ശുദ്ധസംഗീതത്തിന്‍റെ സൂര്യകിരീടം വീണുടഞ്ഞിട്ട് പത്തുവർഷം പിന്നിടുന്നു..

ജി.കണ്ണനുണ്ണി.

ശുദ്ധസംഗീതംകൊണ്ട് മലയാളികളുടെ ഇടനെഞ്ചിൽ സംഗീതമഴപെയ്യിച്ച സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഓർമ്മ ദിനമാണ് ഇന്ന്. കള്ളിച്ചെല്ലമ്മയിൽ രാഘവൻ മാസ്റ്റർ ഈണമിട്ട ഉണ്ണി ഗണപതിയെ വന്നു വരം തരണേ..എന്ന ഗാനം പാടി ഗായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒന്നിന്റെ കസേര സ്വന്തമാക്കിയ എം.ജി.രാധാകൃഷ്ണൻ.

അരവിന്ദന്റെ തമ്പിലെ കാനന പെണ്ണ് ചെമ്പരത്തി എന്ന ഗാനം മുതൽ ഇങ് അനന്തഭദ്രത്തിലെ തിരനുരയും..എന്നു തുടങ്ങുന്ന ഗാനം ഉൾപ്പടെ ഒരുപിടി മാസ്മരിക സംഗീതത്തിന്റെ സ്മാരകങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. ദേവസുരത്തിലെ “സൂര്യകിരീടം വീണുടഞ്ഞു” തകരയിലെ “മൗനമേ..നിറയും മൗനമേ”, ചാമരത്തിലെ “നാഥാ നീ വരും”, മണിച്ചിത്രത്താഴിലെ “ഒരു മുറൈ വന്തു”, മിഥുനത്തിലെ “ഞാറ്റുവേല കിളിയെ” ജാലകത്തിലെ “ഒരു ദളം മാത്രം”, അദ്വൈതത്തിലെ “അമ്പലപ്പുഴെ ഉണ്ണികണ്ണനോട് നീ” തുടങ്ങി മലയാളി മരിക്കുവോളം മറക്കാത്ത എത്രയെത്ര ഗാനങ്ങൾ.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് എം.ജി.രാധാകൃഷ്ണൻ ഗാനഭൂഷണം പാസാകുമ്പോൾ അദ്ദേഹത്തിന്റെ സഹപാഠികൾ ഗാനഗന്ധർവ്വൻ യേശുദാസും, നെയ്യാറ്റിൻകര വാസുദേവനും ഒക്കെ ആയിരുന്നു.ലളിതഗാനങ്ങളെ ഇത്രയേറെ ജനഹൃദയങ്ങളിൽ എത്തിച്ച മറ്റൊരു സംഗീത സംവിധായകൻ ഉണ്ടോ എന്ന് സംശയമാണ്.ആകാശവാണിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമാകാൻ എം.ജി.രാധാകൃഷ്ണന് സാധിച്ചു. ആകാശവാണിയുടെ ലളിത സംഗീത പാഠം ജനകീയമാക്കാൻ എം.ജി.രാധാകൃഷ്ണൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.., ഘനശ്യാമ സന്ധ്യാ ഹൃദയം…, തുടങ്ങി അദ്ദേഹം സംഗീതം ചെയ്ത ഒട്ടേറെ ജനപ്രിയ ലളിത ഗാനങ്ങൾ ഇന്നും യുവജനോത്സവ വേദികളിൽപോലും അലയടിക്കുകയാണ്.

മലയാള സിനിമഗാന ശാഖയുടെ അഭിവാജ്യ ഘടകമായി മാറിയ മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്രയെ കണ്ടെത്തിയതും, കേരളക്കരയ്ക്ക് സമ്മാനിച്ചതും എം.ജി.രാധാകൃഷ്ണൻ ആണ്.അദ്ദേഹത്തെകുറിച്ചോർക്കുമ്പോൾ തന്നെ വന്ദേ മുകുന്ദ ഹരേ എന്ന ഗാനം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ നമ്മുടെ കാതിൽ മുഴങ്ങും…. വെള്ള ജുബ്ബയും വെള്ള മുണ്ടു മടുത്ത്.. മുറുക്കി ചുവന്ന ചുണ്ടുകളുമായി ചെറുപുഞ്ചിരി സമ്മാനിക്കുന്ന എം.ജി.രാധാകൃഷ്ണൻ.

2001 ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലെ ഗാനത്തിനും , 2005ൽ അനന്തഭദ്രം എന്ന ചിത്രത്തിലെ ഗാനത്തിനും അദ്ദേഹത്തെ തേടി മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമെത്തി. അദ്ദേഹത്തിന്റെ നല്ലപാതിയായ ഗാനരചയിതാവും,എഴുത്തുകാരിയും, ചിത്രകാരിയും,ഒക്കെയായിരുന്ന പത്മജ രാധാകൃഷ്ണൻ ഈ ലോകത്തോട്‌ വിടപറഞ്ഞത് കഴിഞ്ഞ ജൂൺ 15 ആയിരുന്നു. 2010 ജൂലൈ രണ്ടിന് നമ്മെ വിട്ടകന്ന എം.ജി.രാധാകൃഷ്ണൻ എന്ന സംഗീത കുലപതിക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *