സൂപ്പര്‍ ഓവറില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു.
ദുബായ്: ഐപിഎല്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് ഏഴു റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഡിവില്ലിയേഴ്സും കോഹ്ലിയുമാണ് ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ ബാറ്റുചെയ്തത്. ബൂംറ മികച്ച ബൌളിംഗ് കാഴ്ചവച്ചെങ്കിലും അവസാന പന്തിൽ ബൌണ്ടറിയടിച്ച് കോഹ്ലി ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ബാംഗ്ലൂരിനുവേണ്ടി സൂപ്പർ ഓവറിൽ പന്തെറിഞ്ഞ നവ്ദീപ് സെയ്നിയാണ് മത്സരത്തിൽ ഹീറോയായത്. പൊള്ളാർഡും ഹർദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കുവേണ്ടി ബാറ്റുചെയ്തത്. ബാംഗ്ലൂർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈ ഇന്നിംഗ്സ് 20 ഓവറിൽ അഞ്ചിന് 201 റൺസിൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു കടന്നത്.