞ്ചുവിരിച്ചു മലയാളിയുടെ മുന്നിലേക്ക് നൽകി വൻ ഹിറ്റുകളാക്കിയ ലോഹിതദാസ്.
നല്ലൊരു ഗാനരചയിതാവ് കൂടിയായിരുന്നു ലോഹിതദാസ്. നിവേദ്യത്തിലെ”കോലക്കുഴൽ വിളികേട്ടോ രാധേ” എന്ന ഗാനവും ജോക്കറിലെ “ചെമ്മാനം പൂത്തെ”, കസ്തൂരി മാനിലെ “രാക്കുയിൽ പാടി ” എന്നു തുടങ്ങുന്ന ഗാനവുമെല്ലാം അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്തവയാണ്.
ഉദയനാണ് താരം,വീണ്ടും ചില വീട്ടുകാര്യങ്ങൾ,സ്റ്റോപ് വയലൻസ് തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ തന്റെ അഭിനയ ശേഷിയും ലോഹിതദാസ് തെളിയിച്ചു.
മീര ജാസ്മിൻ,ലക്ഷ്‌മി ഗോപാലസ്വാമി, ഭാമ,വിനു മോഹൻ തുടങ്ങിയ അഭിനേതാക്കളെ അഭ്രപാളിക്ക് സമ്മാനിച്ചതും ലോഹിതദാസ് ആണ്. 2009 ജൂൺ 28ന് തന്റെ അമ്പത്തിനാലാം വയസ്സിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ സ്മാരകങ്ങൾ സമ്മാനിച്ച് ലോഹിതദാസ് മറ്റൊരു ലോകത്തേയ്ക്ക് യാത്രയായി.