ചന്തം വിരിയുമെൻ നാട്ടുഗ്രാമം
മിനി സുകുമാർ…
ചന്തം വിരിയും വയലേലകൾ തിങ്ങിടും,
സുന്ദര ഗ്രാമമെൻ നാട്ടുഗ്രാമം….
എന്നിലെയെന്നെ ഊട്ടി വളർത്തിയ,പെറ്റമ്മയാണെൻ്റെ നാട്ടുഗ്രാമം
…കാതങ്ങൾക്കകലെയായ് മിഴിനീട്ടി നിന്നുകൊണ്ടാ-
നാട്ടിൻപുറമൊന്നു ഞാനോർക്കവേ…
മനസ്സിൻ കോണിലൊരു ദു:ഖസ്മൃതിയായ്,
എന്നമ്മ തൻ കാത്തിരിപ്പോർത്തിടുന്നു…
അന്നവും, നിദ്രയും ത്യജിച്ചിട്ടങ്ങിനെ,
മക്കളെ നോക്കിയിരുപ്പാണമ്മ….
ഏതോ പുലരിയിലാ നാട്ടിടത്തോട്ടൊന്ന്,
ചെന്നണയാനായൊരേറെ മോഹം…
എൻ ഹൃത്തിനുള്ളിലായ് മിന്നിടുമോർമ്മകൾ,
സ്നേഹമായോർക്കുന്നു ഞാനേകയായ്…
ഓണപ്പുലരിയിലാ തുളസി മുറ്റത്ത്,
പൂക്കളം തീർത്തൊരു ബാല്യകാലം…
മനമാടും കൗമാരപ്രായമെന്നൊന്നതിൽ,
മോഹങ്ങൾ കതിരിട്ട നാട്ടുഗ്രാമം…
പറയാനായേറെ നഷ്ടസ്മൃതിയേകിയതറവാട്ടമ്മയെൻ നാട്ടുഗ്രാമം…