ഓഫ്റോഡ് യാത്രാസ്നേഹികളെ ഇതിലെ ഇതിലെ
കോട്ടയം, ഇടുക്കി ജില്ലകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരയായ ഭൂപ്രദേശമാണ് ഉറുമ്പിക്കര. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഉറുമ്പിക്കര തെരഞ്ഞെടുക്കാം. കല്ലുനിറഞ്ഞ കാട്ടുവഴിയായതുകൊണ്ടുതന്നെ ഫോര്‍വീല്‍ ജീപ്പുകളെ ആശ്രയിച്ചുമാത്രമേ ഇവിടെ എത്താന്‍ സാധിക്കു. വാഗമണ്ണിന്റെ അനിയത്തി എന്നറിയപ്പെടുന്ന ഇവിടം ഗൈഡിന്റെ സഹായത്തോടെ മാത്രം പോകുന്നതാണ് നല്ലത്. ഏന്തയാറില്‍നിന്നാണ് ഓഫ് റോഡ് യാത്ര ആരംഭിക്കുന്നത്. കോട്ടയം -മുണ്ടക്കയം വഴി ഏന്തയാറില്‍ എത്താം. വാഗമണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രദേശമാണ് ഉറുമ്പിക്കര. ഉയരങ്ങള്‍ താണ്ടി മുകളില്‍ എത്തിയാല്‍ പാപ്പാനി വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകും. ബ്രീട്ടിഷുകാരുടെ കാലത്ത് തേയിതോട്ടങ്ങളും റബര്‍ എസ്‌റ്റേറ്റും നിറഞ്ഞ സ്ഥലമായിരുന്നു ഉറുമ്പിക്കര.
ഇരുമുലച്ചികുന്ന്
ഇരുമുലച്ചികുന്നാണ് ഉറുമ്പിക്കരയുടെ ഹൈലൈറ്റ്. ഏകദേശം ഒരേപോലുള്ള രണ്ടുവലിയ പാറകാളാണ് ഇരുമുലച്ചികുന്ന്. ഉറുമ്പിക്കരയുടെ ഏറ്റവും ഉയരംകൂടിയിടത്താണ് പാറസ്ഥിതിചെയ്യുന്നത്. ഇരുമുലച്ചി അമ്പലത്തിനും കല്ലിനും അടുത്തായി മനോഹരമായ വ്യു പോയിന്റാണ് ഉള്ളത്. കോട്ടയത്ത് നിന്ന് 73 കിലോമീറ്റര്‍ അകലെയാണ് ഉറുമ്പിക്കര. മുണ്ടക്കയം-കുട്ടിക്കല്‍ വെമ്പ്‌ളി വഴി ഉറുമ്പിക്കരയില്‍ എത്താം.