മാതാപിതാക്കൾ അറിഞ്ഞിരിക്കണം മക്കളുടെ ഒരോ ചുവടും
ഫാമിലി ഈസ് ദ ഫസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ റ്റു മെയ്ക്ക് എ പേഴ്‌സണ്‍സ് പേഴ്‌സണാലിറ്റി എന്നാണല്ലോ.മക്കളുടെ ഓരോ ചുവടും അടിപതറാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. 15, 16 വയസ്സില്‍ അതായത് ഹോര്‍മോണ്‍ വ്യത്യാസം വരുന്ന ഈ പ്രായത്തിലാണ് ലഹരിയോടും മറ്റും ആകര്‍ഷണം തോന്നുന്നത്.
കാലഘട്ടത്തില്‍ മക്കളുടെ സ്വഭാവരൂപീകരണവും നടക്കും.അതിനാല്‍ തന്നെ ഈ പ്രായത്തിലാണ് നമുക്ക് ദുശ്ശീലങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കേണ്ടതും. ആരാധനയും, ബഹുമാനവും തോന്നുന്ന വ്യക്തികളുടെ ചീത്തസ്വഭാവത്തെ കോപ്പി പേസ്റ്റ് ചെയ്താണ് ഈ കാലഘട്ടത്തില്‍ ആദ്യമായി സിഗരറ്റ് വലിച്ചുതുടങ്ങുന്നത്. ആദ്യാനുഭവത്തില്‍ തന്നെ ഇവര്‍ തങ്ങള്‍ക്കൊരു താരപരിവേഷം നല്‍കും. താനൊരു മുതിര്‍ന്ന ആളായെന്നും ഹീറോയാണെന്നും സ്വയം സങ്കല്‍പ്പിക്കും. ഇവിടെയാണ് തുടക്കം.എന്നാല്‍ മാതാപിതാക്കളുടെ സ്‌നേഹപൂര്‍ണ്ണമായ ഈ ഇടപെടലിലൂടെ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും സാധിക്കും.
മക്കളുടെ ചെറിയ വ്യത്യാസം പോലും നമ്മുക്ക് കാണുവാനും മനസിലാക്കുവാനും സാധിക്കണം. അതിനാല്‍ അവരോട് അടുത്ത് ഇടപഴകാവുന്ന കുടുംബ ബന്ധമാകണം ഉണ്ടാവേണ്ടത്. പഠനത്തോടൊപ്പം വ്യക്തിത്വവികസനം പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍, കൗണ്‍സിലിംഗ് കോഴ്‌സുകള്‍, യോഗ അല്ലെങ്കില്‍ കലാകായിക പരിപാടികള്‍ ഇങ്ങനെ പല പരിപാടികളില്‍ നമുക്ക് മക്കളെ പങ്കെടുപ്പിക്കാം.
മുഴുവന് സമയവും അവരെ കര്മ്മനിരതരാക്കുക
എന്നതാണ് ഇതിലൂടെയുള്ള ലക്ഷ്യം.എന്നാല്‍ ഇത്തരം എന്ററ്റൈന്‍മെന്റ് പരിപാടികള്‍ അവരില്‍ അധിക ഭാരമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഒരുതവണ തെറ്റുചെയ്ത മകനെ, മകളെ ഒരുപാട് ശാസിക്കരുത്, കുറ്റപ്പെടുത്തരുത്. ഒരു തവണ കാണിക്കുന്ന തെറ്റിനെ കുറ്റപ്പെടുത്തി അവരെ നമ്മളില്‍ നിന്നും അകറ്റരുത്. പകരം സാവകാശം ചോദിച്ച് മനസിലാക്കി ദുശീലം മൂലം വഴിയാധാരമായ പരിചയക്കാരുടെ അനുഭവം നമുക്ക് കാണിച്ചു കൊടുക്കാം.
അവരുടെ തെറ്റുതിരുത്താന്‍ ഇതിലൂടെ നമ്മുക്ക് സാധിക്കും. ഒരു ഉദാഹരണം പറയാം എസ്എസ്എല്‍സിക്ക് 530 മാര്‍ക്ക് വാങ്ങിച്ച ആണ്‍കുട്ടി, അച്ഛന്‍ മരണത്തോട്മല്ലിടുന്ന സമയത്തായിരുന്നു അവന്റെ പരീക്ഷ.മദ്യപാനവും പുകവലിയുടേയും ഫലമായി അച്ഛന് അര്‍ബുദമായിരുന്നു. മകന്റെ പരീക്ഷ കഴിഞ്ഞപ്പോഴേയ്ക്കും അച്ഛന്‍ മരിച്ചു. അച്ഛന്റെ ചികിത്സയ്ക്ക് വാങ്ങിച്ച കടം വീട്ടാനായി മകനെ ബന്ധുവീട്ടില്‍ നിര്‍ത്തി ഉന്നത കുടുംബത്തില്‍ ജനിച്ച അവന്റെ അമ്മ ഹോംനേഴ്‌സായി മദ്രാസിന് പോയി. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചുകൊണ്ടിരുന്ന മകന്റെ കൂട്ടുകെട്ട് പതുക്കെ വഴിമാറി.
അച്ഛന്റെ ജീവിതം നല്‍കിയ ഗുണപാഠം അവന്‍ മറന്നു. ക്ലാസ് കട്ട് ചെയ്ത് സിനിമ, മദ്യപാനം, പുകവലി തുടങ്ങിയ കാര്യങ്ങളിലേക്ക് വഴിതിരിഞ്ഞു. കടം വീട്ടി മകനെ ഡോക്ടറാക്കാനുള്ള പണവുമായി അമ്മ തിരിച്ചെത്തുമ്പോള്‍ കണ്ടത് മകന്റെ കുത്തഴിഞ്ഞ ജീവിതം.
ഉപദേശിച്ചും, ശാസിച്ചും അവര്‍ മകനെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ നോക്കി. ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കുറച്ചു ഭേദപ്പെട്ട മകന്‍ വീണ്ടും പഴയ കൂട്ടുകെട്ടിലെത്തി. മകന്റെ തകര്‍ച്ചയില്‍ മനം മടുത്ത അമ്മ ഹൃദയം പൊട്ടി മരിച്ചു. നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനുമായ ഒരു യുവാവായിരുന്നു ആ മകന്‍. ഇന്നവന്‍ ഏതോ ഹോട്ടലില്‍ ജോലി ചെയ്ത് കിട്ടുന്ന കാശിന് കള്ളുകുടിച്ച് ജീവിതം തള്ളിനീക്കുന്നു. നന്നാവണമെന്ന് അവന് ആഗ്രഹമുണ്ടായിരിക്കാം, പക്ഷേ അവന്‍ അടിമയാണ്, മദ്യത്തിന്റെ. മദ്യമാണ് അവന്റെ വികാര വിചാരങ്ങളെ നയിക്കുന്നത്.