മാതാപിതാക്കൾ നിർബന്ധമായും ചലച്ചിത്രങ്ങൾ


ഈ ലോക്ക് ഡൌൺ കാലം കുടുംബത്തോടൊപ്പം ചിലവഴിക്കുവാൻ ലഭിച്ച അപൂർവ്വ നിമിഷങ്ങൾ ആണ്. കുട്ടികൾക്കൊപ്പവും മുതിർന്നവർക്കൊപ്പവും സമയം ചെലവഴിക്കുമ്പോൾ ഇതിനൊപ്പം ചേർത്തു വെക്കുവാൻ ചെറിയൊരു കാഴ്ചയുടെ ലോകം കൂടി. സ്നേഹബന്ധങ്ങളുടെ നൂലിഴകൾ തുന്നിച്ചേർത്തു, പ്രതീക്ഷകൾ ബാക്കി വയ്ക്കുന്ന, ഒരിക്കൽ കണ്ടാൽ മനസ്സിൽ നിന്നും മായാത്ത ചില ചലച്ചിത്രങ്ങൾ ഇതാ. ഈ അവധിക്കാലത്ത് ഇവയൊന്നു കണ്ടു നോക്കൂ.

1) താരേ സമീൻ പർ

അമീർ ഖാൻ നായകനായി 2007 ൽ  പുറത്തിറങ്ങിയ ചിത്രം ഡിസ്ലക്സിയ എന്ന പഠനവൈകല്യപ്രശ്നം അനുഭവിക്കുന്ന ഇഷാൻ എന്ന എട്ടു വയസ്സുകാരനെ മുൻനിർത്തിയുള്ളതാണ്. രാം ശങ്കർ എന്ന അധ്യാപകൻ, വികൃതി എന്നും മണ്ടൻ എന്നും മുദ്രകുത്തി ഹോസ്റ്റലിൽ ആക്കപ്പെടുന്ന ഇഷാന്റെ യഥാർത്ഥ പ്രശ്നം കണ്ടെത്തി അവന്റെ കഴിവുകളെ പുറത്തു കൊണ്ടുവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുടുംബം, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവർ എങ്ങനെയാണ് കുട്ടികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് എന്ന് ചലച്ചിത്രത്തിൽ വ്യക്തമായി കാണാം. പഠനവൈകല്യം എന്നത് ശരിയായ ശ്രദ്ധ കൊണ്ട് മാറാവുന്ന ഒരു അവസ്ഥ മാത്രമാണ് എന്ന അവബോധം സൃഷ്ടിക്കാൻ ഈ ചലച്ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

2) കണ്ണത്തിൽ മുത്തമിട്ടാൾ

ദത്തെടുത്ത മകളും മാതാപിതാക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രം. മണിരത്നം സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രം ആറ് ദേശീയ അവാർഡ് ഉൾപ്പെടെ 40 അവാർഡുകൾ വാരിക്കൂട്ടി. മാധവൻ,  സിമ്രാൻ, കീർത്തന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളിൽ  അഭിനയിച്ചിരിക്കുന്നത്. സ്വന്തം അമ്മയെ ഒരിക്കലെങ്കിലും കാണണമെന്ന വളർത്തുമകളുടെ ആഗ്രഹം നിറവേറ്റാനായി യാത്രതിരിക്കുന്ന ദമ്പതികളുടെ കഥയാണ് സിനിമ പറയുന്നത്. ഹൃദയം കൊണ്ടാണ് ഓരോരുത്തരും അച്ഛനും അമ്മയും ആകുന്നത് ശരീരം കൊണ്ടല്ല എന്ന് വിളിച്ചോതുന്ന ചലചിത്രം. ആഗ്രഹം നിറവേറ്റി തന്റെ വളർത്തമ്മയുടെ നെഞ്ചിലേക്ക് തിരികെ ഓടിയെത്തുന്ന അമുതയുടെ ചിത്രം മനസ്സിൽ നിന്ന് മായാത്തതാണ്.

3) ദൈവത്തിരുമകൾ

2011ൽ വിക്രം, ബേബി സാറ എന്നിവർ മുഖ്യകഥാപാത്രങ്ങളായിയെത്തിയ ഈ  ചിത്രം ‘അയാം സാം’ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ  തമിഴ് ആവിഷ്കാരമാണ്.  ഒരു അഞ്ചുവയസ്സുകാരന്റെ മാത്രം ബുദ്ധിവികാസമുള്ള കഥാപാത്രം തന്റെ മകൾക്കായി നടത്തുന്ന നിയമപോരാട്ടവും അവളുടെ ഭാവിക്കായി ചെയ്യുന്ന ത്യാഗവുമാണ് സിനിമയുടെ ഇതിവൃത്തം.
അച്ഛനും മകളും തമ്മിലുള്ള വൈകാരികബന്ധത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചലച്ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻ  സ്വീകാര്യത ലഭിച്ചു.

4) റൂം

2015 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം അതേപേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. അഞ്ചുവയസ്സുകാരൻ ജാക്കും അമ്മയും തമ്മിലുള്ള അതിമനോഹരം ബന്ധത്തെ അവതരിപ്പിച്ച ചിത്രത്തിന് ഓസ്കാർ ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചു. ഏഴ് വർഷം മുമ്പ്  തട്ടിക്കൊണ്ടുപോകലിനു ഇരയായി തടവിലാക്കപ്പെട്ട പെൺകുട്ടിയാണ് ജോയ്. നിരന്തരമായ പീഡനങ്ങൾക്ക് വിധേയയാകുന്നുണ്ടെങ്കിലും തന്റെ മകൻ ജാക്കിനെ സംരക്ഷിക്കുവാനും വളർത്തുവാനും ജോയി ശ്രമിക്കുന്നു. റൂം എന്ന് വിളിക്കുന്ന തടവറയിൽ കഥകളിലൂടെയും കളികളിലൂടെയും മകന് ലോകത്തെ പറഞ്ഞു കൊടുക്കുന്നു അമ്മ.
എന്നാൽ അവിടുന്ന് രക്ഷപെട്ടു പുറത്തേക്ക് വരുന്നതൊടെ ജോയ്യിൽ നിന്ന് ലോകം ജാക്കിനെ അകറ്റുവാൻ ശ്രമിക്കുന്നു. സൗകര്യങ്ങളുള്ള ഇടമല്ല വളരുവാൻ ഏറ്റവും നല്ലയിടം അമ്മയുള്ള ഇടമാണ് എന്ന് ജാക്ക് ലോകത്തെ പറഞ്ഞ് മനസ്സിലാകുന്നതാണ് ചിത്രത്തിലെ ഇതിവൃത്തം.

5) പാ

അമിതാബച്ചന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം. 2009 ൽ പുറത്തിറങ്ങിയ ചിത്രം അപൂർവ ജനിതകരോഗം ബാധിച്ച മകനും അവന്റെ അച്ഛനും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. രോഗബാധിതനായി വൃദ്ധനെ പോലെ കാണപ്പെടുന്ന മകനും മകനൊപ്പം അവന്റെ അവസാന നിമിഷങ്ങൾ സന്തോഷത്തോടെ ചിലവഴിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളെ ഈ ചിത്രത്തിൽ കാണാം. വളരെ ചെറിയ നേരത്തേക്കാണെങ്കിൽ പോലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നിമിഷങ്ങൾ അമൂല്യം ആണെന്ന് ചിത്രം പറയുന്നു.

6) പേരൻപ്

റാം സംവിധാനം ചെയ്ത് 2019 ൽ  പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, സാധന എന്നിവർ മുഖ്യകഥാപാത്രത്തിൽ എത്തുന്നു. ഒരു മകൾക്ക് അച്ഛനുമമ്മയും സുഹൃത്തും കാവൽക്കാരനുമൊക്കെയായി മാറേണ്ടിവരുന്ന ഒരു അച്ഛന്റെ കഥ. ഭാര്യ ഉപേക്ഷിച്ചതോടെ ഓട്ടിസം ബാധിച്ച ‘പാപ്പ’ എന്ന മകളെ വളർത്തേണ്ട ഉത്തരവാദിത്വം ഒറ്റക്ക് ഏറ്റെടുക്കുന്ന അമുദൻ എന്ന അച്ഛൻ. രോഗബാധിത എങ്കിലും വളർച്ചക്കൊപ്പം അവളുടെ ആഗ്രഹങ്ങളും വളരുന്നത് അമുദൻ തിരിച്ചറിയുന്നു. അവൾക്ക് സാധാരണമായ ഒരു ജീവിതം നൽകുവാനായി സാധിക്കാതെ നിസ്സഹായനായി നിൽക്കുന്ന, അവളുടെ സുരക്ഷയെ ഓർത്ത് നിരന്തരം ആശങ്കപ്പെടുന്ന ഒരു അച്ഛനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രകൃതിയിലെ റിതു മാറ്റം പോലെ തന്റെ മകളുടെ ഓരോ ഭാവവും ക്ഷമയോടെ മനസ്സിലാക്കുന്ന അച്ഛന്റെ കഥയാണ് പേരൻപ്.

7) അഭിയും നാനും

അമിതമായ സ്നേഹവും ആശങ്കയും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു അച്ഛന്റെ കഥയാണ് അഭിയും നാനും. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമിതമായ ആശങ്കപ്പെടുന്ന, ഉറക്കളക്കുന്ന, ഭാര്യയോട് പരിഭവിക്കുന്ന രഘുറാം എന്ന കഥാപാത്രം. മകൾ ആദ്യമായി ഒറ്റയ്ക്ക് സ്കൂളിൽ പോകുമ്പോഴും ഉപരിപഠനത്തിനായി ദൂരേക്ക് പോകുമ്പോഴും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ  തിരഞ്ഞെടുക്കുമ്പോഴും എല്ലാം അയാൾ നിരന്തരം അവളുടെ നിഴലായി ഉണ്ട്. മകൾ  എത്ര വളർന്നാലും തന്നിലെ അച്ഛൻ അവളെ ആദ്യമായി കയ്യിലെടുക്കുമ്പോൾ ഉണ്ടായ ആ പഴയ ആൾ തന്നെ ആയിരിക്കുമെന്ന് അയാൾ മനസ്സിലാക്കുന്നു. മകൾ വിവാഹിതയായി പോകുമ്പോൾ ആരും കാണാതെ കരയുന്ന അച്ഛനെ
പ്രകാശ്‌ രാജ് അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മകളായി തൃഷ അഭിനയിച്ച ചിത്രം 2008 ലാണ് പുറത്തിറങ്ങിയത്.

ആതിര സരാഗ്

Leave a Reply

Your email address will not be published. Required fields are marked *