മാസ്റ്ററിലെ ‘ഗവണ്‍മെന്‍റ് ‘ വെട്ടിമാറ്റി ആമസോണ്

വിജയ് ചിത്രം മാസ്റ്ററിന്റെ ആമസോണ്‍ പതിപ്പില്‍ ഗവണ്‍മെന്റ് എന്ന വാക്ക് സബ്‌ടൈറ്റിലില്‍ നിന്നും മാറ്റി. ചിത്രത്തിലെ വിജയ് യുടെ കഥാപാത്രം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പറയുന്ന ഡയലോഗിന്റെ സബ്‌ടൈറ്റിലാണ് നീക്കം ചെയ്തത്. എന്നാല്‍ ഡയലോഗില്‍ ആ പദപ്രയോഗത്തില്‍ ബീപ് സൗണ്ട് ഉപയോഗിച്ചിട്ടില്ല. ഇതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ സംഭവം വലിയ ചര്‍ച്ചയാവുകയാണ്.

തീയറ്ററിലും മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗവണ്‍മെന്റ് എന്ന വാക്ക് സെന്‍സര്‍ ചെയ്തിരുന്നു. ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ അണ്‍സെന്‍സേഡ് വേര്‍ഷനാണ് എത്തുന്നതെന്നാണ് പറഞ്ഞിരുന്നത്. അതിലും ഗവണ്‍മെന്റ് എന്ന വാക്ക് വെട്ടിമാറ്റിയത് ആരുടെ നിയമ പ്രകാരമാണെന്നാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന ചോദ്യം.

സിനിമയില്‍ ‘ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്നില്ല’ എന്ന ഡയലോഗില്‍ നിന്നാണ് ഗവണ്‍മെന്റ് എന്ന വാക്ക് നീക്കം ചെയ്തിരിക്കുന്നത്. ഇതിലും ഭേദം ആ ഭാഗം മ്യൂട്ട് ചെയ്യുന്നതായിരുന്നു എന്നാണ് സമൂഹമാധ്യമത്തില്‍ പലരും അഭിപ്രായപ്പെടുന്നത്. ‘എന്താ ആമസോണേ പേടിയാണോ’ എന്നാണ് മറ്റൊരു രസകരമായ കമന്റ്.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാസ്റ്റര്‍ തീയറ്ററില്‍ റിലീസ് ചെയ്തത്. തീയറ്ററില്‍ 50 ശതമാനം പ്രവേശനാനുമതിയോട് കൂടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴും തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന മാസ്റ്ററിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുവരുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *