നവീന ശിലായുഗത്തെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകളെകുറിച്ചറിയാം

തുര്‍ക്കിയിലെ സാന്‍ലൂര്‍ഫയിലെ കരഹാന്‍ടെപ്പെയില്‍ കൊത്തുപണികളോട് കൂടിയ മനുഷ്യരൂപങ്ങളും ശിരസ്സുകളും കണ്ടെത്തി. ഖനനത്തിൽ കണ്ടെത്തിയ 250ലധികം ടി-ആകൃതിയിലുള്ള ശില നിര്‍മ്മിതികളിൽ, മൃഗങ്ങളുടെ ചിത്രങ്ങളും നിരവധി ത്രിമാന മനുഷ്യ ശില്‍പ്പങ്ങളും ഉള്‍പ്പെടുന്നു. ഇതിനുപുറമെ, 75 മീറ്റര്‍ വ്യാസവും 18 അടി ആഴവുമുള്ള ഒരു കെട്ടിടവും കണ്ടെത്തി. പ്രൊഫസര്‍ നെക്മി കരുളിന്റെ നേതൃത്വത്തിലുള്ള ഖനനം 2019ലാണ് ആരംഭിച്ചത്. ഈ ഖനനത്തിലൂടെ ഇപ്പോള്‍ ലഭിച്ച നിര്‍മ്മിതികള്‍, നവീന ശിലായുഗത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കണ്ടുപിടുത്തമാണെന്ന് കരുതപ്പെടുന്നു.11,000 വര്‍ഷം പഴക്കമുള്ള ഈ കൊത്തുപണികള്‍ അക്കാലത്തെ ആളുകളുടെ കലാപരമായ കഴിവുകളെക്കുറിച്ചുള്ള പ്രധാന ചൂണ്ടികാട്ടലുകളാണ്.


സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനഡോലു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, പ്രൊഫസര്‍ കരുള്‍ അക്കാലത്തെ ആളുകള്‍ ഒരു പരിധിവരെ കലാപരമായ കഴിവുകള്‍ വികസിപ്പിച്ചിരുന്നവരാണെന്ന് സൂചിപ്പിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഗോബെക്ലി ടെപ്പിനടുത്താണ് ഇപ്പോള്‍ ഖനനം നടക്കുന്ന കരഹാന്‍ടെപ്പെ സൈറ്റ്. ബിസി പത്താം മില്ലേനിയത്തോളം പഴക്കമുള്ള മഹത്തായ ഘടനകളുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് ഗോബെക്ലി ടെപ്പെ. കരഹാന്‍ടെപ്പെ-യിലെ ഈ ഖനനത്തിലൂടെ, പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ നിലവിലുള്ള ഖനനം മാത്രമല്ല, ഗോബെക്ലി ടെപ്പെയെക്കുറിച്ചും പഠിക്കുന്നുണ്ട്.

കരഹാന്‍ടെപ്പെ ഖനനത്തില്‍ കണ്ടെത്തിയ വസ്തുക്കള്‍ ഗോബെക്ലി ടെപ്പെ സൈറ്റില്‍ കണ്ടെത്തിയതിന് സമാനമാണെന്ന് പ്രൊഫസര്‍ കരുള്‍ പറഞ്ഞു. ഗോബെക്ലി ടെപ്പിലെ ഖനനങ്ങള്‍ 25 വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഗോബെക്ലി ടെപ്പേയിലെ ആളുകളെക്കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ലഭിച്ചിട്ടില്ല അക്കാലത്തെ ആളുകള്‍, ടി-ആകൃതിയിലുള്ള സ്തംഭം കൊത്തിയെടുക്കാന്‍ ഒത്തുകൂടിയിരിക്കാം എന്നാണ് ചില പുരാവസ്തു ഗവേഷകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *