രസത്തിന് തുടങ്ങി, കൊച്ചിയുടെ രുചിക്കൂട്ടായി ഫര്‍സാനയുടെ പായസക്കട

വീണ ലിജോ

ഭര്‍ത്താവായ കുഞ്ചാക്കോ ബോബന് ദിവസവും പായസം വച്ചു നല്കിയ നിത്യ മേനോന്റെ കഥാപാത്രത്തെ കണ്ടിട്ടില്ലേ പോപ്പിന്‍സ് എന്ന ചിത്രത്തില്‍. അതുപോലൊരു കഥയാണ് ഫര്‍സാനയ്ക്ക് പറയാനുള്ളത്. ഭക്ഷണപ്രിയനായ ഭര്‍ത്താവ് ഷഹാസിന് ഇടയ്ക്കിടെ പായസം വച്ചുനല്കി സംരംഭകയായി മാറിയ ഈ വീട്ടമ്മയുടെ സ്ഥാപനത്തിന്റെ പേര് പായസക്കട.

പേരുപോലെ തന്നെ കടയില്‍ പായസം മാത്രമേ കിട്ടൂ. പാലരിവട്ടം പൈപ്പ്‌ലൈനില്‍ സിഗ്നലിന് അടുത്താണ് പായസക്കട സ്ഥിതി ചെയ്യുന്നത്. 24 തരം പായസങ്ങളാണ് ഫര്‍സാനയുടെ കൈപുണ്യത്തില്‍ ഇവിടെ വിളമ്പുന്നത്.പായസത്തിന് മാത്രമായൊരു ഷോപ്പ് തുടങ്ങിയതിനെപ്പറ്റി ഫാര്‍സനയ്ക്ക് ഏറെ പറയാനുണ്ട്. മക്കളോടുള്ള സ്‌നേഹവും അമ്മ പകര്‍ന്നു നല്കിയ കൈപ്പുണ്യവുമാണ് ഫാര്‍സനയെ ഇത്തരത്തിലൊരു ആശയത്തിലേക്ക് നയിച്ചത്. കോട്ടയം സ്വദേശിനിയാണ് ഫര്‍സാനയും ഭര്‍ത്താവും. വിവാഹശേഷം കൊച്ചിയിലേക്ക് താമസം മാറ്റി. ഒരു സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു ഇവര്‍.


മൂന്നു കുട്ടികളായതോടെ ജോലി ഉപേക്ഷിച്ചു. കുട്ടികള്‍ക്ക് തന്റെ സാന്നിധ്യം എപ്പോഴും വേണമെന്ന തിരിച്ചറിവാണ് ജോലി ഉപേക്ഷിക്കാന്‍ കാരണം. രുചികരമായ ഭക്ഷണമുണ്ടാക്കി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വിളമ്പുകയായിരുന്നു പ്രധാന ഹോബി. അമ്മ ചെറുപ്പത്തില്‍ പഠിപ്പിച്ച രസക്കുട്ടുകളാണ് ഫര്‍സാനയിലെ പാചകവിദഗ്ധയെ വളര്‍ത്തിയത്.
അങ്ങനെയിരിക്കെ ഒരുദിവസം ഭാര്‍ത്താവാണ് ഭക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടങ്ങിയാലോയെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.

എന്തു തുടങ്ങണമെന്ന സംശയമായി പിന്നീട്. അങ്ങനെയാണ് പായസത്തിനായി ഒരു ഷോപ്പ് തുടങ്ങാമെന്ന് തീരുമാനിച്ചത്. ഓണ്‍ലൈനായി വില്ക്കാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. ഒരു ഷോപ്പ് കൂടി തുടങ്ങാമെന്ന ചിന്തയില്‍ മേയില്‍ പാലാരിവട്ടത്ത് പായസക്കട ആരംഭിക്കുന്നത്.
24ഓളം ഇനം പായസങ്ങളാണ് ഇവിടെ വില്ക്കുന്നത്. സ്ഥിരമായി നാലുതരം പായസം കടയില്‍ ഉണ്ടാകും. ഇതിനൊപ്പം ഓരോ ദിവസവും രണ്ട് സ്‌പെഷ്യല്‍ പായസങ്ങളും. സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഓരോ ദിവസവും മാറിമാറി വരും. രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവര്‍ത്തനമെങ്കിലും അതിനു മുമ്പേ പായസം മുഴുവന്‍ വിറ്റുതീരുമെന്ന് ഫര്‍സാന പറയുന്നു.


പായസം ഉണ്ടാക്കുന്നതെല്ലാം ഫര്‍സാനയാണ്. അതുകൊണ്ട് ഗുണത്തിലും രുചിയിലും നോ കോംപ്രമൈസ്. സഹായിയായി ഭര്‍ത്താവും കൂടെയുണ്ട്. രാവിലെ അഞ്ചിന് ആരംഭിക്കുന്ന പാചകം പത്തുമണിയാകുന്നതോടെ പൂര്‍ത്തിയാകും. ഷോപ്പില്‍ ഒരു ജീവനക്കാരനുള്ളതിനാല്‍ ഫര്‍സാനയ്ക്ക് കുട്ടികളുടെ കാര്യം നോക്കാന്‍ ആവശ്യത്തിന് സമയമുണ്ട്.

ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ്പ്ലാറ്റ്‌ഫോമുകളായ സ്വിഗിയിലും സൊമാറ്റോയിലും പായസക്കട ഹിറ്റാണ്. ആവശ്യക്കാര്‍ കൂടിയതോടെ പനമ്പിള്ളിനഗറില്‍ ഒരു ഷോപ്പ് കൂടി തുടങ്ങാനുള്ള തയാറെടുപ്പിലാണിവര്‍. കൂടുതല്‍ ലാഭം നേടുകയെന്നതിനേക്കാള്‍ രുചികരമായ പായസം വിളമ്പുന്നതിലാണ് സംതൃപ്തിയെന്ന് നിറഞ്ഞ ചിരിയോടെ ഫര്‍സാന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *