സാരിയാണ് കൂടുതല്‍ ഇഷ്ടം; അനുശ്രീ
സുമേരന്‍ പി.ആര്
ഫ്ലാറ്റ് ചെരുപ്പുകളോട് പ്രീയം
ഹീലുള്ള ചപ്പലുകള്‍ ഉപയോഗിക്കാറേയില്ല. ഫ്ളാറ്റായ ചപ്പലുകളാണ് ഉപയോഗിക്കുന്നത്. വളകളില്‍ ഏറ്റവും ഇഷ്ടം കുപ്പിവളകളാണ്. നല്ല കുപ്പിവളകള്‍ എവിടെകണ്ടാലും വാങ്ങിക്കൂട്ടും. എന്റെ കൈയ്യില്‍ കുപ്പിവളകളുടെ നല്ല കളക്ഷനുണ്ട്. നിറത്തിലുള്ള കുടകള്‍ വളരെ ഇഷ്ടമാണ്.
ചുവന്ന പൊട്ടുകള്‍ താല്പര്യം
പൊട്ടുകളോട് വളരെ ഇഷ്ടമുണ്ട്. ചുവന്ന പൊട്ടുകളാണ് കൂടുതലും താല്പര്യം. ഡ്രസ്സുകളുടെ നിറത്തിന് യോജിച്ച പൊട്ടുകളും അണിയാറുണ്ട്. പക്ഷേ എപ്പോഴും പൊട്ട് തൊടണമെന്ന നിര്‍ബന്ധമൊന്നുമില്ല.
സാരിയും പരമ്പരാഗത ആഭരണങ്ങളും അണിയാന്‍ ഇഷ്ടമാണ്
വള്‍ഗറല്ലാത്ത എല്ലാ ഡ്രസ്സും താല്പര്യമാണ്. എങ്കിലും പരമ്പരാഗത വസ്ത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. മോഡേണ്‍ ഡ്രസ്സും ഉപയോഗിക്കാറുണ്ട്. ഫങ്ഷനുകള്‍ക്കും മറ്റും പോകുമ്പോള്‍ സാരിയാണ് കൂടുതലും ഉപയോഗിക്കുന്നത്. പരമ്പരാഗത സ്വര്ണ്ണാഭരണങ്ങളോടാണ് എനിക്ക് താല്പര്യം. ചെട്ടിനാട് സ്റ്റൈല്‍ പോലുള്ള പാരമ്പര്യ ആഭരണങ്ങളോട് ഏറെ ഇഷ്ടമാണ്. ഹെവിയായ ഡയമണ്ടുകള്‍ തീരെ താല്പര്യമില്ല.
മേക്കപ്പിനോട് താല്പര്യമില്ല
സിനിമാ ഷൂട്ടില്‍ പോലും മേക്കപ്പ് ചെയ്യാറില്ല. ഫോട്ടോഷൂട്ടില്‍ മാത്രമേ മേക്കപ്പ് ചെയ്യൂ. ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല. മേക്കപ്പിനോട് ഒട്ടും താല്പര്യമില്ല. നാച്വറലായിരിക്കാനാണ് താല്പര്യം. മുടിക്ക് വേണ്ടി ഒന്നും ചെയ്യാറില്ല. മുടിയെക്കുറിച്ച് ഒരു ആവലാധിയുമില്ല. സാധാരണ ആളുകള്‍ ചെയ്യുന്നതിനപ്പുറം പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. തല്ക്കാലസൗന്ദര്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്ത് അപകടത്തില്‍ പെടരുത്. സ്കിന്നിനും ഹെയറിനും നല്ലതെന്ന് തോന്നുന്നത് പലതും പിന്നീട് കെണിയില്‍ പെടുത്തും. അതുകൊണ്ട് അത്തരം പ്രലോഭനങ്ങളില്‍ വീഴരുത്.
ഫിറ്റ്നെസ്സ് രഹസ്യം
ഇപ്പോള്‍ കുറച്ചുനാളായി ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകാറില്ല. യോഗയും ശീലമില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. എപ്പോഴും പോസിറ്റീവീയി ഇരിക്കുക അതാണ് എന്റെ ഫിറ്റ്നെസ്സ് രഹസ്യം.
ബ്രാന്റ് നോക്കി ഒന്നും വാങ്ങാറില്ല
ഇഷ്ടമുള്ളത് വാങ്ങിക്കും. അതിന് ബ്രാന്‍ഡോ വിലയോ നോക്കാറില്ല. എല്ലാ ടൈപ്പ് ബാഗും എനിക്കുണ്ട്.
ഏതെങ്കിലും ഒന്നിനോട് പ്രത്യേക താല്പര്യമില്ല. ഇഷ്ടം തോന്നിയാല്‍ വാങ്ങിക്കും. വലിയ വില പറഞ്ഞാല്‍ അറിയാവുന്നതുകൊണ്ട് തര്‍ക്കിക്കും. ഒരുമിച്ച് എല്ലാം വാങ്ങിക്കുന്നതാണ് എന്റെ ഷോപ്പിങ് രീതി. ഡ്രസ്സാണ് കൂടുതലും വാങ്ങിക്കുന്നത്.
ഫോട്ടോയ്ക്ക് കടപ്പാട്; അനുശ്രീ ഫെയ്സ് ബുക്ക് പേജ്