വലിയ കാര്യങ്ങളുടെ തമ്പുരാട്ടി;അരുന്ധതി റോയി

ജിബി ദീപക്ക് (അദ്ധ്യാപിക,എഴുത്തുകാരി)

‘നമ്മുടെ സ്വപ്‌നങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടവയാണ്. നമ്മള്‍ നങ്കൂരമില്ലാതെ, കാറ്റും, കോളുമുള്ള കടലിലൂടെ യാത്ര ചെയ്യുകയാണ്. ഒരിടവും നമ്മളുടേതല്ല. നമ്മളൊരിക്കലും കരയ്ക്കടുക്കാന്‍ പോകുന്നില്ല’.

‘1997 ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ദ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍) എന്ന കൃതിയിലെ വരികളാണിവ. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയമനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവല്‍ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000 ത്തിലധികം പ്രതികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവല്‍ തര്‍ജമ ചെയ്യപ്പെട്ടു. 2011 ജനുവരിയില്‍ നോവല്‍ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന പേരില്‍ പ്രിയ എ.എസ്. പരിഭാഷപ്പെടുത്തുകയും, ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വര്‍ണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മുവും, വെളുത്തയും രാത്രികളില്‍ മീനച്ചില്‍ ആറിന്‍റെ തീരത്ത് രഹസ്യമായി സ്ഥിരം കണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവര്‍ണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് അയാളെ ഒരു കള്ള വ്യവഹാരത്തില്‍ കുടുക്കി പോലീസ് ഇന്‍സ്‌പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.

അന്ന് ഈ കൃതിയെ പ്രശസ്ത കമ്യൂണിസ്റ്റ് നേതാക്കള്‍ കമ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞതും എന്ന് മുദ്രകുത്തി. ‘ബൂര്‍ഷാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം’ എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്.

മേഘാലയയിലെ ഷില്ലോങ്ങില്‍ നവംബര്‍ 24, 1961-ല്‍ ആണ് അരുന്ധതി റോയിയുടെ ജനനം. മാതാവ് കോട്ടയം അയമനം സ്വദേശി മേരി റോയ് യും, പിതാവ് രാജീബ് റോയ് യും. രാജീബ് റോയി ഒരു ബംഗാളി ബ്രാഹ്മണനായിരുന്നു. അരുന്ധതിയുടെ ബാല്യകാലം കേരളത്തിലായിരുന്നു. പഠനത്തിനുശേഷം ആര്‍കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു. എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണിവര്‍. ഭര്‍ത്താവ് ചലച്ചിത്ര സംവിധായകനായ പ്രദീപ് കിഷന്‍. ആദ്യ ഭര്‍ത്താവ് ശില്‍പ്പിയായ ഗെറാറ്ഡ് ഡാ കുഗ ആയിരുന്നു.

സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് എതിരേ മേധ പാട്കര്‍ നയിക്കുന്ന ‘നര്‍മ്മദയെ രക്ഷിക്കൂ’ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ‘ഗ്രേറ്റര്‍ കോമണ്‍ ഗുഡ്’ എന്ന ലേഖനമെഴുതുകയും ബുക്കര്‍ സമ്മാന തുകയും, തന്റെ പുസ്തകത്തിന്റെ റോയല്‍റ്റിയും പ്രക്ഷോഭത്തിന് ദാനം ചെയ്യുകയും ചെയ്ത് മഹദ് വ്യക്തിത്വമാണ് ഇവരുടേത്. 2003 ല്‍ വയനാട് ജില്ലയിലെ മുത്തങ്ങയില്‍ പോലീസും ആദിവാസികളുമായുണ്ടായ സംഘര്‍ഷത്തിനെതിരെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് ‘താങ്കളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു’ എന്ന തുറന്ന കത്ത് എഴുതിയ ധീര വനിത കൂടിയാണ് അരുന്ധതി റോയി. അഹിംസയിലൂന്നിയ സാമൂഹ്യ പ്രവര്‍ത്തനത്തെ മുന്‍ നിറുത്തി 2004 ല്‍ സിഡ്‌നി സമാധാന സമ്മാനം ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.

തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങളും പലപ്പോഴും ഇവരെ വിവാദത്തിലെത്തിച്ചിട്ടുണ്ടെങ്കിലും, തന്റെതായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിത്വം ഇവരെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തയാക്കി. 2006 ല്‍ ആള്‍ഗിബ്ര ഓഫ് ഇന്‍ഫൈനൈറ്റ് ജസ്റ്റിസ്’ എന്ന ലേഖന സമാഹാരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. പക്ഷേ അരുന്ധതി റോയി അത് നിരസിക്കുകയുണ്ടായി.

2017 ല്‍ പുറത്തിറങ്ങിയ അവരുടെ ഇംഗ്ലീഷ് നോവലാണ് ‘ദ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്’. അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലാണിത്. ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് പ്രസിദ്ധീകരിച്ച് ഇരുപത് വര്‍ഷത്തിനു ശേഷമാണ് ഈ നോവല്‍ പുറത്ത് വരുന്നത്. പാവപ്പെട്ട കര്‍ഷകരെ കുടിയൊഴിപ്പിച്ച ഭൂപരിഷ്‌കരണം മുതല്‍ 2002 ഗോദ്ര ട്രെയിന്‍ കത്തിക്കല്‍, കശ്മീര്‍ കലാപം വരെയുള്ള ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ടതും അക്രമഭരിതവുമായ ഏതാനും അധ്യായങ്ങളുടെ ഗതി നിയന്ത്രിച്ച് ആളുകളുടെ കഥകള്‍ ഇഴചേര്‍ത്തിരിക്കുകയാണ് ഈ നോവലില്‍. 2018 ല്‍ ജോണി എം എല്‍ തയ്യാറാക്കിയ മലയാള പരിഭാഷ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’ എന്ന പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തി.

തന്‍റെ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് അക്ഷരങ്ങളെ ഉപാസിക്കുകയും, ആ അക്ഷരങ്ങളിലൂടെ സമൂഹത്തിലെ അന്യായങ്ങള്‍ക്കെതിരെ പടപൊരുതുകയും ചെയ്തുകൊണ്ടിരിക്കുന്ന അരുന്ധതി റോയി എന്ന ധീര വ്യക്തിത്വത്തിന്‍റെ 61 ാം പിറന്നാളായ ഇന്ന് അക്ഷര സ്‌നേഹികളായ നമുക്കും ഒരു പിടി ആശംസകള്‍ നേരാം.

Leave a Reply

Your email address will not be published. Required fields are marked *