അതിര്‍ത്തിഗാന്ധിയുടെ ഓര്‍മ്മദിനം
കടപ്പാട്: സുധാമേനോന്‍ ഫേസ്ബുക്ക് പോസ്റ്റ്
അതിര്‍ത്തികളും,ഭൂപടങ്ങളും ജീവിതാവസാനം വരെ അലോസരപ്പെടുത്തുകയും, വേദനിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനെ ലോകം ‘അതിര്‍ത്തിഗാന്ധി’ എന്ന് വിളിച്ചത് ഒരുപക്ഷെ ചരിത്രത്തിന്റെ നിരവധി കുസൃതികളില്‍ ഒന്നാവണം. സ്വാതന്ത്ര്യസമരത്തിന്റെ അവസാനനാളുകളില്‍, ഈ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും വേദനിച്ച ഒരാൾ ആയിരുന്നു ‘ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍’ എന്നും, ‘ബാദ്ഷാ ഖാന്‍’ എന്നും ‘ബച്ചാഖാന്‍’ എന്നും അറിയപ്പെട്ടിരുന്ന ആ മനുഷ്യൻ! ഇന്ന് അദ്ദേഹത്തിന്‍റെ ചരമദിനമാണ്. അധികം ആരും ഓർക്കാത്ത ഒരു ചരമദിനം.
പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിലുള്ള ഛര്‍സദ്ദ തെഹ്‌സിലിലെ ഉത്ത്മന്‍സായി എന്ന ഗ്രാമത്തിലാണ് 1890 ല്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഗാഫര്‍ഖാന്‍ ദേശിയപ്രസ്ഥാനത്തിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. അലിഗഡില്‍ ആണ് അദ്ദേഹം പഠിച്ചത്. അതിന് ശേഷവും, പെഷവാറില്‍ നിന്നും ഏറെ ദൂരം യാത്രചെയ്ത് യുപിയിലെ ദിയോബന്ദ് പ്രസ്ഥാനവുമായി സൌഹൃദം സ്ഥാപിക്കാനും, മൌലാനാ ആസാദിന്റെ ‘അല്‍ഹിലാല്‍’ സ്ഥിരമായി വാങ്ങി വായിക്കാനും ഗാഫര്‍ഖാന്‍ മടികാണിച്ചിരുന്നില്ല.
പിന്നീട് റൌളറ്റ് നിയമത്തിനു എതിരായ സമരങ്ങളും, നിസ്സഹകരണപ്രസ്ഥാനത്തിലെ സജീവ പങ്കാളിത്തവും ആണ് അദ്ദേഹത്തെ മുഴുവന്‍ സമയ സ്വാതന്ത്ര്യസമര സേനാനി ആക്കിയത്. 1929ല്‍ ദൈവത്തിന്റെ സേവകര്‍ എന്നര്‍ത്ഥം വരുന്ന ‘ഖുദായ് ഖിദ്മദ്ഗര്‍” എന്ന സമാധാന- വളണ്ടിയർ സംഘടനക്കു അദ്ദേഹം രൂപം നല്‍കി. അധികം വൈകാതെ, പഷ്തൂണ്‍ പ്രവിശ്യയിലെ ഏറ്റവും സജീവവും, അഹിംസാത്മകവും ജനകീയവുമായ ബ്രിട്ടീഷ് വിരുദ്ധപ്രസ്ഥാനമായി ‘ഖുദായ് ഖിദ്മദ്ഗര്‍ മാറി. ഗാഫര്‍ ഖാന്‍ അവരുടെ പടനായകനും. അഹിംസയിലും, ഗാന്ധിയന്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലും, സമാധാനപരമായ സഹവർത്തിത്വത്തിലും ഊന്നിയ അവരുടെ പ്രവര്‍ത്തനങ്ങൾ, അസാധാരണമായ പരിവര്‍ത്തനമാണ് പരമ്പരാഗതമായി യുദ്ധ-ഗോത്രവീര്യമുള്ള പഠാണികളില്‍ ഉണ്ടാക്കിയത്. അത്രമേല്‍, ശാന്തഗംഭീരമായ സ്വാധീനമായിരുന്നു അവര്‍ക്ക് ബാദ്ഷാ ഖാന്‍. ഒരിക്കല്‍ സിവില്‍ നിയമലംഘനത്തെത്തുടര്‍ന്ന് ബാദ്ഷാ ഖാന്‍ അറസ്റ്റ് ചെയപ്പെട്ടപ്പോള്‍ സമാധാനപരമായി മാര്‍ച്ച് നടത്തിയ ‘ഖുദായ് ഖിദ്മദ്ഗര്‍” പ്രവര്‍ത്തകര്‍ക്കെതിരെ വെടിവെയ്ക്കാനുള്ള സർക്കാർ ഉത്തരവ് അനുസരിക്കാന്‍ ഗഡ് വാൾ റൈഫിൾസിലെ പട്ടാളക്കാര്‍ വിസമ്മതിച്ചത് ഗാഫര്‍ഖാന്റെ ജീവചരിത്രത്തില്‍ രാജ്മോഹന്‍ ഗാന്ധി ഹൃദയസ്പര്‍ശിയായി എഴുതിയിട്ടുണ്ട്. പക്ഷെ, ജീവിതം മുഴുവന്‍ വേദനിക്കാനായിരുന്നു ആ ഗാന്ധിയന്‍ ഫക്കീറിന്റെ നിയോഗം.
1947ല്‍, നീണ്ടനാളത്തെ സമരങ്ങള്‍ക്ക് ശേഷം, രണ്ടു പുതിയരാഷ്ട്രങ്ങള്‍ വിധിയുമായി നേരിട്ട് കണ്ടുമുട്ടിയപ്പോഴും, ‘അതിര്‍ത്തിഗാന്ധി’ക്കും അദ്ദേഹത്തിന്റെ ജനതക്കും നേരെ മാത്രം ആ വിധിയും നേതാക്കളും ഒരുപോലെ മുഖം തിരിച്ചു. ഇന്ത്യയില്‍ ചേരണമെന്നും അതല്ലെങ്കില്‍ പഷ്‌തൂണുകള്‍ക്ക് മാത്രമായി ഒരു പ്രവിശ്യ ഉണ്ടാകണമെന്നും ആഗ്രഹിച്ച ഗാഫര്‍ഖാന്റെ മുന്നില്‍ ഒന്നുകില്‍ പാകിസ്ഥാനില്‍ ചേരുക, അതല്ലെങ്കില്‍ റഫറണ്ടത്തിലൂടെ ഇന്ത്യയെയോ പാകിസ്ഥാനെയോ തിരഞ്ഞെടുക്കുക എന്ന രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രം മുന്നില്‍ വന്നപ്പോള്‍, അത്യന്തം നിരാശയോടെ അദ്ദേഹം റഫറണ്ടത്തിൽ നിന്നും വിട്ടുനില്കാന്‍ തീരുമാനിച്ചു. കാരണം, റഫരണ്ടത്തിന്റെ പേരില്‍ ജനങ്ങള്‍ ചേരി തിരിഞ്ഞു തെരുവില്‍ പോരാടുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു. 1940ലെ തിരഞ്ഞെടുപ്പില്‍ 30 സീറ്റാണ് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്ന് കോണ്‍ഗ്രസ്സിനു കിട്ടിയത്, ലീഗിന് വെറും 17. ന്യായമായും, ഹിതപരിശോധനയില്‍ പങ്കെടുത്താല്‍ ഒരുപക്ഷെ അദ്ദേഹവും കോണ്‍ഗ്രസും ജയിക്കുമായിരുന്നു. പക്ഷെ, ഒരു കലാപം മുന്നില്‍ കണ്ട ആ ഗാന്ധി ശിഷ്യൻ ഉരുകുന്ന മനസ്സോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗം ചെയ്തു. കോണ്‍ഗ്രസ്സും ‘ഖുദായ് ഖിദ്മദ്ഗറും ഹിതപരിശോധനയില്‍ പങ്കെടുക്കാതെ ലീഗിന് കളം വിട്ടുകൊടുത്തു. . പകരം, ആ പ്രവിശ്യയിലെ മുസ്ലിങ്ങള്‍ അല്ലാത്ത ജനങ്ങളുടെ ജീവനും സ്വത്തിനും അവർ കാവല്‍ നിന്നു.
സമാധാനത്തിന്റെ പ്രവാചകനായ അദ്ദേഹവും, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിട്ടുനിന്ന ആ ഹിതപരിശോധനയുടെ അവസാനം പഷ്തൂണ്‍ പ്രവിശ്യ പാകിസ്ഥാന്റെ ഭാഗമായി. അദ്ദേഹം ഒട്ടും ഇഷ്ടമില്ലാതെ പാക്കിസ്ഥാൻ പൗരൻ ആയി. പക്ഷെ, പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എല്ലായ്പ്പോഴും ബാദ്ഷാ ഖാനെ ശത്രുവായി മാത്രം കണ്ടു. 1947നു മുമ്പ് പന്ത്രണ്ടു വര്‍ഷമാണ് അദ്ദേഹം ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവിൽ കഴിഞ്ഞത് എങ്കില്‍, അതിനുശേഷം പതിനഞ്ച് വര്‍ഷത്തോളം അദ്ദേഹം പാക്കിസ്ഥാനിലെ വിവിധ ജയിലുകളിലും, വീട്ടുതടങ്കലിലും, നാടുകടത്തപ്പെട്ടും ജീവിതം കഴിച്ചു. ഈ ഉപഭൂഖണ്ഡത്തില്‍ വേറെ ആര്‍ക്കുണ്ടായിരുന്നു അത്തരമൊരു വിധി! ‘നിങ്ങള്‍ ഞങ്ങളെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്തില്ലേ’ എന്ന ബാദ്ഷാഖാന്റെ ചോദ്യം നീറ്റാത്ത ഒരൊറ്റയാൾ പോലും ഉണ്ടാവില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ സചേതനമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ഗാന്ധിജിയെയും കോണ്‍ഗ്രസ്സിനെയും അദ്ദേഹം ഉപാധികള്‍ ഇല്ലാതെ സ്നേഹിച്ചു.
1935ൽ അദ്ദേഹത്തെ അൽമോറ ജെയിലിൽ അടച്ചപ്പോൾ, അതിന് മുൻപ് അതേ തടവറയിൽ കഴിഞ്ഞിരുന്ന ജവഹർലാൽ നെഹ്‌റു നട്ടു വളർത്താൻ തുടങ്ങിയ കുഞ്ഞു പൂന്തോട്ടം അദ്ദേഹം ഏറ്റെടുത്തു പൂർത്തീകരിക്കുകയുണ്ടായി. അടിയുറച്ച ഇസ്ലാം മതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഹിന്ദു മതത്തിന്റെയും ബുദ്ധിസത്തിന്റെയും പ്രാചീനപാരമ്പര്യത്തെ അദ്ദേഹം അതിരറ്റ് ബഹുമാനിച്ചു. ഇസ്ലാമിന്റെ വിശ്വാസധാര അഹിംസയാണ് എന്നാണ് ഗാഫര്‍ ഖാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.പ്രവാചകന്റെ വാക്കുകളെ അദ്ദേഹം സമാധാനവുമായി കൂട്ടിയിണക്കി. അതുകൊണ്ട് തന്നെ ഹിന്ദുവര്‍ഗീയതയെയും ഇസ്ലാം വര്‍ഗീയതയെയും അദ്ദേഹം ഒരുപോലെ വിമര്‍ശിച്ചു.
വര്‍ഗീയലഹളയില്‍ രാജ്യം കത്തിയെരിഞ്ഞപ്പോള്‍ അദ്ദേഹം ഗാന്ധിയോടൊപ്പം ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സമാധാന സന്ദേശവുമായി യാത്ര ചെയ്തു.ദക്ഷിണേഷ്യന്‍ പൊതുബോധത്തില്‍, എക്കാലത്തും അക്രമകാരികളും, പോരാളികളും, പ്രതികാരദാഹികളും ആയി ചിത്രീകരിക്കപ്പെട്ടവരായിരുന്നു പഠാണികള്‍ എന്നോര്‍ക്കണം. പഷ്‌തൂണികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മുല്ലാ ഒമറും താലിബാന്‍ യുദ്ധപ്രഭുക്കളും മാത്രം ഓര്‍മയില്‍ വരുന്ന സമകാലികലോകത്ത് ജീവിതകാലം മുഴുവന്‍ ഇസ്ലാമിനെ അഹിംസയിലൂടെ മാത്രം വ്യാഖ്യാനിക്കാന്‍ ശ്രമിച്ച ബാദ്ഷാഖാന്റെ പൈതൃകം തിരസ്കരിക്കപ്പെട്ടത്തില്‍ അത്ഭുതമില്ല.വാസ്തവത്തില്‍ ഇന്ത്യാ ചരിത്രത്തിലെ ഒരു ദുരന്ത നായകന്‍ ആണ് ബാദ്ഷാ ഖാന്‍. അദ്ദേഹത്തിന്റെ ആത്മകഥയും, രാജ്മോഹന്‍ ഗാന്ധിയും, ഏക്‌നാഥ് ഈശ്വരനും എഴുതിയ ജീവചരിത്രങ്ങളും കണ്ണീരോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും, ഇന്ത്യാവിഭജനം തീരുമാനിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്കു ശേഷമുള്ള അദ്ദേഹത്തിന്റെ അവസ്ഥ ആരുടെയും ഹൃദയമുരുക്കും.
1946 മെയ് മാസാവസാനത്തെ കൊടും ചൂടില്‍, തനിക്കു ഏറെ പ്രിയപ്പെട്ട ജവഹര്‍ലാല്‍ ഇന്ത്യാവിഭജനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രമേയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ വായിച്ചു കഴിഞ്ഞപ്പോള്‍, ഇനിയൊന്നും ചെയാനില്ലെന്നു ഉറപ്പായ ബാദ്ഷാ ഖാൻ ഇടറിയിടറി ഹാളിനു പുറത്തേക്ക് വരികയും പുറത്തെ കോണിപ്പടികളിൽ ഇരുന്നു തലയില്‍ കൈവെച്ചു എന്റെ ദൈവമേ എന്ന് നിശബ്ദമായി കരയുകയും ചെയ്തു. ഇന്ത്യയുടെ ഭൂപടത്തില്‍ എന്നന്നേക്കുമായി ഇല്ലാതെ പോകുന്ന തന്റെ പക്തൂണ്‍ ദേശത്തെ ഓര്‍ത്തുള്ള ‘അതിര്‍ത്തി ഗാന്ധിയുടെ’ ഹൃദയം പൊട്ടിയ കരച്ചില്, പക്ഷെ, ആരും കേട്ടില്ല. അന്ന് രാത്രി, ദില്ലിയിലെ വാല്മീകി കോളനിയിലെ കുഞ്ഞു വീട്ടില്‍ ഇരുന്ന് ഗാന്ധിജിയുടെ കാലുകള്‍ തടവിക്കൊണ്ടിരിക്കവേ, ഇന്ത്യയേയും ബാപ്പുവിനെയും കോണ്‍ഗ്രസ്സിനെയും വിട്ടു അന്യനാട്ടുകാരനായി പോകേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ ഭാവിയെക്കുറിച്ച് അദ്ദേഹം നീറിപ്പുകഞ്ഞത് മനുഗാന്ധി ഡയറിക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. അന്ന് രാത്രി ഗാന്ധിജിയും ഉറങ്ങിയിരുന്നില്ല. എങ്കിലും മരണം വരെ അദ്ദേഹം ഇന്ത്യയെയും കോണ്‍ഗ്രസ്സിനെയും സ്നേഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം 1985ൽ ഇന്ത്യയില്‍ എത്തിയിരുന്നു.
അവസാനമായി എത്തിയത് 1987ല്‍ ഭാരതരത്നം അവാര്‍ഡ് സ്വീകരിക്കാന്‍ ആയിരുന്നു. 1988 ജനുവരി 20നു രാവിലെയാണ് ബാദ്ഷാ ഖാന്‍ പെഷവാറിൽ വെച്ച് മരിച്ചത്. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഭൌതികശരീരം അടക്കിയത് അഫ്ഘാനിസ്ഥാനിലെ ജലാലാബാദിലുള്ള അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിലെ പൂന്തോട്ടത്തില്‍ ആയിരുന്നു. മുജാഹിദ്ദിനുമായുള്ള ഏറ്റുമുട്ടലുകള്‍ കൊണ്ട് അശാന്തമായ അഫ്ഘാനിസ്ഥാന്‍ ആ ഒരൊറ്റ ദിവസം മാത്രം വെടിയൊച്ചകള്‍ കേള്‍പ്പിക്കാതെ സമാധാനത്തിന്റെ പ്രവാചകന് യാത്രാമൊഴി നൽകി. പാക്കിസ്ഥാനും അഫ്ഘാനിസ്താനും അതുവരെ കാണാത്ത അന്ത്യയാത്ര ആയിരുന്നു ബാദ്ഷാ ഖാന്റേത്. രണ്ടുലക്ഷത്തോളം പഷ്ത്തൂണികൾ, പാസ്സ്പോര്‍ട്ടും വിസയും ഒന്നുമില്ലാതെ തന്നെ, ഡ്യുറണ്ട് ലൈന്‍ മുറിച്ചു കടന്നുകൊണ്ട്, ഖൈബര്‍ ചുരവും കയറി അതിര്‍ത്തിഗാന്ധിയുടെ വിലാപയാത്രയിൽ പങ്ക് ചേർന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു. മനുഷ്യരുടെ മഹാസമുദ്രം തന്നെ ബാദ്ഷാ ഖാനെ യാത്രയാക്കാന്‍ വന്നുചേര്‍ന്നു എന്നാണു പാക്കിസ്ഥാനി എഴുത്തുകാരന്‍ കൊരെജോ അക്കാലത്ത് എഴുതിയത്. ഒരുകാലത്ത് അലക്സാണ്ടറും, ഘസ്നിയും, ഘോറിയും ബാബറും, അഹമ്മദ് ഷാ അബ്ദാലിയും ഒക്കെ അക്രമോല്സുകരായി കടന്നുവന്ന അതേ ഖൈബര്‍ ചുരം, നൂറ്റാണ്ടുകൾക്കു ശേഷം സാക്ഷ്യം വഹിച്ച സമാധാനത്തിന്റെ ഒരെയൊരു മഹാസംഗമം ആയിരുന്നു അതിർത്തിഗാന്ധിയുടെ ആ അന്ത്യയാത്ര!