വരം

സാക്ഷാൽ ദൈവം തമ്പുരാൻ മുന്നിലെത്തി വരം ചോദിച്ചോളുവാൻ ആവശ്യപ്പെട്ടപ്പോ മനസ്സ് ആകെ ശൂന്യമായിപോയെന്നെ….ഞാൻ അല്ല ..ആ സ്ഥാനത്ത് നിങ്ങൾ ആണേലും അതുതന്നെയാകും അവസ്ഥ.ചിലപ്പോ ബോധവും പോകും അത്രതന്നെ. .. പെട്ടന്നു തോന്നിയത് അങ്ങോട്ടുചോദിച്ചു ..പൈസയോ പദവിയോ പ്രതാപമോ ഒന്നുമല്ല ആരും അറിയാതെ അദൃശ്യനായി ഒരു ദിവസം എവിടെയും സഞ്ചരിക്കാൻ വരം തരുമോ ഭഗവാനേ എന്നു ചോദിച്ചേയുള്ളു, തദാസ്‌തു എന്നു പറഞ്ഞ് ദൈവം അപ്രത്യക്ഷനായി.

ആദ്യം പോയത് മാർക്കറ്റിലേക്കാണ്.’അന്ന വിചാരം മുന്ന വിചാരം’ എന്നാണല്ലോ. കോഴികൂവുന്നതിനു മുൻപ് തന്നെ അവിടെ എത്തിയപ്പോ കണ്ടകാഴ്ചകൾ ഞെട്ടിച്ചുകളഞ്ഞു. ശവം വിൽക്കുന്ന മമ്മദ് ,അതേന്നെ.. മീൻ വിൽക്കുന്ന മമ്മദ് തന്നെ, പുള്ളി ധൃതിയിൽ അമോണിയ കലക്കുവാണ് മീനിൽ ഒഴിക്കാൻ, നേരം വെളുത്ത് ആള് വരുമ്പോ പറയാനാ ‘ പെടക്കണ മീനാ സാറേ ഒരുകിലോ എടുക്കട്ടെന്ന്’. നമ്മടെഒക്കെ ശവവും എടുത്തിട്ടെ പുള്ളി പണി നിർത്തൂ. തൊട്ടടുത്ത കോഴിക്കടയിലെ കറിയാച്ചന്റെ വക ഒരു കമന്റ്‌ വന്നതുകേട്ടു വീണ്ടും ഞെട്ടി. ഞാനും വീട്ടുകാരും ഇവറ്റയെ കൊല്ലുമെന്നല്ലാതെ തിന്നാറില്ല. അത്ര ഹോർമോൺ കുത്തിവച്ചല്ലേ സാധനം വരുന്നേ അതല്ലേ തിന്നുന്നവന്മാരൊക്കെ കോഴിയുടെ ഷേപ്പിൽ വരുന്നേ മമ്മദേ എന്ന്‌. എന്നിട്ട് നീട്ടി ഒരുചിരിയും ബീഡികറ പിടിച്ച പല്ലുംകാണിച്ച്‌ .

പുറത്തുനിന്നു കാണും എന്നല്ലാതെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഇന്നു വരെ കേറാൻ സാധിച്ചിട്ടില്ല, ഇനിഒട്ട് ആ പൂതി നടക്കുമെന്നും തോന്നുന്നില്ല. കിട്ടിയ അവസരം മുതലാക്കി കേറിയതും പരസ്പരം പോരടിക്കുന്ന, തീപൊരി പ്രസംഗം കൊണ്ട് അണികളിൽ വീര്യം നിറയ്ക്കുന്ന ബദ്ധവൈരികളായ പാർട്ടികളുടെ മുതിർന്ന നേതാക്കൾ ഒരുമിച്ച് കെട്ടിപിടിച്ചു ബിരിയാണി കഴിക്കുന്നു. ഇന്നലെ ചത്ത അണിക്കുള്ള അനുശോചനമാവും,.. കഷ്ടം.

ഒന്നു മനസ്സ് ശാന്തമാക്കാൻ എവിടെങ്കിലും പോകാന്നുവച്ചാൽ..വേണ്ടഇനി ഒന്നും കാണാൻ ശക്തിയില്ല വൈദികരും പൂജാരിമാരും വരെ…… ഹാ..ദിവസോം ഓരോന്ന് പത്രത്തിൽ വായിക്കുന്നതല്ലേ. വേണ്ട അവിടെക്കൊന്നും പോകാൻ മനശക്തിയില്ല.

-കണ്ണനുണ്ണി ജി.

Leave a Reply

Your email address will not be published. Required fields are marked *