പുനീതിന്റെ വിടവാങ്ങല്‍ ഉള്‍കൊള്ളാനാകാതെ താരങ്ങളും ആരാധകരും
കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ (46) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജിം പരിശീലനത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കാണാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ വിക്രം ആശുപത്രിയിൽ എത്തിയിരുന്നു.പുനീതിനെ ആരാധകർ അപ്പു എന്നാണ് വിളിക്കുന്നത്. നടൻ രാജ്കുമാറിന്റെയും പാർവതമ്മയുടെയും മകനാണ്. 29 ഓളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 1985-ൽ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് നേടി.
അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പ്രിയ ആനന്ദിനൊപ്പം ചേതൻ കുമാറിന്റെ ജെയിംസിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നവംബർ 1 മുതൽ പവൻ കുമാർ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്.2015ലെ ‘മൈത്രി’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇരുവരും എക്സറ്റൻഡഡ് കാമിയോ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു.2007–08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്കാരം നേടി. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കൾ.