ആറാമത്തെ വിളക്കുമരം
വിനോദ് നാരായണന്‍
ഉയരംകൂടിയ ദ്രവിച്ച വിളക്കുകാലുകള്‍ നിരനിരയായി നില്‍ക്കുന്ന പാതയോരത്ത്, ആദ്യത്തെ വിളക്കുകാല്‍ ചുവട്ടില്‍ രജനി അയാളെ കാത്തിരിക്കാന്‍ തീരുമാനിച്ചു. പടിഞ്ഞാറ് കായല്‍പ്പരപ്പില്‍ സൂര്യന്‍ അസ്തമിക്കാന്‍ വെമ്പി നിന്നിരുന്നതുകൊണ്ട് രജനിയുടെയും അവളിരുന്ന നീലച്ചായമടര്‍ന്ന പഴകിയ സിമന്‍റു ബഞ്ചിന്‍റേയും നിഴല്‍ ചുവന്ന പാതയും കടന്ന് കിഴക്കു ദിക്കിലേക്ക് നീണ്ടുകിടന്നു.
വീതി കുറഞ്ഞ പാത കായലിനു സമാന്തരമായിരുന്നെങ്കിലും അതു കുറച്ചകലെ വളഞ്ഞുപോകുകയായിരുന്നു. പൊക്കമുള്ള മതില്‍ക്കെട്ടുകളാല്‍ തുടര്‍ന്നു പാത കാണുക അസാധ്യമായിരുന്നതിനാല്‍ നിരനിരയായി നില്‍ക്കുന്ന വിളക്കുകാലുകള്‍ പാതയുടെ തിരിവില്‍ അവസാനിക്കുകയാണ് എന്നവള്‍ കണക്കു കൂട്ടി. വിളക്കുകാലുകള്‍ എട്ടെണ്ണമാണോ അതോ ഒമ്പതോ?
നീലാംബരന്‍ അങ്ങനെയെന്തോ പറഞ്ഞിരുന്നു. രജനി വിളക്കുകാലുകള്‍ എണ്ണിനോക്കി, ഒമ്പതെണ്ണം. അതിനുശേഷം പൊക്കമുള്ള മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍
പാതവളഞ്ഞു പോകുകയായിരുന്നു. അവളുടെ കണ്ണുകള്‍ അക്ഷമയോടെ പാതയുടെ തിരിവില്‍ നീലാംബരന്‍റെ വെളുത്തു മെലിഞ്ഞ നിഴലിനുവേണ്ടി തിരഞ്ഞു.
അവള്‍ സിമന്‍റു ബഞ്ചില്‍ ചാരിയിരുന്ന് ദ്രവിച്ചു തുടങ്ങിയ വിളക്കുകാലില്‍ കൈവിരല്‍ നഖംകൊണ്ട് വരയാന്‍ തുടങ്ങി.
നീലാംബരന്‍ പറഞ്ഞതുപോലെ ആദൃത്തെ വിളക്കുകാല്‍!
വല്ലായ്മയോടെയാണെങ്കിലും അതേക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ അറിയാതെ പച്ച നിറമുള്ള കനംകുറഞ്ഞ ബാഗ് നെഞ്ചോട് ചേര്‍ത്തു പിടിച്ചു. നീലാംബരന്‍റെ ഹൃദയമിടിപ്പുകള്‍പോലെ രജനിയുടെ അടിവയറില്‍ തുടിച്ചുകൊണ്ടിരിക്കുന്ന അയാളുടെ ജീവന്‍ അവളില്‍ ഒരനുഭൂതിയായി പൊതിഞ്ഞു നിന്നു.
അകലെ കല്‍ത്തിട്ടയില്‍ കായല്‍ക്കാറ്റേറ്റിരുന്ന വൃദ്ധ ദമ്പതികള്‍ കാണാതെ രജനി നിഗൂഡമായി മന്ദഹസിച്ചുകൊണ്ട് നീലാംബരന്‍റെ ജീവനുമേല്‍ കൈകള്‍ ചേര്‍ത്ത് മിഴികളടച്ചപ്പോള്‍ നീലാംബരന്‍റെ വിളറിയ ചുണ്ടുകളും തിളക്കമുള്ള കണ്ണുകളും കണ്‍മുന്നിലുള്ളതായി രജനി അറിഞ്ഞു.
“മൂന്നുമാസം കടന്നുപോകുന്നത് എത്രയെളൂപ്പത്തിലായിരിക്കുമെന്ന് നീയോര്‍ത്തു നോക്കൂ രജനീ.”
ഒടുവില്‍ കണ്ട ദിവസം ഉല്‍സാഹത്തോടെ നീലാംബരന്‍ പറഞ്ഞപ്പോള്‍ രജനിക്കു വേദന തോന്നി.
നിലാവുണ്ടായിരുന്ന രാത്രിയില്‍ അയാള്‍ അവളുടെ മുടിയിഴകളെ തഴുകി.
രജനി അടക്കിപ്പിടിച്ച നിശ്വാസങ്ങളോടെ അയാളുടെ കുവിളില്‍ ചുംബിച്ചു.
“മൂന്നുമാസം കഴിഞ്ഞാല്‍ ഷെട്ടിയുടെ കമ്പനിയിലെ കരാറവസാനിക്കും. പിന്നെ നീയും ഞാനും………”
ആഹ്ലാദം കൊണ്ട് നീലാംബരനതു പൂര്‍ത്തിയാക്കിയില്ല.
ഇരുളില്‍ രജനി ചിരിക്കുന്നുണ്ടായിരുന്നു.
“ഷെട്ടി നിങ്ങളെ വല്ലാതെ പണിയെടുപ്പിക്കുന്നുവല്ലേ..?”
രജനി അതു ചോദിച്ചപ്പോള്‍, നീലാംബരന്‍ നിശബ്ദനായിരുന്നു.
ഷെട്ടി ചോരച്ച രണ്ടുകണ്ണുകളായി മനസ്സില്‍ തെളിയുമ്പോഴേക്കും അയാള്‍ അലസനായിക്കിടന്ന് നിമിഷങ്ങള്‍ എണ്ണിത്തീര്‍ക്കുവാന്‍ തുടങ്ങിയിരുന്നു.
പിന്നെ എല്ലാംമറന്ന് രജനിയെ കെട്ടിപ്പുണര്‍ന്നു .
ഇരുട്ടില്‍ രജനിയുടെ തേങ്ങലുകളുണ്ടായി.
“നീ കരയുകയാണോ?”
നീലാംബരന്‍ ചോദിച്ചു.
രജനി അയാളുടെ നെഞ്ചില്‍ പതുക്കെ തലചായ്പു വച്ചു.
“ഷെട്ടിയുമായുള്ള കരാറു കഴിയുമ്പോള്‍ നിന്നെ ഞാനൊരിടത്തു കൊണ്ടുപോകും!”
നീലാംബരന്‍െറ വാക്കുകള്‍ കേട്ട് രജനി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“എവിടേക്ക്..?”
ഒരിക്കലും അതിപ്പോള്‍ പറയില്ല.
“തീര്‍ച്ചയായും?”
“തിര്‍ച്ചയായും.”
നീലാംബരന്‍ ചിരിച്ചു.
അയാളുടെ ഹൃദയ സ്പന്ദനങ്ങളും ഉച്ഛ്വാസങ്ങളും അറിഞ്ഞ് രജനിയുടെ മിഴികള്‍ നിലാവുതട്ടി തിളങ്ങുന്നുണ്ടായിരുന്നു.
പലകച്ചുമരുകളും താര്‍ഷീറ്റുകളും മഞ്ഞുതുള്ളികള്‍ വീണ് ശബ്ദിച്ചുകൊണ്ടിരുന്നു.
സൂര്യനസ്തമിക്കുമ്പോള്‍ പതിവായി ഉണ്ടാകാറുള്ള ചോരപ്പൂക്കളുടെ കടുത്ത ഓറഞ്ചുനിറം മാത്രം മരക്കാലുകളില്‍ പ്രതിഫലിച്ചു.
രജനി കണ്ണുതുറന്നു നോക്കുമ്പോള്‍ വയലറ്റു നിറമുള്ള ഒരു മാരുതിവാന്‍ വീതി കുറഞ്ഞ പാതയിലൂടെ ഞെങ്ങിഞെരുങ്ങി വരികയായിരുന്നു. അതു ഓടിച്ചിരുന്നതാകട്ടെ കൗമാരം വിടാത്ത ഒരു ചെറുക്കനും.
നീലാംബരന്‍റേതുപോലെ അവനു വിളറിയ ചുണ്ടുകളും കറുത്തു തിളങ്ങുന്ന കണ്ണുകളുമുള്ളതായി രജനിക്ക് സംശയം തോന്നി.
ഹൃദയത്തില്‍ ഒരിടിത്തീ വീണതുപോലെ അവള്‍ പാതയുടെ തിരിവിലേക്ക് നോക്കി.
ഓറഞ്ചുനിറം പ്രതിഫലിക്കുന്ന അവസാനത്തെ വിളക്കുകാല്‍ അവിടെയുണ്ടായിരുന്നു.
നീലാംബരന്‍ എവിടെയാണ്..?
രജനി അസ്വസ്ഥയായി.
പകല്‍ വെളിച്ചം മങ്ങുകയാണ്.
നീലാംബരന്‍ എത്താമെന്ന് പറഞ്ഞ സമയവും അതിനപ്പുറവും കഴിഞ്ഞിരിക്കുന്നു.
ഒരു പക്ഷേ ഷെട്ടി സമ്മതിച്ചിരിക്കുകയില്ലേ.
അയാള്‍ ഒരു ക്രൂരനാണ്.
വേണമെങ്കിലെന്‍റെ നീലാംബരനെ തിരണ്ടിവാല്‍ കൊണ്ടയാള്‍….
രജനിയുടെ മനസിലൂടെ ഒരുപാട് ശങ്കകള്‍ കടന്നുപോയി.
പിന്നെ ഹൃദയത്തില്‍ ഒരു നൊമ്പരം മുളപൊട്ടി.
പാതയുടെ തിരിവില്‍ മിഴികള്‍ ഒരിക്കല്‍ക്കൂടി അനാഥമായപ്പോള്‍ തികട്ടിവന്ന തേങ്ങല്‍ തടുത്തുനിര്‍ത്താനായില്ല.
വാടക വീടിന്‍റെ ഉടമസ്ഥ ഒരു വല്ലാത്ത സ്ത്രീയാണ്.
എത്രനാളായാണ് അവരുടെ കൂര്‍ത്ത കണ്ണുകളേയും മുനയുള്ള വാക്കുകളേയും സഹിക്കാനാകുക. ആ പലകമാടത്തിന് മാസം നല്ലൊരു തുക നീലാംബരന്‍ സ്വരുക്കൂട്ടുന്നതില്‍ നിന്നും വാടകയിനത്തില്‍ ആ ദുഷ്ടയ്ക്ക് കൊടുക്കുന്നുണ്ട്.
ഒരു മാസം പോലും വാടക മുടക്കം വരുത്തിയിട്ടില്ല. എന്നിട്ടും ദുഷ്ടതയുടെ ആള്‍രൂപമായ ആ സ്ത്രീ ഒരിക്കല്‍ ചോദിച്ചു: “അയാള്‍ ശരിക്കും നിന്‍റെ കെട്ട്യോന്‍തന്നെയാണോ അതോ..?”
രജനി അവരെ തറപ്പിച്ചുനോക്കി.
“മാനം മര്യാദയായിട്ട് ഇവിടെ കഴിയുന്നൊരു കൂട്ടരാ ഞങ്ങള്. നീയായിട്ട് ഞങ്ങടെ മാനം കളയരുത്. പാതിരാത്രിക്ക് പാത്തും പതുങ്ങീം വന്ന് ആണുങ്ങള് ഞങ്ങടെ കുടീല് കേറിയിറങ്ങണൂന്ന് നാട്ടുകാര് പറഞ്ഞാല്‍ നാണക്കേട് ഞങ്ങക്കാ.”
നീലാംബരനെക്കുറിച്ചാണ്.
ഷെട്ടിയുടെ കമ്പനിയില്‍ നിന്ന് മൂന്നുമാസത്തിലൊരിക്കലോ മറ്റോ കിട്ടുന്ന ഒന്നോ രണ്ടോ ദിവസത്തെ ലീവില്‍ നീലാംബരന്‍ ആ വാടകവീട്ടിലെത്തുമ്പോഴേക്കും പാതിരാത്രിയാവും .പിന്നെ വെളുപ്പിനെഴുന്നേറ്റ് പോയില്ലെങ്കില്‍ സമയത്തിന് കമ്പനിയിലെത്തില്ല. തുച്ഛമായ ശമ്പളം. ജയിലിലെ തടവുകാര്‍ക്ക് ഇതിലും കൂടുതല്‍ കിട്ടുമല്ലോ എന്ന് രജനി ഇടക്കിടെ ചോദിക്കാറുണ്ട്.
“നീലാംബരന്‍ എന്‍റെ ഭര്‍ത്താവാണ്.”
രജനി തറപ്പിച്ചു പറഞ്ഞു.
“ഉം. ഒരു പര്‍ത്താവ്..”
വീട്ടുടമസ്ഥ ചുണ്ടുകള്‍ വിറപ്പിച്ച് നടന്നുപോയി.
രജനിക്കവരെയങ്ങു തച്ചുകൊല്ലാന്‍ തോന്നിപ്പോയി.
വീട്ടുടമസ്ഥയുടെ സംസാരം നീലാംബരന്‍ കേട്ടാല്‍ ചിലപ്പോളവരെ ചിരവത്തടിക്കടിച്ചു കൊന്നേക്കാനും മതി. ആവോ നീലാംബരനതൊക്കെ പറ്റുമോ?
ചുമ്മാ ആലോചിച്ചുപോയതാണ്.
അതൊക്കെ ഓര്‍മ്മിച്ച് രജനി വേപഥുവോടെ ചൊടികള്‍ അമര്‍ത്തിക്കടിച്ചു സാരിയുടെ ചുളിവുകള്‍ നിവര്‍ത്തി അകന്നുപോകുന്ന വയലറ്റ് നിറമുള്ള മാരുതിവാനിന്‍റെ കുലുങ്ങുന്ന പിന്‍വശം നോക്കി.
രണ്ടാഴ്ച മുമ്പാണ്, വീട്ടുടമസ്ഥ വന്നു പറഞ്ഞു:
“നിങ്ങള്‍ വീടൊഴിഞ്ഞു തരണം”
“ഇത്ര പെട്ടെന്ന്”
രജനി ഞെട്ടിപ്പോയി.
“അതേ, പെട്ടെന്നാണ്! മകന്‍റെ കത്തു വന്നു. അവനു നാട്ടിലേക്ക് വരണംന്ന്. അതുകൊണ്ട്…”
ആ സ്ത്രീ ദാക്ഷിണ്യമില്ലാതെ പറഞ്ഞു.
“മകന്‍ ഈ വീട്ടിലാണോ താമസിക്കുന്നത്..?”
രജനി അറിയാതെ ചോദിച്ചു പോയി.
പിന്നെ വീട്ടുടമസ്ഥ പറഞ്ഞതൊക്കെ പച്ചത്തെറിയായിരുന്നു.
രജനി കാതുകള്‍ പൊത്തിപ്പിടിച്ചു.
“വീടൊഴിയാന്‍ ഒരുമാസം സമയം തരണം.”
രജനി അപേക്ഷിച്ചു.
“ഒരു മാസമോ, നല്ല കഥ..? രണ്ടാഴ്ച കഴിഞ്ഞെന്‍റെ മകന്‍ വരും. അപ്പോള്‍ നിന്നെപ്പോലൊരുത്തിയെ എന്‍റെറ വീട്ടില്‍ക്കേറ്റി താമസിപ്പിച്ചിരിക്കുകയാണെന്നവനറിഞ്ഞാല്‍ അവനെന്നെക്കൊല്ലും.
അല്ലെങ്കില്‍ത്തന്നെ എന്തിനും പോന്ന നീ അവനെ………”
വീട്ടുടമസ്ഥയുടെ പരുക്കന്‍ വാക്കുകള്‍ കേട്ട് രജനി ക്ഷുഭിതയായി എന്തൊക്കെയോ വിളിച്ചുപറഞ്ഞു.
അതുകൊണ്ട് വീടൊഴിയാന്‍ രണ്ടാഴ്ച അവധി കിട്ടി.
അന്നുതന്നെ നീലാംബരനെഴുതുമ്പോള്‍ രജനി
യുടെ ഹൃദയം എന്തെന്നില്ലാതെ വേപഥുപുണ്ടു.
ഇതൊരാഘാതമാണ്! എവിടെയാണൊളിക്കുക? ഷെട്ടിയുമായുള്ള കരാര്‍ കഴിയാന്‍ ഇനിയും രണ്ട് മാസക്കാലമെടുക്കും. അതുവരെ എവിടെയാണു താന്‍ തലചായ്ക്കുക! തനിക്കു നീലാംബരനല്ലാതെ മറ്റാരുമില്ലല്ലോ ദൈവമേ!
രജനി കരഞ്ഞു.
‘നീ സമാധാനിക്ക്! ഞാന്‍ ഷെട്ടിയില്‍ നിന്നും എങ്ങിനെയെങ്കിലും അനുവാദം വാങ്ങിക്കാം. കുടിശിഖയൊന്നുമില്ലല്ലോ. വാടക തീര്‍ത്തു ചീട്ടുവാങ്ങാന്‍ മറക്കേണ്ടതില്ല, ഷെട്ടിയുടെ കമ്പനിയില്‍ ശെമ്മാച്ചി എന്നൊരു തള്ളയെ എനിക്കു പരിചയമുണ്ട്. തല്‍ക്കാലം നിനക്ക് അവരോടൊപ്പം കൂടാം. പക്ഷെ ഷെട്ടി ആളൊരു വേന്ദ്രനാണ്. അയാള്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.
ഏതായാലും നീ നഗരത്തിലേക്ക് വാ.’
വീട്ടുടമസ്ഥയുടെ കെയര്‍ ഓഫില്‍ നീലാംബരന്‍റെ മറുപടി വന്നു. രജനി പ്രാര്‍ത്ഥിച്ചു.
പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ തലയിലെഴുത്തോ……അതോ………
റാപ് മ്യൂസിക്കിന്‍റെ പ്രകമ്പനങ്ങളില്‍ കുലുങ്ങി കുലുങ്ങി മാരുതിവാന്‍ പതുക്കെ മുന്നോട്ടോടിക്കൊണ്ടിരുന്നു.
അതോടിച്ചുകൊണ്ടിരുന്ന പയ്യന്‍ കറുത്ത കണ്ണുകളും വിളറിയ ചുണ്ടുകളുമായി ചവച്ചുകൊണ്ട് അലസമായി കുലുങ്ങിക്കൊണ്ടിരുന്നു.
അവര്‍ ആകെ. അഞ്ചു പേരുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന കിളരം കൂടിയ ക്ലീന്‍ഷേവുകാരന്‍ ചോദിച്ചു.
“കിരണ്‍. നീ ശ്രദ്ധിച്ചില്ലേ! ഇതുവഴി വരുമ്പോള്‍ അവസാനത്തെ വിളക്കുകാല്‍ച്ചുവട്ടില്‍ ഒരുത്തിയിരുപ്പുണ്ട്. എനിക്കു തോന്നുന്നത്….
ഡ്രൈവറു പയ്യന്‍ മ്യൂസിക്കിന്‍റെ വോള്യം കുറച്ചുവച്ചു.
“അബ്ദുള്ള വളരെ എക്സ്പര്‍ട്ടാണ്! ഈ തിരിച്ചറിവുകളില്‍”
നിരന്തരമായി ചവച്ചുകൊണ്ടിരൂന്നവന്‍ പൊട്ടിച്ചിരിച്ചു.
വിളറിയ ചുണ്ടുകളും കറുത്ത കണ്ണുകളുമുള്ള ഡ്രൈവറും കൂടെ ചിരിച്ചു.
“ഇളിക്കാതെ വണ്ടി റിവേഴ്സെടുക്കടാ”
ഒരുത്തന്‍ ഒച്ചയിട്ടു.
പൊട്ടിച്ചിരികളോടെ വയലറ്റ് നിറമുള്ള മാരുതിവാന്‍ പിന്നിലേക്കു നിരങ്ങാന്‍ തുടങ്ങി.
നീലാംബരന്‍ തീര്‍ച്ചയായും വരേണ്ടതാണ്.
വരും. അദ്ദേഹം വരാതിരിക്കില്ല.
രജനിയുടെ മിഴികള്‍ പാതയൂടെ തിരിവില്‍ അക്ഷമയോടെ തങ്ങിനിന്നു.
ഒരുപക്ഷേ ഷെട്ടി വിടാതിരുന്നെങ്കിലോ?
ഷെട്ടിയെയങ്ങു തച്ചു കൊന്നേക്കണം!
നീലാംബരന്‍ തീര്‍ച്ചയായും അതു ചെയ്തിരിക്കേണ്ടതാണ്,
ആദ്യത്തെ വിളക്കുകാല്‍ ചുവട്ടില്‍ രജനി തനിച്ചിരിക്കുകയാവുമെന്ന് നീലാംബരന് അറിയാവുന്നതല്ലേ
രജനിയുടെ മിഴികളില്‍ നീര്‍പൊടിഞ്ഞു.
ചുറ്റും ഇരുട്ട് പരക്കുകയാണ്.
രണ്ടാമത്തെയും അഞ്ചാമത്തെയും വിളക്കുമരങ്ങളില്‍ മാത്രം പ്രകാശമുണ്ട്.
ആ വൃദ്ധ ദമ്പതികള്‍ പൊയ്ക്കഴിഞ്ഞിരുന്നു.
ഇപ്പോള്‍ പാത വിജനമാവുകയാണ്.. അപരിചിതമായൊരു നഗരകോണിന്‍റെ വിജനത ഭയത്തിന്‍റെ നെരിപ്പോടുകള്‍ ഊതിപ്പെരുപ്പിച്ച് രജനിയുടെ മനസിന്‍റെ ഉള്ളറകളിലേക്ക് നൂണുകയറി.
നീലാംബരന്‍! എന്‍റെ ദേവനാണു നിങ്ങള്‍..
നിങ്ങള്‍ക്കൊരിക്കലും വരാതിരിക്കാന്‍ കഴിയില്ലല്ലോ!
ആലോപിച്ചുനോക്കു. നിങ്ങള്‍ വൈകുന്ന ഓരോ നിമിഷത്തിലും നിങ്ങളുടെ കുഞ്ഞ് കായല്‍ക്കാറ്റിന്‍റെ തണുപ്പില്‍ മരവിച്ചുകൊണ്ടിരിക്കുകയല്ലേ!
രജനി വിലപിച്ചു.
ഷെട്ടിയാണെല്ലാത്തിനും കാരണക്കാരന്‍,
ഷെട്ടി മരിക്കണം!
ഇരുമ്പുലിവറുകളുടെ തഴമ്പ് പരന്നുകിടക്കുന്ന നിങ്ങളുടെ കൈകളുടെ കരുത്തില്‍ കുടുങ്ങിക്കിടന്ന് ചോരക്കണ്ണുകള്‍ തുറിപ്പിച്ച് ഒരിറ്റു ശ്വാസത്തിനുവേണ്ടി ഷെട്ടി നിങ്ങളോടുയാചിക്കും.
നിങ്ങള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഷെട്ടിയുടെ വീതികൂടിയ കഴുത്ത് പിഴുതെടുക്കും!
ചോരതെറിച്ച് നിങ്ങള്‍ക്കു കണ്ണുകാണാന്‍ വയ്യാതാകും.
എന്നാവും ആ തണുപ്പ് നിങ്ങളൊരിക്കലും മറക്കില്ല നിലാംബരന്‍.
ഷെട്ടിയുടെ കഴുത്തില്ലാത്ത ജഡത്തില്‍ നിന്ന് ചോരയൊഴുകിക്കൊണ്ടേയിരിക്കും. ചോരയൊഴുകിത്തീരാന്‍ കാത്തു നില്‍ക്കുന്നത് അബദ്ധമായിരിക്കും.
കാത്തു നില്ക്കാതെ അതിവേഗം ഓടി പാതയുടെ തിരിവു കടന്ന്…
വാനിന്‍റെ ഹോണടിക്കുന്നതു കേട്ടു.
രജനിയുടെ മുഖം വിടര്‍ന്നു.
നീലാംബരന്‍!
വയലറ്റ് നിറമുള്ള മാരുതിവാനിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കറുത്ത കണ്ണുകളും വിളറിയ ചുണ്ടുകളുമുള്ള കൗമാരം വിടാത്ത ചെറുക്കന്‍ പുറത്തേക്ക് തലയിട്ട് രജനിയെ നോക്കിചിരിച്ചു.
രജനി വിസ്മയത്തോടെ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
നീലാംബരന്‍റെ വിളറിയ ചുണ്ടുകളില്‍ ഒന്നു ചുംബിക്കേണ്ടതില്ലേ
സിമന്‍റ് ബഞ്ചില്‍ നിന്നുമെഴുന്നേറ്റ് രജനി കാറിനടുത്തേക്ക് വരുന്നതു കണ്ടപ്പോള്‍ യുവാക്കള്‍ പരസ്പരം നോക്കി കണ്ണിറുക്കി അബ്ദുള്ളയെ അഭിനന്ദിച്ചു.
മിന്നല്‍പിണര്‍പോലെ നീലാംബരന്‍റെ കറുത്ത കണ്ണുകള്‍!
രജനിയുടെ കവിള്‍ത്തടങ്ങള്‍ ചുവന്നു.
അവള്‍ മുഖമുയര്‍ത്തി ചെറുപ്പക്കാരനെ സൂക്ഷിച്ചുനോക്കി.
“ഷെട്ടിയെ കൊന്നില്ലേ?”
രജനി പോദിച്ചു.
ചെറുപ്പക്കാര്‍ അഞ്ചുപേരും വിളറിവെളുത്തു.
“എന്‍റെ പ്രിയപ്പെട്ട നീലാംബരന്‍..”
രജനി ബാഗ് താഴെയിട്ട് വിളറിയ ചുണ്ടുകളുള്ള ആ ചെറുപ്പക്കാരന്‍റെ മുഖം കൈകളിലെടുത്തു.
“അങ്ങെന്താണിത്ര താമസിച്ചത്..?”
അവള്‍ അയാളുടെ വിളറിയ മുഖത്തോടു മുഖം ചേര്‍ത്തു .
അയാള്‍ ഒരു പതര്‍ച്ചയോടെ തലകുടഞ്ഞു.
അതുകണ്ട് കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു.
“ആ തള്ള – ശെമ്മാച്ചി – അവരെയും കൂട്ടാമായിരുന്നില്ലേ? അല്ലെങ്കില്‍ വേണ്ട. ഷെട്ടിയെകൊന്ന വിവരം അവരോടു പറയേണ്ടിവരും! നോക്കു നീലാംബരന്‍. ഷെട്ടി തീര്‍ച്ചയായും മരിച്ചോ? അങ്ങനെയാണെങ്കില്‍ ആ ദുഷ്ടയായ വീട്ടുടമസ്ഥയെയും..”
പതിഞ്ഞ ശബ്ദത്തില്‍ രജനി ആ ചെറുപ്പക്കാരനോട് പറഞ്ഞുകൊണ്ടിരുന്നത് മുഴുവനാകുന്നതിനു മുമ്പ് നിരന്തരമായി ചവച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ ഇടക്കുകയറി ചോദിച്ചു.
“നീ വരുന്നോ?”
രജനി വാനിനകത്തേക്ക് തലയിട്ട് അയാളെ നോക്കി.
മറ്റൊരു നീലാംബരനോ?
രജനിക്കു വിസ്മയമായി. കറുത്ത കണ്ണുകളും വിളറിയ ചുണ്ടുകളും! അവള്‍ വിടര്‍ന്ന മിഴികളോടെ നോക്കിനില്ക്കെ മാരുതി വാനിന്‍റെ ഡോര്‍ തുറക്കപ്പെട്ടു. ആരോ അവളെ വാനിനകത്തേക്കി വലിച്ചു കയറ്റി ഡോര്‍ അടച്ചു. രജനിയുടെ ഇളം പച്ച നിറമുള്ള ബാഗിനെ ചതച്ചരച്ചുകൊണ്ട് വാന്‍ പിന്നോട്ടു കുതിച്ചു. ആ ചെറുപ്പക്കാര്‍ക്കിടയില്‍ ഞെരുങ്ങിയിരുന്ന് ചുറ്റും പകച്ചു നോക്കുമ്പോള്‍ രജനിയോര്‍ത്തു .
“എന്‍റെ നീലാംബരന്‍. നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ്. നിങ്ങളുടെ ഈ കുസൃതിക്കൊടുവില്‍ നിങ്ങളെനിക്കു പറഞ്ഞുതരും ഈ അഞ്ചുപേരില്‍ ആരാണു യഥാര്‍ത്ഥ നീലാംബരനെന്ന്”
വിളക്കുകാലുകള്‍ മുന്നോട്ടോടി പോകുകയാണ്.
രജനിയുടെ കണ്ണുകളില്‍ ഒരു വിഭ്രമം മിന്നിമറഞ്ഞു.
പാതയുടെ തിരിവു കഴിഞ്ഞ് ഒരു വിളക്കുകാല്‍ കൂടി. പത്താമത്തെയും അവസാനത്തെയും വിളക്കുകാല്‍! അതില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന അവശനായൊരു മനുഷ്യന്‍.
ആ മനുഷ്യനെ കാണ്‍കെ രജനിക്കു തോന്നി – അതും നീലാംബരനാണോ? അയാള്‍ക്കും
നീലാംബരന്‍റെ ഛായയുണ്ട്”
മുറ്റിവളര്‍ന്ന താടിരോമങ്ങള്‍ക്കിടയില്‍ വിളറിയ ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്‍ അയാള്‍ പിന്നോക്കം വരുന്ന വാനിനു നേരെ നോക്കി,
വാനോടിച്ചിരുന്ന ചെറുപ്പക്കാരന്‍ റിയര്‍വ്യൂ മിററില്‍ നോക്കി നിഗൂഢമായൊരു മന്ദസ്മിതത്തോടെ സ്റ്റിയറിങ് വെട്ടിച്ചു.
വിളക്കുകാലില്‍ ചുറ്റിപ്പിടിച്ചു നിന്ന ആ മനുഷ്യനു നേരെ വാന്‍ പാഞ്ഞുചെന്നു. അയാള്‍ പേടിച്ചരണ്ടു നിലവിളിച്ചു. ചെറുപ്പക്കാര്‍ പൊട്ടിച്ചിരിച്ചു.
അപ്പോള്‍ കണ്ണുകള്‍ ഇടുമ്മിച്ചുകൊണ്ട് രജനി ഉറക്കെ പറഞ്ഞു:
“ഷെട്ടിയാണത്! ഷെട്ടി മരിക്കണം..!”
വെളുത്തു മെലിഞ്ഞ ആ മനുഷ്യന്‍ വാന്‍ തട്ടി ദൂരത്തേക്ക് തെറിച്ചു പോയി, അപ്പോഴെന്തു കൊണ്ടോ രജനിയുടെ അടിവയര്‍ പൊട്ടിത്തകര്‍ന്നതുപോലെ വേദനിച്ചു.
ചെറുപ്പക്കാര്‍ അഞ്ചുപേരും ഉത്സാഹത്തോടെ രജനിയെ നോക്കുമ്പോള്‍ അവസാനമായൊരിക്കല്‍ക്കൂടി താടിരോമങ്ങള്‍ക്കുള്ളിലൊളിച്ച വിളറിയ ചുണ്ടുകളുള്ള അയാളുടെ കറുത്ത കണ്ണുകളിലെ ഒടുവിലത്തെ നക്ഷ്ത്രത്തിളക്കത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് രജനി പിറുപിറുത്തു:
“അവസാനത്തെ വിളക്കുകാല്‍”
അതുകേട്ട് അബ്ദുള്ള തിരുത്തി.
“അല്ല; ആദ്യത്തെ വിളക്കുകാല്‍; അവിടെ നിന്‍റെ ഷെട്ടിയിപ്പോള്‍ ചത്തു കിടപ്പുണ്ടാവും!”
അതു പറഞ്ഞ രജനിയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട ബലമായി തന്നോടു ചേര്‍ത്തു പിടിച്ചു.
“ആദ്യത്തെ വിളക്കുകാല്‍..?”
രജനി ഒരുള്‍ക്കിടിലത്തോടെ പിടഞ്ഞുമാറി.
“തീര്‍ച്ചയായുമെന്‍റെ നീലാംബരന്‍……”
രജനി സ്വബോധത്തോടെ ഉറക്കെ നിലവിളിക്കാനായും മുന്‍പെ മാരുതിവാന്‍ പൊക്കമുള്ള മതില്‍ക്കെട്ടുകള്‍ക്കിടയിലെ കനത്ത ഇരുട്ടിനുള്ളിലേക്കു പാഞ്ഞു കയറിയിരുന്നു.
പിറ്റേന്ന് നഗരത്തിലെ കായലോരത്തെ പാര്‍ക്കില്‍ നിന്ന് പോലീസ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.
ഒന്ന്, ക്രൂരമായി പിച്ചിച്ചീന്തപ്പെട്ട നിലയില്‍ പൂര്‍ണനഗ്നമായ ഒരു യുവതിയുടെ ജഡം.
രണ്ട്, വാഹനമിടിച്ച് മരണപ്പെട്ട് ഒരു യുവാവിന്‍റെ ജഡം. അയാള്‍ ജയിലില്‍ നിന്ന്
പരോള്‍ ലഭിച്ച് ഇറങ്ങിയതായിരുന്നത്രേ.