മല്ലിയില കൃഷി


മല്ലിയില കറികളില്‍ സര്‍വ്വസാധരണമായിട്ട് ഉപയോഗിക്കുമെങ്കിലും കൃഷിയില്‍ നമ്മള്‍ പിറകോട്ടാണ് . മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന വിഷപൂരിതമായ മല്ലയില വാങ്ങികഴിച്ചാല്‍, വിളിക്കാതെ എത്തുന്ന അതിഥിയായി മാരകരോഗങ്ങളും കൂടെപോരും
നമുക്ക് ആവശ്യമുള്ള മല്ലിയില വീട്ടില്‍തന്നെ കൃഷി ചെയ്യാവുന്നതാണ്. ആവശ്യത്തില്‍ കഴിഞ്ഞ് കിട്ടുന്നത് ചന്തയില്‍ വിറ്റ് ലാഭവും കൊയ്യാം


കൃഷി ചെയ്യേണ്ട രീതി


നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന പ്രദേശം മല്ലിയിലകൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കരുത്. മണ്ണ് നന്നായി കിളച്ച് അതിലെ കല്ലും പാഴ്വസ്തുക്കളും നീക്കം ചെയ്യണം. രാസവളം കൃഷി ചെയ്ത ഭൂമിയാണെങ്കില്‍ കുറച്ചു കുമ്മായം ഇട്ടുകൊടുക്കണം. മണ്ണില്‍ അടിവളമായി ജൈവളങ്ങളും കമ്പോസ്റ്റും ഇട്ടുകൊടുക്കാം.
ചട്ടിയിലും മല്ലിയില നടാവുന്നതാണ്. മല്ലിയിലയുടെ വേര് ആഴ്ന്നിറങ്ങാന്‍ പറ്റുന്നതരത്തിലുള്ള ചട്ടിയാകാണം തെരഞ്ഞേടുക്കേണ്ടത്. പിരിച്ചു നടാന്‍ പറ്റാത്ത ഇനമല്ലാത്തത് കൊണ്ട് പത്ത് ചട്ടിലായിട്ടു വേണം വിത്ത് നടേണ്ടത്. നടുന്നതിന് മുമ്പ് മേല്‍മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവചേര്‍ത്ത മിശ്രിതം ചട്ടിയില്‍ നിറച്ചുകൊടുക്കണം


വീട്ടിലെ അടുക്കള ആവശ്യത്തിന് വാങ്ങുന്ന മല്ലി കുറച്ചെടുത്ത് നടാവുന്നതാണ്. നടുന്നതിന് രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് നട്ടാല്‍ വിത്ത് പെട്ടന്ന് മുളയ്ക്കും. (കട്ടന്‍ ചായയില്‍ വെള്ളത്തില്‍ വിത്ത് ഇട്ടിരുന്നാല്‍ മല്ലി വിത്തിന്‍റെ തോടിനെ മൃദുവാക്കും.)


മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒരിക്കലും വിത്തിന് മേല്‍ ഒഴിക്കരുത്.


ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.

വളം കൊടുക്കല്‍


മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്‍പ്പിച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. ചെടിയുടെ കട വൈകുന്നേരം ഉണങ്ങിരിക്കണം. ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കരുത്.


ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്‍പ്പെം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.

വിളവെടുപ്പ്

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്‍മ്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും.


ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ മല്ലി (coriander) കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്‍ത്തിയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *